രാജ്യത്തെ പ്രതിനിധീകരിച്ച് ആഷിഫ് ഇക്വഡോറിലേക്ക്
വേങ്ങര: ഇക്വഡോറില്‍ നടക്കുന്ന അന്താരാഷ്ട്ര കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശി റന്‍ഷി മുഹമ്മദ് ആഷിഫ് അരീക്കന്‍ പങ്കെടുക്കും. ഒമാനില്‍ നടന്ന ജി.സി.സി നാഷണല്‍ ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ആഷിഫ് ഇക്വഡോറില്‍ മെയ് 19, 20,21 തിയതികളില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ വിമാനം കയറുന്നത്. ഫിഫ്ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റായ ഈ 36കാരന് ഇതിനകം നിരവധി ടൂര്‍ണമെന്റുകളില്‍ പങ്കെടുത്ത് നേട്ടം കൊയ്തിട്ടുണ്ട്.
എട്ടാം വയസില്‍ യോക്കോകാന് കരാട്ടെ പരിശീലനം തുടങ്ങിയ ആഷിഫ് ഷാവോലിന്‍ കുങ്ഫു ഇന്റര്‍നാഷണലില്‍ പരിശീലനം നടത്തി ബ്ലാക്ക് വെല്‍റ്റ് നേടി. കുഭുഡോ കരാട്ടെയിലും ബ്ലാക്ക് വെല്‍റ്റും ജപ്പാന് ഗോജുറിയു കരാട്ടെയില്‍ ഫോര്‍ത്ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് പട്ടവും നേടിയിട്ടുണ്ട്. മുഹമ്മദ് പാഷയുടെ കീഴില്‍ ഷോട്ടോകോന് കരാട്ടെയില്‍ പത്ത് വര്‍ഷം പരിശീലനം നടത്തി. 1999ല്‍ കാസര്‍കോട് നടന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. അഞ്ചുവര്‍ഷമായി ഒമാനില്‍ നാഷണല്‍ കരാട്ടെ ക്ലബടക്കം വിവിധ ക്ലബുകളിലും സ്കൂളുകളിലും കരാട്ടെ പരിശീലകനായി പ്രവര്‍ത്തിച്ചുവരികയാണ്.
എടക്കാപറമ്പ് അരീക്കന്‍ മുഹമ്മദ്, നെടുമ്പള്ളി നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ ഷബ്ന, മക്കളായ ഹിഷാം റോഷന്, ഹിഷാനാ ഷെറിന്, ഹന്നാ ഷെറിന് എന്നിവരും കരാട്ടെയില്‍ പരിശീലനം നടത്തുന്നുണ്ട്.
കഴിഞ്ഞവര്‍ഷം കാലിക്കറ്റ് യൂനിവേഴ്സിറ്റി കാംപസില്‍ നടന്ന എന്‍.സി.സി ട്രെയ്നിങ് ക്യാംപില്‍ കേഡറ്റുകള്‍ക്ക് സൗജന്യപരിശീലനം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."