സ്‌പോര്‍ട്‌സ് ലോട്ടറിയിലൂടെ 9.35 കോടി രൂപ ലാഭം: ടി.പി ദാസന്‍
കോഴിക്കോട്: കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ സ്‌പോര്‍ട്‌സ് ലോട്ടറിയിലൂടെ 9.35 കോടി രൂപ ലാഭമുണ്ടായതായി മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍. ലോട്ടറിയില്‍ സര്‍ക്കാരിനു നഷ്ടം സംഭവിച്ചതായും അഴിമതി നടന്നുവെന്നുമുള്ള അഞ്ജു ബോബിജോര്‍ജിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്‌പോര്‍ട്‌സ് ലോട്ടറിക്കായി ലോട്ടറി വകുപ്പ് 40 ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത്. അതില്‍ 29,44,798 ടിക്കറ്റുകള്‍ വിറ്റു. വിറ്റവകയില്‍ ആകെ 29,44,82,300 രൂപയാണ് വരവ്. ഇതില്‍ 20,09,69, 847 രൂപ ചെലവായി. അവശേഷിക്കുന്ന 9,35,12,453 കോടി രൂപയാണ് ലാഭമെന്നും ഈ തുകയില്‍ സര്‍ക്കാര്‍ 2007-08 വര്‍ഷത്തില്‍ 10.75 കോടി രൂപ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിനു പദ്ധതി വിഹതിമായി നല്‍കിയെന്നും അദ്ദേഹം വിശദീകരിച്ചു. ലോട്ടറി വിറ്റ വകയില്‍ ഏജന്റ് കമ്മിഷനായി സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 1.15 കോടി രൂപ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ക്രെഡിറ്റ് വ്യവസ്ഥയില്‍ എസ്.ബി.ടിയുടെ ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് പണമിടപാട് നടത്തിയത്. 12,13,360 ടിക്കറ്റുകളാണ് ക്രെഡിറ്റ് വ്യവസ്ഥയില്‍ വിറ്റത്. 12.13 കോടി രൂപ കോടി രൂപയാണ് ഈയിനത്തില്‍ ലഭിക്കേണ്ടത്. എന്നാല്‍, പണം തിരിച്ചടവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വീഴ്ചവരുത്തി. 19 തദ്ദേശ സ്ഥാപനങ്ങള്‍ ഒരു തുക പോലും തിരിച്ചടച്ചില്ല. 124 സ്ഥാപനങ്ങള്‍ മാത്രമാണ് ടിക്കറ്റ് വിലയുടെ 80 ശതമാനം അടച്ചത്. 329 സ്ഥാപനങ്ങളും ടിക്കറ്റ് വിലയുടെ 80 ശതമാനത്തില്‍ താഴെയാണ് അടച്ചത്. 1.35 കോടി രൂപയാണ് ഇത്തരത്തില്‍ തിരിച്ചടയ്ക്കാനുള്ളത്.
വിറ്റഴിക്കാത്ത ലോട്ടറി തിരിച്ചെടുക്കില്ലെന്ന വ്യവസ്ഥയിലാണ് തദ്ദേശസ്ഥാപനങ്ങള്‍ കരാറിലൊപ്പിട്ടത്. ഇടപാടില്‍ വീഴ്ചവരുത്തുന്നപക്ഷം ആ തുക തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫണ്ടില്‍നിന്നു തിരിച്ചുപിടിക്കാന്‍ വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
നാല് സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ 8.87 ലക്ഷവും സ്‌പോര്‍ട്‌സ് അസോസിഷേയനുകള്‍ 5.09 ലക്ഷവും ലോട്ടറി വിറ്റ വകയില്‍ തിരിച്ചടയ്ക്കാനുണ്ടായിരുന്നു. ഈ തുക ഇവര്‍ക്കുള്ള സര്‍ക്കാര്‍ ഗ്രാന്റില്‍നിന്നു പിടിക്കുന്നുണ്ട്. പ്രവാസി മലയാളികളുടെ നാട്ടിലുള്ള നോമിനികള്‍ വഴി ടിക്കറ്റ് വിറ്റ വകയില്‍ 3.5 ലക്ഷം രൂപയായിരുന്നു കുടിശ്ശിക. ഇതില്‍ 1.5 ലക്ഷം ലഭിച്ചു. ബാക്കി രണ്ട് ലക്ഷം രൂപ കിട്ടാനുണ്ട്.
സ്‌പോര്‍ട്‌സ് ലോട്ടറി നടത്തിപ്പില്‍ അഴിമതി നടന്നിട്ടില്ലെന്ന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയായിരുന്ന അബ്ദുല്‍ റസാഖ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ജു ഫയല്‍ പഠിക്കണമാരുന്നു
കോഴിക്കോട്: സ്‌പോര്‍ട്‌സ് ലോട്ടറി വിഷയത്തില്‍ അഞ്ജു ബോബിജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ടി.പി ദാസന്‍. സര്‍ക്കാരിനു സ്‌പോര്‍ട്‌സ് ലോട്ടറിയില്‍നിന്നു ലാഭമാണുണ്ടായതെന്നു വ്യക്തമാക്കിയ അദ്ദേഹം, അഞ്ജുവിനെപ്പോലുള്ളവര്‍ എന്തെങ്കിലും പറയുന്നതിനു മുന്‍പു ഫയല്‍ പഠിക്കണമായിരുന്നെന്നും പറഞ്ഞു.
ടിക്കറ്റിന്റെ ഒന്നാം സമ്മാനം നല്‍കിയില്ലെന്ന പരാതിയിലും കഴമ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാലക്കാട്ടെ തദ്ദേശ സ്ഥാപനം വിറ്റഴിക്കാത്ത ടിക്കറ്റിനാണ് ഒന്നം സമ്മാനമായ രണ്ട് കോടി ലഭിച്ചത്. ഇത് ചെലവഴിക്കുന്നതു സംബന്ധിച്ച് ജീവനക്കാരും ഭരണസമിതിയും തമ്മിലുള്ള തര്‍ക്കം കോടതിയുടെ പരിഗണനയിലാണെന്നും ടി.പി ദാസന്‍ വ്യക്തമാക്കി.
അഞ്ജുവിന്റെ സഹോദരനു ജോലി നല്‍കിയതു മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നു ചൂണ്ടിക്കാട്ടിയ ടി.പി ദാസന്‍, ഭാര്യയെ പരിശീലിപ്പിക്കാന്‍ ഭര്‍ത്താവ് കോച്ചാകുന്ന രീതി അഭികാമ്യമല്ലെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."