റാഗിങ്: നടപടിയെടുക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉറപ്പുനല്‍കിയെന്ന് ചെന്നിത്തല
കോഴിക്കോട്: ഗുല്‍ബര്‍ഗയിലെ അല്ഖമാര് നഴ്സിങ് കോളജില്‍ മലയാളിയായ ദലിത് വിദ്യാര്‍ഥിനി അശ്വതിയെ റാഗ് ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പുനല്‍കിയതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അശ്വതിയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെണ്‍കുട്ടിയില്‍നിന്നു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രിയെയും കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ഫോണില്‍ ബന്ധപ്പെട്ടു. കര്‍ണാടകയില്‍ പഠിക്കുന്ന ഇതരസംസ്ഥാന വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നു കര്‍ണാടക മുഖ്യമന്ത്രിയോട് അദ്ദേഹം അഭ്യര്‍ഥിച്ചു. അശ്വതി ഗ്രാമീണ ബാങ്കില്‍നിന്നെടുത്ത വിദ്യാഭ്യാസവായ്പ എഴുതിത്തള്ളുക, വിദ്യാര്‍ഥിനിക്കു സംസ്ഥാനത്തിനകത്ത് നഴ്സിങ് കോളജില്‍ പഠനത്തിന് അവസരമൊരുക്കുക, ആവശ്യമായ സാമ്പത്തികസഹായം ലഭ്യമാക്കുക എന്നീ ആവശ്യങ്ങളാണു മുഖ്യമന്ത്രി പിണറായി വിജയനോട് ചെന്നിത്തല ഉന്നയിച്ചത്. പരിശോധിച്ചു നടപടിയെടുക്കുമെന്നു പിണറായി ഉറപ്പുനല്‍കി.
ഡി.സി.സി പ്രസിഡന്റ് കെ.സി അബു, യു.ഡി.എഫ് ജില്ലാ ചെയര്മാന് അഡ്വ. പി. ശങ്കരന്, കെ.പി.സി.സി ഭാരവാഹികളായ എന്‍. സുബ്രഹ്മണ്യന്, കെ. ജയന്ത് എന്നിവര്‍ പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."