രണ്ടുവര്‍ഷം വരെ പ്രധാനമന്ത്രിയായി തുടരുമെന്ന് മഹാതീര്‍
ക്വാലാലംപൂര്‍: പ്രധാനമന്ത്രി പദവിയില്‍ രണ്ടുവര്‍ഷം വരെ താന്‍ തന്നെ തുടരുമെന്ന് മഹാതീര്‍ മുഹമ്മദ്. ഇന്ന് ജയില്‍മോചിതനാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രമുഖ രാഷ്ട്രീയ നേതാവ് അന്‍വര്‍ ഇബ്രാഹീമിനുവേണ്ടി അദ്ദേഹം സ്ഥാനമൊഴിയുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഇതു തിരുത്തിയാണ് മഹാതീര്‍ നിലപാട് വ്യക്തമാക്കിയത്.
രണ്ടു വര്‍ഷത്തിനുശേഷം അന്‍വര്‍ ഇബ്രാഹീമിനെ പ്രധാനമന്ത്രിയാക്കുമെന്നാണു സൂചന. അന്‍വറിന്റെ ഭാര്യ വാന്‍ അസീസ വാന്‍ ഇസ്മാഈല്‍ പുതിയ സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയാണ്. തുടക്കത്തില്‍ രണ്ടുവര്‍ഷം വരെ താന്‍ പ്രധാനമന്ത്രിയായി തുടരുമെന്നും ശേഷം അധികാരത്തില്‍നിന്നു മാറിയാലും ഭരണനിയന്ത്രണം തുടരുമെന്നും മഹാതീര്‍ പറഞ്ഞു.
നാല് കക്ഷികള്‍ അടങ്ങിയ മുന്നണി കഴിഞ്ഞ ബുധനാഴ്ച നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം പതിറ്റാണ്ടുകളായി മലേഷ്യയില്‍ അധികാരം കൈയാളുന്ന ബാരിസന്‍ നാഷനല്‍ പാര്‍ട്ടിയെ താഴെയിറക്കിയാണ് മുതിര്‍ന്ന രാഷ്ട്രീയ നേതാവ് മഹാതീര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ മുന്നണി ചരിത്രമെഴുതിയത്. സര്‍ക്കാരില്‍ അന്‍വര്‍ ഇബ്രാഹീമിന്റെ പീപ്പിള്‍സ് ജസ്റ്റിസ് പാര്‍ട്ടി (പി.കെ.ആര്)ക്കാണു കൂടുതല്‍ അംഗങ്ങളുള്ളത്. മുന്നണി നേടിയ 113 സീറ്റുകളില്‍ 48ഉം പി.കെ.ആറിന്റേതാണ്. ഡെമോക്രാറ്റിക് ആക്ഷന്‍ പാര്‍ട്ടി 42ഉം മഹാതീറിന്റെ ബെര്‍സാതു പാര്‍ട്ടി 12ഉം അമാനാ പാര്‍ട്ടി 11ഉം സീറ്റുകളാണ് സ്വന്തമാക്കിയത്. ഇതിനിടെ, മന്ത്രിസഭാ പ്രാതിനിധ്യത്തെച്ചൊല്ലി അന്‍വര്‍ ഇബ്രാഹീമിന്റെയും മഹാതീറിന്റെയും പാര്‍ട്ടി അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."