കോഴിച്ചാലിലെ മോഷണം: പതിനേഴുകാരന് പിടിയില്‍
ചെറുപുഴ: കഴിഞ്ഞദിവസം കോഴിച്ചാല്‍ ടൗണിലെ വ്യാപാരസ്ഥാപനങ്ങളും പള്ളിയിലെ നേര്‍ച്ചപ്പെട്ടിയും തകര്‍ത്ത് മോഷണം നടത്തുകയും പലചരക്ക് കടക്ക് തീയിടുകയും ചെയ്ത കേസില്‍ പതിനേഴുകാരനെ ചെറുപുഴ പോലിസ് പിടികൂടി. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ രാജഗിരി ടൗണില്‍ നിന്നാണ് പതിനേഴുകാരന് പിടിയിലായത്. പൊലിസ് രാജഗിരി ടൗണില്‍ സംശയാസ്പദമായ നിലയില്‍ ഒരു ബൈക്ക് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ പൊലിസിനെ കണ്ട് മറഞ്ഞിരിക്കുകയായിരുന്ന ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കോഴിച്ചാലില്‍ മോഷണം നടത്തിയ കാര്യം സമ്മതിച്ചത്. തെളിവ് നശിപ്പിക്കുന്നതിനാണ് പലചരക്ക് കടക്ക് തീയിട്ടതെന്നും പ്രതി വെളിപ്പെടുത്തി. ചെറുപുഴ എസ്.ഐ പി സുകുമാരന്‍, എ.എസ്.ഐമാരായ എന്‍.പി ജോണ്‍, കെ.ഡി ഫ്രാന്‍സിസ്, സിവില്‍ പൊലിസ് ഓഫിസര്‍ മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മോഷണക്കേസിന് തുമ്പുണ്ടായത്. പ്രതിയെ തലശ്ശേരി ജുവനൈല്‍ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."