ഹോട്ടലുടമയെ മര്‍ദിച്ച് പൂട്ടിയിട്ട സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ കേസ്
പയ്യന്നൂര്‍: പയ്യന്നൂരിലെ സിറ്റി ഡൈന്‍ ഹോട്ടലുടമയും തമിഴ്നാട് സ്വദേശിയുമായ പി. സുബ്രഹ്മണ്യ(44)നെ വാടക ക്വാര്‍ട്ടേര്‍സില്‍ മര്‍ദിച്ച് പൂട്ടിയിട്ട സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. തായിനേരി പള്ളിഹാജി റോഡിലെ സലീം ക്വാര്‍ട്ടേര്‍സ് ഉടമ ഇബ്രാഹിം, തായിനേരി സ്വദേശിയും ഇബ്രാഹിമിന്റെ സഹായിയുമായ സലാം എന്നിവര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തത്. വാടക പ്രശ്നമാരോപിച്ച് ക്വാര്ട്ടേര്സില്നിന്ന് താമസം മാറണമെന്നു പറഞ്ഞായിരുന്നു ക്വാര്‍ട്ടേര്‍സ് ഉടമയും സഹായിയും സുബ്രഹ്മണ്യനെ മര്‍ദിച്ച് പൂട്ടിയിട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി പൂട്ട് പൊളിച്ച് സുബ്രഹ്മണ്യനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സുബ്രഹ്മണ്യനും കുടുംബവും ഒരു മാസം മുമ്പേ നാട്ടിലേക്ക് പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ ക്വാര്‍ട്ടേഴ്സിന്റെ പൂട്ട് പൊളിച്ച നിലയില്‍ കാണപ്പെട്ടു. കൂടുതല്‍ പരിശോധനയില്‍ സുബ്രഹ്മണ്യന്റെ ഗൃഹോപകരണങ്ങളും ക്വാര്‍ട്ടേര്‍സില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപയും രണ്ട് പവന്റെ മാല, പാസ്പോര്‍ട്ട്, ആധാര്‍ തുടങ്ങിയവയും നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്ന് രണ്ടുലക്ഷം രൂപ നഷ്ടം കണക്കാക്കി സുബ്രഹ്മണ്യന് പൊലിസില്‍ പരാതി നല്‍കിയിരുന്നു.
പയ്യന്നൂരില്‍ 20 വര്‍ഷത്തിലേറെയായി ഹോട്ടല്‍ നടത്തിവരികയാണ് സുബ്രഹ്മണ്യന്. ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ എക്സിക്യൂട്ടിവ് അംഗമായ സുബ്രഹ്മണ്യനെ മര്‍ദിച്ചതില്‍ അസോസിയേഷന് പ്രതിഷേധിച്ചു. സുബ്രഹ്മണ്യന് തന്നെ മര്‍ദിച്ചതായുള്ള ക്വാര്‍ട്ടേര്‍സ് ഉടമയുടെ പരാതിയില്‍ പൊലിസ് സുബ്രഹ്മണ്യനെതിരേയും കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."