അടച്ചുപൂട്ടല്‍ ഭീഷണിയില്‍ അങ്കണവാടികള്‍
കാക്കനാട്: പ്രീ സ്‌കൂള്‍ ഭ്രമത്തില്‍ ജില്ലയിലെ അങ്കണവാടികള്‍ പ്രതിസന്ധിയില്‍. പൊതുവിദ്യാലയങ്ങളുടേതിന് സമാനമായ അടച്ചുപൂട്ടല്‍ ഭീഷണിയാണ് കുട്ടികളില്ലാത്തതിനാല്‍ പല അങ്കണവാടികളും നേരിടുന്നത്. ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെയും നേഴ്‌സറികളുടെയും അനിയന്ത്രിത കടന്നുവരവാണ് സാമൂഹ്യവല്‍ക്കരണത്തിന്റെ ആദ്യ കേന്ദ്രമായ അങ്കണവാടികളെ തളര്‍ത്തുന്നത്. നഗരപ്രദേശങ്ങളിലാണ് കുട്ടികളുടെ കുറവ് ഏറ്റവും പ്രകടം. അങ്കണവാടികളിലെ പഠനശേഷമാണ് കുട്ടികള്‍ പൊതുവിദ്യാലങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം നേടിയിരുന്നത്. എന്നാല്‍ ഇന്ന് ഹൈടെക് നഴ്‌സറി സ്‌കൂളും പ്‌ളേസ്‌കൂളും വന്നതോടെ കുട്ടികള്‍ അവിടേയ്ക്കു മാറി.
സൗജന്യ പഠനത്തിന് പകരം നേഴ്‌സറികളില്‍ ഒരു കുട്ടിക്ക് മാസം 500 മുതല്‍ 1000 രൂപവരെ ചെലവഴിക്കേണ്ടി വരും. അങ്കണവാടികളിലെത്തുന്ന കുട്ടികളുടെ ആരോഗ്യക്ഷമതയും ആശയവിനിമയവും പതിന്മടങ്ങ് മെച്ചമാണെന്ന് അടുത്തിടെ നടത്തിയ പഠനം കണ്ടെത്തിയിരുന്നു. എന്നാല്‍ ഹൈടെക് നഴ്‌സറി സ്‌കൂളും പ്‌ളേസ്‌കൂളും ഗ്രാമങ്ങളില്‍ പോലും തുറക്കുന്ന ഈ കാലഘട്ടത്തില്‍ കൃത്യമായ ഒരു പാഠ്യപദ്ധതി പോലും ഇല്ലാതെ തികച്ചും അനാകര്‍ഷകമാക്കുകയുമാണ് അങ്കണവാടികള്‍.43 ഡിവിഷനുകളുള്ള തൃക്കാക്കര നഗരസഭയില്‍ 42 വാര്‍ഡുകളിലായി 59 അങ്കണവാടികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഇരുപത്തിമൂന്നോളം അങ്കണവാടികള്‍ വാടക കെട്ടിടങ്ങളിലുമാണ്. 41ാം ഡിവിഷന്‍ തോപ്പില്‍ സൗത്ത് അങ്കണവാടി ഇല്ലാത്ത തൃക്കാക്കരയിലെ ഏക വാര്‍ഡ്. അധ്യാപികമാര്‍ മിക്കവാറും സമയങ്ങളില്‍ അങ്കണവാടികളില്‍ ഉണ്ടാവാറില്ല എന്നതാണ് യഥാര്‍ഥ്യം.
നാട്ടില്‍ ഒരിക്കലും തീരാത്ത സര്‍വേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏല്‍പ്പിക്കുന്ന ചില പണികളുമായി എപ്പോഴും തിരക്കിലായിരിക്കും. ഏറ്റവും കൂടുതല്‍ പരിചരണവും ശ്രദ്ധയും ലഭിക്കേണ്ട ബാല്യങ്ങളെ അശ്രദ്ധയോടെ കൈകാര്യം ചെയ്യാന്‍ ഇത് ഇടയാക്കുന്നു. ചില തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഇടപെടലാല്‍ ചുരുക്കം ചില അങ്കണവാടികളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളില്‍ ഫിറ്റ്‌നസ് പരിശോധന നടക്കുന്നില്ലെന്നും പല അങ്കണവാടികളും അത്യന്തം അപകടകരമായ അവസ്ഥയിലുള്ള കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ലോക്കല്‍ ഫണ്ട് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
സ്വന്തമായി കെട്ടിടമുള്ളതോ സര്‍ക്കാറിന്റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ അധീനതയിലുള്ള സ്ഥാപനങ്ങളിലോ പ്രവര്‍ത്തിച്ചുവരുന്ന അങ്കണവാടികളുടെ വാര്‍ഷിക അറ്റകുറ്റപ്പണി എല്ലാ വര്‍ഷവും ഏപ്രില്‍, മെയ് മാസങ്ങളില്‍ ചെയ്യണമെന്ന നിര്‍ദേശം ബന്ധപ്പെട്ട മിക്ക തദ്ദേശസ്ഥാപനങ്ങളും പാലിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."