തിടനാട് പഞ്ചായത്തില്‍ അവിശ്വാസം പാസായി
ഈരാറ്റുപേട്ട: തിടനാട് പഞ്ചായത്ത് പ്രസിഡന്റ് കേരള കോണ്‍ഗ്രസ് (എം) ലെ മിനി സാവിയോ, വൈസ് പ്രസിഡന്റ് കോണ്‍ഗ്രസിലെ ബിനോ ജോസഫ് എന്നിവര്‍ക്കെതിരേ ജനപക്ഷവും കോണ്‍ഗ്രസിലെ എ ഗ്രൂപ്പും സി.പി.ഐയും ചേര്‍ന്ന് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങളും കേരളാ കോണ്‍ഗ്രസിലെ(എം)രണ്ട്അംഗങ്ങളും ജനപക്ഷം മൂന്ന് അംഗങ്ങളും സി.പി.ഐയിലെ ഒരംഗവും അവിശ്വാസത്തെ അനുകൂലിച്ചു.
ആറ് പഞ്ചായത്തംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. 14 അംഗ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് നാല്, കോണ്‍ഗ്രസ് നാല്, ജനപക്ഷം മൂന്ന്, സി.പി.എം, സി.പി.ഐ, ബി.ജെ.പി എന്നിവര്‍ക്ക് ഓരോന്നു വീതം അംഗങ്ങളാണുള്ളത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌പോരാണ് അവിശ്വാസത്തില്‍ കലാശിച്ചത്. ഐ വിഭാഗക്കാരനായ ബിനോ ജോസഫിന് ആദ്യ രണ്ടുവര്‍ഷം വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാനായിരുന്നു കോണ്‍ഗ്രസിലെ ധാരണ. തുടര്‍ന്ന് ഒരുവര്‍ഷം എ ഗ്രൂപ്പിലെ സുരേഷ് കുമാര്‍ കാലായിലിനും അവസാന രണ്ടുവര്‍ഷം കേരള കോണ്‍ഗ്രസിനുമാണ് കാലാവധി നിശ്ചയിച്ചത്.
എന്നാല്‍ കാലാവധി കഴിഞ്ഞും ബിനോ രാജിവച്ചില്ല. വൈസ് പ്രസിഡന്റിനു സംരക്ഷണമൊരുക്കിയതാണ് പ്രസിഡന്റ് മിനി സാവിയോയ്‌ക്കെതിരേ അവിശ്വാസം വരാന്‍ ഇടയാക്കിയത്.
കേരളാകോണ്‍ഗ്രസിലെ (എം)ലെ സാബു പ്ലാത്തോട്ടവും ഉഷാശശിയും പ്രസിഡന്റ് മിനി സാവിയോയ്‌ക്കെതിരേ രംഗത്ത് വന്നിരുന്നു. ഇവര്‍രണ്ടുപേരും പഴയ ജോസഫ് ഗ്രൂപ്പ് കാരാണ്.
അച്ചടക്ക ലംഘനത്തിനു കോണ്‍ഗ്രസിലെ വൈസ് പ്രസിഡന്റ് ബിനോ ജോസഫ്, പത്താം വാര്‍ഡംഗം ജോമോന്‍ മണ്ണൂര്‍ എന്നിവരെ പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനിടെ അവിശ്വാസത്തില്‍ പങ്കെടുക്കേണ്ടെന്നു കാണിച്ച് കേരള കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ക്കു ജില്ലാ പ്രസിഡന്റ് വിപ്പ് നല്‍കി.
രണ്ടുപേര്‍ മാത്രമാണ് വിപ്പ് കൈപ്പറ്റിയത്. കേരള കോണ്‍ഗ്രസ് (എം) വിപ്പ് ലംഘിച്ച സാബു പ്ലാത്തോട്ടത്തിനെതിരേയും ഉഷാ ശശിക്കെതിരേയും ഇലക്ഷന്‍ കമ്മിഷനില്‍ പരാതി നല്‍കുമെന്ന് മണ്ഡലം പ്രസിഡന്റ് എ.ടി തോമസ് അറിയിച്ചു.
പൂഞ്ഞാറില്‍ മാണി ഗ്രൂപ്പ് പിളര്‍പ്പിലേക്ക്
ഈരാറ്റുപേട്ട: തിടനാട് ഗ്രാമപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗക്കാരിയായ പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കാന്‍ കോണ്‍ഗ്രസിനെ അനുകൂലിച്ചത് പഴയ ജോസഫ് ഗ്രൂപ്പുകാര്‍.
പ്രസിഡന്റിനെ പുറത്താക്കാന്‍ ആംഗങ്ങള്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് വോട്ടുചെയ്തു. മാണി ഗ്രൂപ്പിലെ ജോസഫ് ഗ്രൂപ്പുകാരനായ സാബു പ്ലാത്തോട്ടവും ഉഷാ ശശിയുമാണ് പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് കോണ്‍ഗ്രസിന് അനുകൂലമായി വോട്ട്‌ചെയ്തത്.
എന്നാല്‍ ആഴ്ചകള്‍ക്ക് മുന്‍പേ ഇരുവരുടെയും നീക്കങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണെന്ന് മനസിലാക്കിയ മാണിയുടെ മണ്ഡലം പ്രസിഡന്റും മറ്റും കെ.എം മാണിയെയും മറ്റു നേതാക്കളെയും നേരില്‍ക്കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. ഇത് കെ.എം മാണി പി.ജെ ജോസഫുമായി സംസാരിക്കുകയും മോന്‍സ് ജോസഫിനോട് ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടാനും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മോന്‍സ് ജോസഫ് സാബുവിന്റ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് മാണി ഗ്രൂപ്പ് നേതാക്കള്‍ ആരോപിച്ചു. വരും ദിവസങ്ങളില്‍ തിടനാട്ടും പൂഞ്ഞാര്‍ മണ്ഡലത്തിലും മാണി ജോസഫ് ഉള്‍പ്പോര് രൂക്ഷമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."