മിഷേലിന്റെ മരണം: ഫോണിനായി കൊച്ചി കായലില്‍ തിരച്ചില്‍ നടത്തും
കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുന്നതിന് കൊച്ചി കായലില്‍ മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ച് തിരച്ചില്‍ നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു.
നേവിയിലെ മുങ്ങല്‍ വിദഗ്ധരുടെ സഹായം ലഭിക്കുന്നില്ലെങ്കില്‍ സ്വകാര്യ മുങ്ങല്‍ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്താനാണ് നീക്കം. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. അടുത്ത ദിവസം തന്നെ കായലില്‍ തിരച്ചില്‍ നടക്കുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഗോശ്രീ പാലത്തില്‍ നിന്ന് മിഷേല്‍ കായലില്‍ ചാടിയെന്ന് കരുതുന്ന ഭാഗത്തായിരിക്കും തിരച്ചില്‍ നടത്തുക. ആഴം കൂടിയ ഈ ഭാഗത്ത് മൊബൈല്‍ ഫോണ്‍ കായലില്‍ വീണാലും കണ്ടെടുക്കുക എളുപ്പമാകില്ല. ഒഴുക്കുള്ളതിനാല്‍ ഫോണ്‍ വീണ സ്ഥലത്ത് ഇത് കാണാനും സാധ്യത കുറവാണ്. എങ്കിലും ഈ കേസില്‍ ഒരു സാധ്യതയും വിട്ടുകളയേണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
മിഷേല്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങി ഇടത്തോട്ട് നടന്ന ശേഷം രണ്ട് മിനുട്ടിനുള്ളില്‍ തെക്കോട്ട് നടന്നു പോയത് ബൈക്കില്‍ വന്ന ആരെയോ കണ്ട് ഭയന്നിട്ടാണെന്ന സംശയം നിലിനില്‍ക്കുന്ന സാഹചര്യത്തില്‍ ബൈക്ക് യാത്രക്കാരനെ കണ്ടെത്തി ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് ശ്രമിക്കുന്നുണ്ട്. ഇതിനായി പള്ളിക്ക് വടക്കുഭാഗത്തേക്കുള്ള റോഡിന് സമീപമുള്ള സി.സി.ടി.വി കാമറകള്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നുണ്ട്. ബൈക്കിന്റെ നമ്പരുള്ള ദൃശ്യം ലഭിച്ചാല്‍ ഉടമയെ കണ്ടെത്തി ചോദ്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഗോശ്രീ റോഡിലൂടെ പെണ്‍കുട്ടി നടന്നു പോകുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ക്കായി ഇവിടെയുള്ള ഫ്‌ളാറ്റുകളിലെയും മറ്റും സി.സി.ടി.വി കാമറകളും പരിശോധിക്കുന്നുണ്ട്.
അതിനിടെ, ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള ക്രോണിന്‍ അലക്‌സാണ്ടറിനെ തെളിവെടുപ്പിനായി ഛത്തീസ്ഗഡില്‍ കൊണ്ടു പോകാനുള്ള നീക്കം സുരക്ഷാ കാരണങ്ങളാല്‍ ക്രൈംബ്രാഞ്ച് ഉപേക്ഷിച്ചു. ക്രോണിന്റെ മാനസികാവസ്ഥ കൂടി കണക്കിലെടുത്താണ് തീരുമാനം. ദൂരയാത്രക്കിടെ പ്രതി എന്തെങ്കിലും കടുംകൈ ചെയ്യാന്‍ മുതിര്‍ന്നാല്‍ കാര്യങ്ങള്‍ കുടുതല്‍ വഷളാകുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആശങ്ക.
ക്രോണിനെ കൂടാതെ അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥരെ ഛത്തീസ്ഗഡില്‍ അയച്ച് പ്രതി ജോലി ചെയ്തുവന്ന സ്ഥാപനത്തില്‍ പരിശോധന നടത്തും. ഇതിനായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉടന്‍ ഛത്തീസ്ഗഡിലേക്ക് തിരിക്കും. ക്രോണിനെ അടുത്ത ദിവസം തന്നെ ഇയാളുടെ വീട്ടില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ലോക്കല്‍ പൊലിസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുത്തവരില്‍ നിന്ന് ക്രൈംബ്രാഞ്ച് വീണ്ടും മൊഴിയെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."