നിയമസഭാ സമ്മേളനം ജൂണ്‍ നാലു മുതല്‍
തിരുവനന്തപുരം: നിയമസഭാസമ്മേളനം ജൂണ്‍ 4 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍
- തൊഴില്‍നയം മന്ത്രിസഭ അംഗീകരിച്ചു
കേരളത്തെ തൊഴിലാളി സൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന പുതിയ തൊഴില്‍നയം മന്ത്രിസഭ അംഗീകരിച്ചു.
തൊഴില്‍മേഖലകളിലെ അനാരോഗ്യപ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നയം വ്യക്തമാക്കുന്നു. തൊഴില്‍ തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് നല്ല തൊഴിലാളിതൊഴിലുടമ ബന്ധം ഉറപ്പാക്കും. ചുമട്ടുതൊഴിലാളി ക്ഷേമപദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഗാര്‍ഹിക തൊഴിലാളികളുടെ ജോലിക്കും സംരക്ഷണത്തിനുമായി പ്രത്യേക ലേബര്‍ ബാങ്ക് രൂപീകരിക്കും. ചെയ്യാത്ത ജോലിക്ക് കൂലിവാങ്ങുന്ന പ്രവണത അവസാനിപ്പിക്കും. മിന്നല്‍ പണിമുടക്കുകള്‍ നിരുല്‍സാഹപ്പെടുത്തും. കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ തൊഴില്‍ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇടപെടും. സ്ത്രീ തൊഴിലാളികള്‍ക്ക് നിയമപ്രകാരമുളള ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തും. ഇവയാണ് നയത്തിലെ പ്രധാന നിര്‍ദേശങ്ങള്‍.
കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് ആക്ട് (2000) ഭേദഗതി ചെയ്യുന്നതിനുളള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. ഇതനുസരിച്ച് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പത്തുവര്‍ഷത്തില്‍ കൂടുതല്‍ സ്ഥാനം വഹിക്കാന്‍ കഴിയില്ല. 70 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അംഗമായി തുടരാന്‍ പാടില്ല. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ രൂപീകരണവും പ്രവര്‍ത്തനവും കൂടുതല്‍ ജനാധിപത്യപരമാക്കാന്‍ ഉദ്ദേശിച്ചാണ് ഭേദഗതി കൊണ്ടുവരുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ടികള്‍, രജിസ്റ്റര്‍ ചെയ്ത സാമൂഹ്യസംഘടനകള്‍ എന്നിവയുടെ ഓഫീസുകള്‍ക്കും മറ്റ് വസ്തുവകകള്‍ക്കും നാശം വരുത്തുന്നതിനുമുളള ശിക്ഷ കൂടുതല്‍ കര്‍ക്കശമാക്കുന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലും ക്രിമിനല്‍ നടപടിച്ചട്ടത്തിലും ഭേദഗതി കൊണ്ടുവരാനുളള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എതിരെ വൈരാഗ്യപൂര്‍വ്വം ആക്രമണം നടത്തിയെന്നു തെളിഞ്ഞാല്‍ മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ് ഭേദഗതി നിര്‍ദേശങ്ങളില്‍ ഒന്ന്. മാരകമായ പരിക്കുകള്‍ ഏല്‍പ്പിച്ചുവെന്ന് തെളിഞ്ഞാല്‍ പത്തുവര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കും. രാഷ്ട്രീയ പാര്‍ടികളുടെയും സന്നദ്ധസംഘടനകളുടെയും വസ്തുവകകള്‍ നശിപ്പിച്ചാല്‍ അഞ്ചുവര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാക്കിയാലും അഞ്ചുവര്‍ഷവരെ തടവ് ശിക്ഷ ലഭിക്കും. എല്ലാ കേസുകളിലും പിഴ ഈടാക്കാനും കരട് ബില്ലില്‍ വ്യവസ്ഥയുണ്ട്.
- ധനകാര്യകമ്മീഷന്‍
പതിനഞ്ചാം ധനകാര്യ കമ്മീഷന് സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ നിവേദനത്തിലെ നിര്‍ദേശങ്ങളും ശുപാര്‍ശകളും മന്ത്രിസഭ അംഗീകരിച്ചു. കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിലെ പല നിര്‍ദേശങ്ങളും സംസ്ഥാനത്തിന് ആശങ്ക ഉളവാക്കുന്നതാണ്. നികുതി വിഭജനം 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി നടത്തണമെന്ന നിര്‍ദേശം കേരളത്തിന് ദോഷകരമാണ്. അതിനാല്‍ 1971ലെ സെന്‍സസ് പ്രകാരം നികുതി വിഭജനം നടത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. 14ാം ധനകാര്യകമ്മീഷന്‍ കേരളത്തിന് ശുപാര്‍ശ ചെയ്ത നികുതി വിഹിതത്തില്‍ കുറവ് വരാത്ത രീതിയില്‍ നികുതി വിഭജന മാനദണ്ഡം സ്വീകരിക്കേണ്ടതാണ്. റവന്യൂ കമ്മി നികത്തുന്നതിന് ഗ്രാന്റ് നല്‍കുന്നതിനുളള വ്യവസ്ഥ പുനഃപരിശോധിക്കാനുളള നിര്‍ദേശം നടപ്പായാല്‍ സംസ്ഥാനത്തിന്റെ മൂലധനവികസന ചെലവുകള്‍ വെട്ടിച്ചുരുക്കേണ്ടി വരും. അതിനാല്‍ ആ നിര്‍ദേശം പിന്‍വലിക്കണം.
സംസ്ഥാനങ്ങള്‍ക്ക് വിഭജിച്ചുനല്‍കുന്ന കേന്ദ്രനികുതി വിഹിതം 42 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെടും. ധനക്കമ്മി സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 3 ശതമാനമായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ധനക്കമ്മി ജി.എസ്.ഡി.പിയുടെ 1.7 ശതമാനമായി നിജപ്പെടുത്താനുളള ശുപാര്‍ശ കേരളത്തിന് ദോഷം ചെയ്യും. അതിനാല്‍ നിലവിലുളള നിയമത്തില്‍ ഒരു മാറ്റവും വരുത്തരുത്.
തീരസംരക്ഷണം, റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം, വനസംരക്ഷണം, തിരിച്ചുവരുന്ന പ്രവാസികളുടെ ക്ഷേമത്തിനുളള പദ്ധതികള്‍, നൈപുണ്യവികസനം എന്നിവയ്ക്ക് പ്രത്യേക ഗ്രാന്റ് നല്‍കണമെന്നും സംസ്ഥാനം ആവശ്യപ്പെടും.
ലൈഫ് മിഷന്‍: 4000 കോടി രൂപ വായ്പയെടുക്കാന്‍ അനുമതി
ലൈഫ് മിഷന്റെ ഭാഗമായി നടപ്പാക്കുന്ന സമ്പൂര്‍ണ്ണ ഭവന പദ്ധതിയ്ക്കു വേണ്ടി ഹഡ്‌കോയില്‍ നിന്ന് 4000 കോടി രൂപ വായ്പയെടുക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. കെ.യു.ആര്‍.ഡി.എഫ്.സി മുഖേനയാണ് വായ്പയെടുക്കുന്നത്.
ആരോഗ്യകുടുംബക്ഷേമ വകുപ്പ്
ആര്‍ദ്രം പദ്ധതിക്കുവേണ്ടി 17 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ 24 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി പോലീസ് വകുപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദിവാസി ഉദ്യോഗാര്‍ത്ഥികളുടെ നല്‍കേണ്ട ബോണ്ടു തുകയും ജാമ്യവ്യവസ്ഥയും ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവിലുളള ചട്ടപ്രകാരം പോലീസില്‍ നിയമനം ലഭിക്കുന്ന പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ 25000 രൂപയുടെ ബോണ്ടും രണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജാമ്യവും നല്‍കേണ്ടതുണ്ട്. ഈ വ്യവസ്ഥകള്‍ക്ക് ആദിവാസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രയാസമുണ്ടാക്കുന്നു എന്നത് കണക്കിലെടുത്താണ് ഇളവ് നല്‍കാന്‍ തീരുമാനിച്ചത്.
മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതം
മാന്‍ഹോളും സെപ്റ്റിക് ടാങ്കും വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അഞ്ചുപേരുടെ കുടുംബാംഗങ്ങള്‍ക്ക് പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. പൂക്കാട്ടുപറമ്പില്‍ സുബ്രഹ്മണ്യന്‍, കളപറമ്പ് കെ.കെ. വേണു (എറണാകുളം), നടക്കുമ്പുറത്ത് പി.വി. രാധ (ചേന്നമംഗലം), കങ്ങരപ്പടി പല്ലങ്ങാട്ടുമുകള്‍ അശോകന്‍, തെക്കേത്തുറാവ് ദേശം ഷണ്‍മുഖന്‍ (തൃശ്ശൂര്‍) എന്നിവരുടെ ആശ്രിതര്‍ക്കാണ് ധനസഹായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."