മഴ കനത്തതോടെ പഴ വിപണിയില്‍ മാന്ദ്യം
ചങ്ങരംകുളം: മഴ കനത്തതോടെ മലബാറില്‍ ഫ്രൂട്‌സ് വിപണിയില്‍ മാന്ദ്യം. റമദാന്‍ വിപണി പ്രതീക്ഷിച്ചു വിപണിയിലെത്തിയ പഴവര്‍ഗങ്ങളിലും പലതിനും ഡിമാന്‍ഡില്ല. എന്നാല്‍ മാങ്ങയും തണ്ണിമത്തനും നല്ല രീതിയില്‍ വിറ്റുപോകുന്നുണ്ടെന്നു കച്ചവടക്കാര്‍ പറയുന്നു. നോമ്പ് തുറക്കാന്‍ ഫ്രൂട്‌സ് തയ്യാറാക്കുമ്പോള്‍ ഒഴിവാക്കാന്‍ കഴിയാത്ത ഇനങ്ങളാണ് തണ്ണിമത്തനും മാങ്ങയും.
40 രൂപ മുതല്‍ 80 രൂപ വരെയാണ് വിപണിയില്‍ മാങ്ങയുടെ വില. നീലന്‍, സിന്ദൂരം, റൂമാനിയ, മല്ലിക, വെങ്ങനപ്പള്ളി, തുടങ്ങിയ പ്രധാന ഇനങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. തണ്ണിമത്തന് 20 മുതല്‍ 25 വരെയാണു വില. നാടന്‍ തണ്ണിമത്തനേക്കാള്‍ കൂടുതല്‍ നല്ല മധുരമുളള ഇറാനി മത്തനാണു വില്‍പ്പനയില്‍ മുന്നില്‍.
അതേസമയം പിയേഴ്‌സ്, കിവി, റംബുട്ടാന്‍, മാംഗോസ്റ്റിന്‍, ലിച്ചി, കജൂര്‍ എന്നിവയുടെ വില വര്‍ധനവു കാരണം സാധാരണക്കാര്‍ക്കു വാങ്ങാന്‍ കഴിയുന്നില്ല. നിരവധി രാജ്യങ്ങളില്‍ നിന്നാണ് ആപ്പിളുകള്‍ എത്തുന്നത്. അമേരിക്ക,നൃൂസിലന്റ്, ചിലി, ഇറ്റലി, ഇറാനി, ഫിജി, ബ്രസീല്‍, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന ആപ്പിളുകളും വിലയില്‍ സാധാരണക്കാര്‍ക്കു കൈപ്പിടിയില്‍ ഒതുങ്ങുന്നതല്ല. 120 മുതല്‍ 240 രൂപ വരെയാണ് ആപ്പിളുകളുടെ വില.
ഓറഞ്ചിനു വലിയ വില കൊടുത്താലും മധുരമുള്ളതു കിട്ടാനില്ലെന്നതാണ് അവസ്ഥ. മുന്തിരി പല ഐറ്റങ്ങള്‍ ഉണ്ടെങ്കിലും ആവശ്യക്കാര്‍ കുറവാണ്. പേരക്കയും അനാറും സബര്‍ജല്ലിയും പ്‌ളംസും എല്ലാം കൂടിയാവുമ്പോള്‍ നോമ്പ് തുറക്കാനുള്ള പഴവര്‍ഗങ്ങളാകും.
എന്നാല്‍ ഇതൊക്കെ ഇപ്പോള്‍ ഇഫ്താര്‍ പാര്‍ട്ടികളില്‍ മാത്രമൊതുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."