നീരയ്ക്ക് ഇനി ഒറ്റ രുചി
തിരുവനന്തപുരം: കേരളത്തില്‍ ഇനി ഒറ്റ രുചിയിലും ഗുണനിലവാരത്തിലും നീര ലഭിക്കും. ഓരോ സംഘവും ഓരോ ടെക്‌നോളജി ഉപയോഗിച്ചാണ് നീര ഉല്‍പാദിപ്പിക്കുന്നത്. ഗുണനിലവാരവും പലത്. വിറ്റഴിക്കുന്നതാകട്ടെ പല പേരിലും. ഇത് ഒഴിവാക്കി ഒറ്റബ്രാന്‍ഡിലും ഗുണത്തിലും ഇനി നീര പുറത്തിറക്കും.
ഇതിനായി സര്‍ക്കാര്‍ രണ്ട് വിദഗ്ധസമിതികളെ നിയോഗിച്ചു. നീരയുടെ നിറം, ഗുണനിലവാരം,രുചി, കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ചേരുവകള്‍ എന്നിവ സംബന്ധിച്ച പൊതുമാനദണ്ഡങ്ങള്‍ തയാറാക്കുന്നതിനായി ഡോ.ഹെബ്ബാര്‍, ഡോ. സുജാത, ശ്രീകുമാര്‍ പൊതുവാള്‍ എന്നിവരടങ്ങിയ കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചു.
ഇതിനു പുറമേ, നീരയെ ഒരു പൊതു ബ്രാന്‍ഡ് നാമത്തില്‍ വിപണിയിലിറക്കുക എന്ന ലക്ഷ്യത്തോടെ നാമകരണത്തിനായി,ഡോ.ഹെബ്ബാര്‍, ഡോ.സുജാത, ദീപ്തി മാരാര്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളുടെ പ്രതിനിധികളായ വിനോദ്കുമാര്‍, ജോര്‍ജ് സുബ്രഹ്മണ്യം (സംസ്ഥാന നാളികേര വികസന കോര്‍പറേഷന്‍),മാത്യു(കേര ഫെഡ്) എന്നിവരടങ്ങിയ മറ്റൊരു കമ്മിറ്റിയും രൂപീകരിച്ചു.
ഒരു മാസത്തിനകം ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ഈ മാസം 22ന് രാവിലെ കമ്മിറ്റിയുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. ഒരേ ടെക്‌നോളജിയില്‍ ഉല്‍പാദിപ്പിക്കുന്ന നീരയുടെ വില്‍പന കൂട്ടാന്‍ സര്‍ക്കാര്‍ തന്നെ പ്രചാരണം ഏറ്റെടുക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. നീരയുടെ വിപണനം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തന്നെ പരസ്യം നല്‍കും. നീര ടെക്‌നീഷന്‍മാര്‍ക്ക് കോക്കനട്ട് ഡെവലപ്പ്‌മെന്റ് ബോര്‍ഡ് പരിശീലനം നല്‍കും. അടുത്തസാമ്പത്തിക വര്‍ഷം മുതല്‍ ഉല്‍പാദന സംഘങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഈട് നില്‍ക്കുന്നതും ഉറപ്പുള്ളതുമായ പാക്കിങ് സംവിധാനത്തിനായി സര്‍ക്കാര്‍ ടെട്ര പാക്കിങ്ങ് യൂനിറ്റ് തുടങ്ങും. നീര ടാപ്പ് ചെയ്യുന്നതിന് വിദഗ്ധ പരിശീലനം നല്‍കുന്നതിന് സംസ്ഥാന നാളികേര വികസന കോര്‍പറേഷനെ ചുമതലപ്പെടുത്തി.
നീര ഉള്‍പ്പെടെയുള്ള നാളികേരാധിഷ്ഠിത സംരംഭങ്ങള്‍ നടപ്പാക്കിവരുന്ന കമ്പനികളെ സഹായിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഇതിനായി ഒരു സമഗ്ര പാക്കേജ് പ്രഖ്യാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."