കുടിവെള്ള ക്ഷാമത്തിന് പരിഹാരമായില്ല: നാട്ടുകാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി
ചവറ: ദിവസങ്ങളായി തുടരുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമില്ലാതായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.
നീണ്ടകര ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലെ സ്ത്രീകളടക്കമുള്ള നൂറ് കണക്കിന് പേരാണ് ദളവാപുരം വേട്ടുതറ റോഡില്‍ അമ്പിളിമുക്ക് ഭാഗത്ത് ബുധനാഴ്ച രാവിലെ 10ന് റോഡ് ഉപരോധിച്ചത്. വെള്ളത്തിന് ലൈന്പൈപ്പ് മാത്രം ആശ്രയമുള്ള പ്രദേശത്ത് ശാസ്താംകോട്ടയിലെ പമ്പിങ് നിര്‍ത്തിയതോടെയാണ് ഒന്‍പത് ദിവസമായി കുടിവെള്ളം കിട്ടാതായത്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടാങ്കറുകളില്‍ വെള്ളം നല്‍കിയെങ്കിലും ഈ പ്രദേശത്ത് ജലവിതരണം നടത്തിയില്ലന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്ഡായിട്ട് പോലും ജലവിതരണം നടത്താതായതോടെയാണ് സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായി റോഡുപരോധിച്ചത്.
സംഭവമറിഞ്ഞ് ചവറ എസ്.എച്ച്.ഒ ഇളങ്കോയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയെങ്കിലും സമരത്തില്‍ നിന്നും പിന്മാറാന് തയ്യാറായില്ല. തുടര്‍ന്ന് ഇടപ്പള്ളിക്കോട്ട വാട്ടര്‍ അതോറിറ്റിയില്‍ നിന്നും അസിസ്റ്റന്റ് എന്‍ജിനിയര്‍ ലത എസ്.എച്ച്.ഒ യുടെ നിര്‍ദേശ പ്രകാരം സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി.
ഇന്ന് വൈകിട്ടോടെ കുടിവെള്ള പ്രശ്നത്തിന് പൂര്‍ണമായും പരിഹാരം കാണാമെന്നറിയിച്ചതോടെയാണ് 12.30 ഓടെ നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചത്.
വാട്ടര്‍ അതോറിറ്റി ജലം എത്തും വരെ ഓച്ചിറയില്‍ നിന്നും ടാങ്കറില്‍ എല്ലാ പ്രദേശത്തും വെള്ളമെത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മായ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പല മേഖലകളില്‍ വെള്ളം വിതരണം നടത്തിയെങ്കിലും ആര്.എസ്.പി, സി.പി.ഐ ജനപ്രതിനിധികളുടെ വാര്‍ഡുകളില്‍ വെള്ളം വിതരണം നടത്തിയില്ലെന്ന ആക്ഷേപവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."