വാദം പുലരുവോളം; ഒടുവില്‍ നറുക്ക് യെദ്യൂരപ്പക്ക്
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിന്റെ നാടകീയ മുഹൂര്‍ത്തങ്ങള്‍ അവസാനിക്കുന്നില്ല. പകലിനെ വെല്ലുന്ന രംഗങ്ങളായിരുന്നു പാതിരാത്രിയില്‍ പരമന്നത കോടതിയില്‍ അരങ്ങേറിയത്.
യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിനെ സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ നിന്ന് തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ അടിയന്തിര ഹരജി സുപ്രിം കോടതി പരിഗണിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടടുക്കുമ്പോഴും ചൂടേറിയ വാദങ്ങളാണ് സുപ്രിം കോടതിയില്‍ അരങ്ങേറിയത്. ജസ്റ്റിസുമാരായ സിക്രി, അശോക് ഭൂഷണ്‍, ബോബ്‌ടെ എന്നീ മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്.
ഒരു തിരഞ്ഞെടുപ്പ് അനന്തര സഖ്യത്തിന് മതിയായ ഭൂരിപക്ഷം ഉണ്ടായിരിക്കെ മറ്റൊരു പാര്‍ട്ടിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടി ഭരണഘടനയ്ക്കും മുന്‍ സുപ്രിംകോടതി വിധികള്‍ക്കും വിരുദ്ധമെന്ന് കോണ്‍ഗ്രസിനായി ഹാജരായ മനു അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാണിച്ചു. സര്‍ക്കാരിയ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം ആദ്യം കേവല ഭൂരിപക്ഷം നേടിയവരെയോ അല്ലെങ്കില്‍ ഏറ്റവും വലിയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യത്തെയോ ക്ഷണിക്കണം. മൂന്നാമത്തെ പരിഗണന നല്‍കേണ്ടത് തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിനാണ്. ഇതൊന്നും ഇല്ലെങ്കില്‍ മാത്രമേ ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കേണ്ടതുള്ളു. ഫലത്തില്‍ നാലാമത്തെ ആളെയാണ് ഗവര്‍ണര്‍ ഇപ്പോള്‍ വിളിച്ചിരിക്കുന്നതെന്നും അഭിഷേക് സിംഗ്‌വി വ്യക്തമാക്കി.
ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പി സര്‍ക്കാരിന് അനുവദിച്ച 15 ദിവസമെന്നത് കുറയ്ക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തിലും അനുകൂലമായ തീരുമാനമുണ്ടായില്ല. ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്നായിരുന്നു കോടതി പറഞ്ഞത്. ഗവര്‍ണര്‍ക്ക് നോട്ടിസയക്കണമെന്ന ആവശ്യവും കോടതി തള്ളി. ഗവര്‍ണര്‍ എന്നത് ഭരണഘടനാ പദവിയാണ്. അങ്ങനെയൊരാള്‍ക്ക് നോട്ടിസയക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കി. യെദിയൂരപ്പയെ കക്ഷി ചേര്‍ക്കും. ആദ്യം സത്യപ്രതിജ്ഞ നടക്കട്ടെ. എല്ലാ കക്ഷികള്‍ക്കും കോടതി നോട്ടിസയക്കുന്നുണ്ട്. അതിന് ശേഷം എല്ലാവരുടെയും വാദങ്ങള്‍ വിശദമായി പിന്നീടു കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി. ഹരജി വെള്ളിയാഴ്ച രാവിലെ 10.30 ന് വീണ്ടും പരിഗണിക്കും.
എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള കാര്യങ്ങള്‍ കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും സുപ്രിം കോടതി വ്യക്തമാക്കി. കൂടാതെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാന്‍ ഗവര്‍ണര്‍ക്ക് യെദിയൂരപ്പ നല്‍കിയ കത്ത് ഹാജരാക്കണമെന്നും കോടതി ബി.ജെ.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിലെ നിയമപരമായ ശരിതെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അതിന് ശേഷം തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."