പൊലിസ് വാഹനം തകര്‍ത്ത സംഭവം; മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
വടകര: വള്ളിക്കാട്ട് പൊലിസ് വാഹനം തകര്‍ത്ത സംഭവത്തില്‍ മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. മുട്ടുങ്ങല്‍ കരുകുനി താഴെ കുനി ജിഷ്ണു (27), കുരിക്കിലാട് എലിമ്പന്റെ കണ്ടിയില്‍ വൈകുണ്ഠനാഥ് (27), ചോറോട് ഈസ്റ്റ് പിലാക്കാട്ട് മീത്തല്‍ ജിതിന്‍ എന്നിവരാണ് അറസ്റ്റിലായത്. അതേസമയം അറസ്റ്റിലായത് യഥാര്‍ഥ പ്രതികളല്ലെന്നും പൊലിസ് പിടികൂടിയ യഥാര്‍ഥ പ്രതികളെ സി.പി.എം നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. സി.പി.എം നേതൃത്വം ഹാജരാക്കിയവരെയാണ് പൊലിസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തതെന്നാണ് ആരോപണമുയരുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് നാല്‍പതോളം വരുന്ന സി.പി.എം പ്രവര്‍ത്തകര്‍ പൊലിസ് ജീപ്പ് അക്രമിച്ചത്. സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നതറിഞ്ഞു സ്ഥലത്തെത്തിയ പൊലിസ് സംഘത്തിനു നേരെ സി.പിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തില്‍ പൊലിസ് ജീപ്പിന് ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.
വിവിധ രാഷ്ട്രീയ കക്ഷികള്‍ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുന്നത് വള്ളിക്കാട് പ്രദേശത്തു രാഷ്ട്രീയ അക്രമത്തിന് കാരണമാകുന്നതിനാല്‍ കഴിഞ്ഞ ദിവസം സ്ഥലം മാറ്റപ്പെട്ട എസ്.ഐ ജിജീഷിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം അവ നീക്കം ചെയ്തിരുന്നു. തങ്ങള്‍ സ്ഥാപിച്ച ബാനറുകള്‍ നീക്കം ചെയ്തതാണ് സി.പിഎം പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്. ഇതുകാരണം സി.പി.എമ്മുകാര്‍ പൊലിസിനു നേരെ തിരിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."