HOME
DETAILS

ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ചാല്‍! - Video

  
backup
March 19 2017 | 23:03 PM

thanur-rion-suprabhaatham-investigation-article-2

അക്രമികള്‍ ചവിട്ടിമെതിച്ച തീരം (2)

 

മമ്മാലകത്ത് ചെറിയ ബാവയ്ക്കു വടിയൂന്നിയാല്‍പ്പോലും വേച്ചുവേച്ചേ നടക്കാന്‍ കഴിയൂ. 37 കൊല്ലംമുമ്പ് ഒരപകടത്തില്‍ നട്ടെല്ലിനേറ്റ പരുക്കാണു കാരണം. സ്വന്തംവീട്ടില്‍നിന്നു പുറത്തേയ്‌ക്കൊന്നും പോകാറില്ല ഈ വൃദ്ധന്‍. ഊന്നുവടിയുണ്ടായാലും വീട്ടിനകത്തുപോലും തനിച്ചു നടക്കാന്‍ പേടിയാണ്. എപ്പോഴാണു വീഴുകയെന്നറിയില്ല.
ചെറിയബാവ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും വക്താവല്ല. താനൂര്‍ കടപ്പുറത്തു രാഷ്ട്രീയത്തിന്റെയും മറ്റും പേരില്‍ നടക്കുന്ന സംഭവങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെ ചെറിയബാവയും ഭാര്യയും കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി തങ്ങളുടെ വീട്ടില്‍ ഒതുങ്ങിക്കഴിയുകയാണ്.
എന്നിട്ടും, താനൂര്‍ കടപ്പുറത്ത് കഴിഞ്ഞദിവസമുണ്ടായ സി.പി.എം, ലീഗ് രാഷ്ട്രീയസംഘര്‍ഷത്തില്‍ തകര്‍ക്കപ്പെട്ട വീടുകളിലൊന്നു ചെറിയബാവയും ഭാര്യയും താമസിക്കുന്നതാണ്. വീടിന്റെ ജനല്‍ച്ചില്ലുകള്‍ മുഴുവന്‍ എറിഞ്ഞു തകര്‍ത്തു. വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ നോക്കി.
ആരാണിതു ചെയ്തത്.
ആ ചോദ്യത്തിനു ചെറിയ ബാവയ്ക്കു പറയാനുള്ള മറുപടി നേരിട്ടു കേള്‍ക്കാം:
''ന്റെ വീടു തകര്‍ത്തത് ലീഗുകാരും മാര്‍കിസ്റ്റുകാരുമല്ല.''
പിന്നെ ആര്.
അതറിയാന്‍ അന്നെന്തു സംഭവിച്ചുവെന്ന ചെറിയ ബാവയുടെ വിശദീകരണം കൂടി കേള്‍ക്കേണ്ടതുണ്ട്.

♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦

''രാത്രി ഉറക്കത്തില്‍ എന്തോ പൊട്ടിച്ചിതറുന്ന ഒച്ചകേട്ട് ഞെട്ടിയുണര്‍ന്നതായിരുന്നു. ഞാന്‍ കിടക്കുന്ന മുറിയുടെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നുവീഴുന്നതാണു കണ്ടത്. എന്താണു സംഭവിച്ചതെന്നറിയാന്‍ പെട്ടെന്ന് എണീറ്റപ്പോള്‍ കാലുറയ്ക്കാതെ നിലത്തുവീണു. ഭാര്യ ഓടിവന്നു താങ്ങിപ്പിടിച്ച് എണീപ്പിക്കുകയായിരുന്നു.
അപ്പോഴും ഞങ്ങളുടെ വീടിനു നേരേ കല്ലേറു നടക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ ആരോ വാതിലില്‍ ചവിട്ടി 'തുറക്കെടാ വാതില്‍' എന്ന് അലറുന്നുണ്ടായിരുന്നു.

'അവിടെ രണ്ടു വയസ്സന്മാരാണ്. അവിടെ നോക്കണ്ട.' എന്ന് ആരോ വേലിയ്ക്കപ്പുറത്തു നിന്നു വിളിച്ചു പറയുന്ന ശബ്ദം കേട്ടു. അതോടെ കല്ലേറു നിലച്ചു. തകര്‍ന്ന ജനലിലൂടെ പേടിച്ചുപേടിച്ചു പുറത്തേയ്ക്കു നോക്കിയപ്പോള്‍ കണ്ടത് കൈയില്‍ കല്ലുമായി നില്‍ക്കുന്ന പൊലിസുകാരെയാണ്.''

♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦

തന്റെ വീടിനുനേരേ കല്ലെറിഞ്ഞത് ആരാണെന്നതില്‍ മമ്മാലകത്ത് ചെറിയ ബാവയ്ക്കു സംശയമില്ല. അതു പൊലിസു തന്നെ! ചെറിയബാവയ്ക്ക്് അറിയാത്തത് ഒന്നുമാത്രം, എന്തിനാണ് പൊലിസ് അങ്ങനെ ചെയ്തത്.
ഇത് ഒറ്റപ്പെട്ട പ്രതികരണമല്ല. സുപ്രഭാതം വസ്തുതാന്വേഷക സംഘം നേരില്‍ക്കണ്ടു സംസാരിച്ചവരില്‍ മിക്കവരും പറഞ്ഞത് അക്രമത്തില്‍ പൊലിസിന്റെ പങ്കിനെക്കുറിച്ചോ പൊലിസിന്റെ സാന്നിധ്യത്തില്‍ നടന്ന അക്രമത്തെക്കുറിച്ചോ ആണ്.

തെറ്റിദ്ധരിക്കേണ്ട, താനൂരിലെ അക്രമങ്ങള്‍ മുഴുവന്‍ പൊലിസിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള നെറികെട്ട നീക്കമല്ല ഇത്. മാര്‍ച്ച് 12നുണ്ടായ അക്രമത്തില്‍ രാഷ്ട്രീയക്കാര്‍ക്കു തന്നെയാണു പ്രധാനപങ്ക്. രാത്രി ഒന്‍പതരയോടെയാണ് വീടുകള്‍ക്കു നേരേയുള്ള ആക്രമണം ആരംഭിച്ചത്. ഇതിനിടയില്‍ സ്ഥലത്തെത്തിയ പൊലിസിനു നേരെയും അക്രമമുണ്ടായതായാണ് അറിയാന്‍ കഴിയുന്നത്.
പതിനൊന്നു മണിയോടെ താനൂരിലെ അക്രമസംഭവങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ പൊലിസിനു കഴിഞ്ഞു. ആവശ്യത്തിനു പൊലിസ് സേന സ്ഥലത്തെത്തിയതോടെ അക്രമികള്‍ കടല്‍വഴിയും പുഴവഴിയും സ്ഥലംവിട്ടുവെന്നാണു നാട്ടുകാര്‍ പറയുന്നത്. അക്രമസംഭവങ്ങളിലൊന്നും പങ്കാളികളാകാത്ത പുരുഷന്മാരില്‍ പലരും പൊലിസിനെ ഭയന്ന് സ്ഥലത്തുനിന്നു മാറിക്കഴിഞ്ഞിരുന്നു.
ഇനി പേരു വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയോടെ നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞ വാക്കുകള്‍ കേള്‍ക്കൂ: ''താനൂരിന്റെ ഭൂമിശാസ്ത്രവും ഇവിടത്തെ ജനങ്ങളുടെ മനഃശാസ്ത്രവും അറിയാവുന്ന ലോക്കല്‍ പൊലിസ് ഉദ്യോഗസ്ഥരെയും മറ്റും മാറ്റി പുറത്തുനിന്നുള്ള പൊലിസുകാരാണു പിന്നീടു രംഗം കൈയടക്കിയത്. ഉന്നതപൊലിസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

tanur-1

അക്രമമുണ്ടാകാത്ത തീരദേശങ്ങളുള്‍പ്പെടെ നാലു കിലോമീറ്ററോളെ പൊലിസ് ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് ഒരു കൊടുങ്കാറ്റുപോലെ കടന്നുപോയി. വഴിയില്‍ കണ്ട വാഹനങ്ങളെല്ലാം തല്ലിത്തകര്‍ത്തു. കടകള്‍ അടിച്ചുതകര്‍ത്തു. വീടുകള്‍ക്കുനേരേയും അക്രമമുണ്ടായി. ലാത്തികൊണ്ടുള്ള അടിയേറ്റാണ് ജനല്‍ച്ചില്ലുകള്‍ പലതും തകര്‍ന്നത്.''


നാട്ടുകാരനായ ഈ മധ്യവയസ്‌കന്‍ പറയുന്നതു ശരിയാണെന്ന മട്ടിലാണ് അക്രമത്തിനിരയായ വീടുകളിലെ സ്ത്രീകളെല്ലാവരും പ്രതികരിച്ചത്. എല്ലാവരും ഒരേപോലെ കളവു പറയില്ലല്ലോ. പൊലിസിനെ പ്രകോപിപ്പിച്ചത് തങ്ങളുടെ സേനയ്ക്കു നേരേയുണ്ടായ അക്രമമാണെന്നു കരുതേണ്ടിയിരിക്കുന്നു.

സ്വന്തം ബാപ്പ മരിച്ചതിലുള്ള ദുഃഖത്തിനും പരീക്ഷാച്ചൂടിനുമിടയില്‍ ഉള്ളുരുകിക്കഴിയുന്ന സുഹാനയെന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വാക്കുകള്‍ കേള്‍ക്കൂ: ''ന്റെ ഉപ്പ മരിച്ച ഏഴാംനാളാണ് ആക്രമണം നടക്കുന്നത്. എനിക്കാണെങ്കില്‍ പിറ്റേന്ന് കെമിസ്ട്രി പരീക്ഷയുമുണ്ടായിരുന്നു. ഉപ്പ മരിച്ച സങ്കടത്തിനിടയില്‍ വായിക്കുന്നതു മനസ്സില്‍ പതിയാതെ നില്‍ക്കുമ്പോഴാണ് കല്ലേറുണ്ടായത്. എറിയുന്നത് ഇവിടെയൊക്കെയുള്ള മാര്‍കിസ്റ്റ് കുട്ടികളാണ്. അവര്‍ക്കു പിന്നില്‍ പൊലിസുമുണ്ടായിരുന്നു. ഒരുത്തനെയെങ്കിലും കിട്ടിയാല്‍ കാച്ചിയേക്കണം എന്നു പൊലിസുകാര്‍ പറയുന്നുണ്ടായിരുന്നു.''


മരിച്ച വീടാണെന്നു കേണു പറഞ്ഞിട്ടും കല്ലേറിനും അക്രമങ്ങള്‍ക്കും അവസാനമുണ്ടായില്ലെന്നു സുഹാന പറയുന്നു. ജനലിലൂടെ അതു വിളിച്ചു പറയുന്നതിനിടയില്‍ ഒരു കല്ലു വന്നു പതിച്ചത് സുഹാനയുടെ നെറ്റിയിലാണ്. സുഹാനയുടെ വീടല്ല അത്. അവര്‍ക്കു സ്വന്തമായി വീടില്ല. ഉപ്പ മരിച്ചപ്പോള്‍ ബന്ധുവീട്ടിലേയ്ക്കാണു കൊണ്ടുവന്നത്. മരിച്ച വീട്ടില്‍ മരിച്ചയാളുടെ ഭാര്യ പരപുരുഷന്മാരെ കാണാതെ കുറച്ചുദിവസം കഴിയണം. അതിനുവേണ്ടി കുളിമുറിയുടെ ഭാഗത്തും മറ്റും മറ കെട്ടിയിരുന്നു. അതും പൊളിച്ചു.

''അതു പൊളിച്ചതു പൊലിസുകാരാണ്. അക്രമത്തില്‍ പങ്കെടുത്തവരെ ഒളിപ്പിക്കാനാണു മറകെട്ടിയതെന്ന് അവര്‍ കരുതിയോ എന്നറിയില്ല. ഞങ്ങളെ മറ്റുള്ളോര് ആക്രമിക്കുമ്പം പൊലിസിന്റെ അടുത്തേയ്ക്കല്ലേ പാഞ്ഞുപോകുക. പൊലിസുകാരു തന്നെ ആക്രമിച്ചാല്‍ എവിടെപ്പോയി പരാതി പറയും ഞങ്ങള്‍.'' സുഹാനയുടെ ഈ ചോദ്യത്തിന് വ്യാപ്തി കൂടുതലുണ്ടെന്ന് അറിയുക.


മകളുടെ വിവാഹത്തിനു വേണ്ടി സൂക്ഷിച്ചുവച്ച പണമെല്ലാം അക്രമികള്‍ കൊള്ളചെയ്തു കൊണ്ടുപോയ കാര്യം പൊലിസിനെ അറിയിച്ചപ്പോള്‍ കിട്ടിയ മറുപടി കുഞ്ഞിശ്ശീന്റെ പുരയ്ക്കല്‍ സാജിത പറയുന്നത് ഇങ്ങനെ: ''ഒരാഴ്ച്ചിംകൂട്യേള്ളൂ ഇനി കല്യാണത്തിന്. പൊന്നുള്‍പ്പെടെ എല്ലാം വാങ്ങണം. എന്തെങ്കിലും ഒരു നിവൃത്തിണ്ടാക്കി തരാന്‍ ഞാന്‍ കരഞ്ഞു പറഞ്ഞപ്പോ പൊലിസുകാരു പറയുന്നത്, അക്രമത്തില് പൊന്നും പണവും പോകുന്നതു സാധാരണമാണെന്നാണ്. ''
അയല്‍ക്കാരിയെ പൊതുറോഡില്‍വച്ചു പരസ്യമായി മാനഭംഗപ്പെടുത്തിയെന്ന പേരില്‍ പൊലിസ് ചാര്‍ജ്ജ് ചെയ്ത കേസിലെ പ്രതി ഇസ്ഹാക്കിന്റെ സഹോദരിമാര്‍ പറയുന്നത് തങ്ങള്‍ രാവും പകലും കഴിയുന്നത് പൊലിസിനെ ഭയന്നാണെന്നാണ്. തങ്ങളുടെ സഹോദരന്‍ പതിനാലുവയസ്സുള്ള അയല്‍ക്കാരിയെ പീഡിപ്പിച്ചുവെന്നു പറയുന്നത് പൊലിസും എതിരാളികളും ചേര്‍ന്നുണ്ടാക്കിയ കള്ളക്കേസാണെന്നും അവര്‍ പറയുന്നു.


''ഞങ്ങളുടെ വീടിന്റെ ചില്ലുകളും മറ്റും പൊളിഞ്ഞുകിടക്കുന്നതു കണ്ട് ഒരുദിവസം ആ പെണ്ണ് കളിയാക്കി ചിരിക്കുകയും ഞങ്ങളോടു മോശമായി പെരുമാറുകയും ചെയ്തു. ആ കുട്ടിയുടെ ഉമ്മയോടു ഞങ്ങള്‍ കാര്യം പറഞ്ഞപ്പോള്‍ ഇനി അതുണ്ടാകില്ലെന്നു സമാധാനിപ്പിച്ചു. പിറ്റേന്നും ആ കുട്ടി അത് ആവര്‍ത്തിച്ചു. ഇതു കണ്ട ഞങ്ങളെ ആങ്ങള ഓളെ ചീത്ത പറഞ്ഞുവെന്നതു ശരിയാണ്. പക്ഷേ, കേസുണ്ടാക്കിയത് നടുറോട്ടില്‍വച്ച് പീഡിപ്പിച്ചെന്നതിനാണ്.''


അന്നു മുതല്‍ പൊലിസ് തങ്ങളുടെ വീട്ടില്‍ രാവും പകലും കയറിയിറങ്ങുകയാണെന്നു ഇസ്ഹാക്കിന്റെ സഹോദരിമാര്‍ പറയുന്നു. രാത്രി പന്ത്രണ്ടിനും മറ്റും എത്തി ജനലിലൂടെ ടോര്‍ച്ചടിച്ചു നോക്കും. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ട് അസഭ്യം പറയും. തങ്ങള്‍ക്കിപ്പോള്‍ പേടി മറുഭാഗത്തെ അക്രമികളെയല്ല, സംരക്ഷണം നല്‍കേണ്ട പൊലിസിനെയാണെന്ന് അവര്‍ പറയുന്നു.
താനൂര്‍ അക്രമത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടുള്ളത് മുസ്‌ലിം ലീഗ് വാര്‍ഡ് പ്രസിഡന്റു കൂടിയായ ബഷീറിനാണെന്നതില്‍ സംശയമുണ്ടാകില്ല. അയക്കൂറയും അയലയും പിടിക്കാന്‍ ഉപയോഗിക്കുന്ന വിലപിടിപ്പുള്ള മൂന്നു വലകള്‍, മൂന്ന് ഔട്ട്‌ബോര്‍ഡ് എന്‍ജിന്‍, മീന്‍പിടിത്തവുമായി ബന്ധപ്പെട്ട നിരവധി ഉപകരണങ്ങള്‍, അനേലിറ്റര്‍ ഡീസല്‍ എന്നിവയെല്ലാം സൂക്ഷിച്ച ഷെഡാണ് നിമിഷനേരം കൊണ്ടു ചാരമായത്. തൊട്ടടുത്തുള്ള ബഷീറിന്റെ വീടും തകര്‍ക്കപ്പെട്ടു.

ബഷീറും മീന്‍പിടിത്തത്തിലെ സഹായികളും അക്രമികളെ തുരത്താനും തീയണയ്ക്കാനും നെട്ടോട്ടമോടുമ്പോഴും പൊലിസ് അവിടെയെത്തിയില്ല. ''അവരപ്പോള്‍ റോഡിലൂടെ ശക്തിപ്രകടനം നടത്തി കണ്ടില്‍ക്കണ്ട വാഹനങ്ങളും കടകളുമെല്ലാം തകര്‍ക്കുകയായിരുന്നു.'' ബഷീര്‍ പറഞ്ഞു.
സംഭവമുണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലിസ് ആ വഴി തിരിഞ്ഞുനോക്കിയില്ലെന്നു ബഷീര്‍ പറയുന്നു. ഇതു തന്നെയാണ് താനൂര്‍ കടപ്പുറത്തു തകര്‍ക്കപ്പെട്ട വീടുകളിലെ ഭയന്നു കഴിയുന്നവര്‍ക്കും പറയാനുണ്ടായിരുന്നത്. ''ന്റെ വീടു മുഴുവന്‍ മൂന്നുദിവസമായിട്ടാണ് കത്തിച്ചതും തകര്‍ത്തതും. ആദ്യദിവസം അക്രമം പേടിച്ചു ഞങ്ങള്‍ താനൂര്‍ അങ്ങാടിയിലേയ്ക്കു ഓടിപ്പോകുമ്പോള്‍ പൊലിസിനോടു വീടു കത്തിക്കുന്ന കാര്യം കരഞ്ഞു പറഞ്ഞിരുന്നു. എന്നിട്ടും അവര്‍ തിരിഞ്ഞുനോക്കിയില്ല. ഇന്നുവരെ ഈ വീട്ടിലെത്തി എന്തെല്ലാം നഷ്ടമാണുണ്ടായതെന്നു ചോദിച്ചിട്ടില്ല.''

താനൂരില്‍ അക്രമത്തിനിരയായ വീടുകളിലൊന്നും ചെന്ന് കാര്യങ്ങള്‍ അന്വേഷിച്ചു നടപടിയെടുക്കാന്‍ ഇതുവരെ പൊലിസ് തയാറായിട്ടില്ലെന്നാണ് വീട്ടുകാരെല്ലാം പറയുന്നത്.


പൊലിസിനിവിടെ പറയാന്‍ കഴിയുക, തങ്ങളെപ്പോലും ആക്രമിക്കുന്ന തരത്തിലേയ്ക്കു അക്രമിസംഘങ്ങള്‍ വളര്‍ന്നാല്‍ കൈയുംകെട്ടി നോക്കി നില്‍ക്കുകയാണോ വേണ്ടത് എന്നായിരിക്കാം. രാഷ്ട്രീയലഹരിയേക്കാള്‍ അതല്ലാത്ത ലഹരിയിലുമാണ് താനൂര്‍ പ്രദേശത്ത് പലപ്പോഴും അക്രമങ്ങള്‍ ഭീകരമായി നടക്കുന്നത് എന്നതു തീര്‍ച്ചയായും ശരിയാണ്. അതു തന്നെയാണ് ഇനി നമുക്കു ചര്‍ച്ചചെയ്യേണ്ട ഏറ്റവും പ്രധാന വിഷയവും.
പക്ഷേ, അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു. ലഹരിയുടെയോ രാഷ്ട്രീയത്തിന്റെയോ ഒക്കെ ഭ്രാന്തുപിടിച്ചവരെ തളയ്ക്കാനാണ് നിയമപാലനത്തിന്റെ ചങ്ങല. ആ ചങ്ങലയ്ക്കും ഭ്രാന്തു പിടിച്ചാലോ...?

(തുടരും)

 

Suprabhaatham Investigation video Part-2

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago