അറിയണം മരിയനാടിനെയും അവിടുത്തെ തൊഴിലാളികളെയും
മരിയനാട്: സംസ്ഥാന വ്യാപകമായി മിച്ചഭൂമി സമരം കത്തിക്കയറിയപ്പോഴാണ് മരിയനാട് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടത്. നിക്ഷിപ്ത വനഭൂമിയാണെന്ന കാരണം പറഞ്ഞ് മരിയനാടെന്ന പ്രദേശം പിടിച്ചെടുക്കുമ്പോള്‍ അന്നത്തെ സര്‍ക്കാരിനു മുന്നില്‍ നല്ല ഉദ്ദേശമായിരുന്നു ഉണ്ടായിരുന്നത്.
സ്വാഭാവിക വനം നിലനിര്‍ത്തി അടിക്കാടുകള്‍മാത്രം വെട്ടിത്തെളിച്ച് കാപ്പിച്ചെടികള്‍ നട്ടുപിടിപ്പിക്കുകയെന്ന സദുദ്ദേശമായിരുന്നു സര്‍ക്കാരിനുണ്ടായിരുന്നത്. മരിയനാടിനു സമീപംതന്നെ പാമ്പ്രയില്‍ നല്ലൊരു കാപ്പിത്തോട്ടം സ്വകാര്യ വ്യക്തികള്‍ക്കുണ്ടായിരുന്നതിനാല്‍ ഇവിടെ കാപ്പികൃഷി നന്നാകുമെന്ന തിരിച്ചറിവും സര്‍ക്കാരിനുണ്ടായിരുന്നു.
ഈ മേഖലയില്‍ ഏററവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശവും പാമ്പ്രയും മരിയനാടുമായിരുന്നു. ആവശ്യം വന്നാല്‍ നനക്കുന്നതിനാവശ്യമായ ജലം ലഭിക്കുന്ന നിരവധി കാട്ടുചോലകളും മരിയനാട്ടുണ്ടായിരുന്നു.
കാപ്പികൃഷിക്കായി പ്രകൃതി ഒരുക്കിയ ഗ്രാമമായിരുന്നു ഇത്. 700-ഏക്കറോളം വരുന്ന മരിയനാട് പ്രദേശത്തെ 600-ഏക്കര്‍ സ്ഥലവും കാപ്പി കൃഷിക്ക് അനുയോജ്യമായിരുന്നു. ഇവയ്ക്കിടയിലുളള 100-ഏക്കറോളം വരുന്ന ചതുപ്പ് പ്രദേശം ഏലം കൃഷി ചെയ്യുന്നതിനുമായിരുന്നു പദ്ധതി.
ചതുപ്പില്‍ ഏലത്തിനു പകരം ചണ്ണക്കൂവയാണ് വളര്‍ന്നത്. തങ്ങളുടെ നാട്ടില്‍ ഒരു സര്‍ക്കാര്‍ തോട്ടം വരുന്നതിനെ പ്രദേശവാസികള്‍ സന്തോഷത്തോടെയാണ് എതിരേറ്റത്. എന്നാല്‍ ഈ സന്തോഷം അധികകാലം നീണ്ടുനിന്നില്ല.
തോട്ടത്തിന്റെ പ്ലാനും എസ്റ്റിമേറ്റുമെല്ലാം കൃത്യമായാണ് ബന്ധപ്പെട്ട വനംവകുപ്പുദ്യോഗസ്ഥര്‍ തയാറാക്കിയത്. ഇതിനായി വനംവകുപ്പിനു കീഴിലുണ്ടായിരുന്ന പ്ലാന്റേഷന്‍ കോര്‍പറേഷന്റെ സഹായവും വനംവകുപ്പ് തേടി.
തോട്ടം പിടിപ്പിച്ച് മുന്‍പരിചയമുണ്ടായിരുന്ന പ്ലാന്റേഷന്‍ കോര്‍പറേഷനും മരിയനാട് കാപ്പി കൃഷിക്ക് ഏറ്റവും അനുയോജ്യമാണെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. കാപ്പികൃഷിയോടൊപ്പം ഇവക്കിടയിലുള്ള മരങ്ങളില്‍ കുരുമുളക് വളര്‍ത്താമെന്നും അങ്ങനെ തോട്ടത്തില്‍ നിന്ന് വലിയ ആദായം സര്‍ക്കാരിന് ലഭിക്കുമെന്നും പ്ലാന്റേഷന്‍ കോര്‍പറേഷന്‍ അധികൃതര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
തോട്ടം പൂര്‍ണതോതില്‍ സജ്ജമാകുന്നതോടെ 1000-ടണ്‍ കാപ്പിയും 300-ടണ്‍ കുരുമുളകും ലഭിക്കുമെന്നായിരുന്നു ഇതു സംബന്ധിച്ച എസ്റ്റിമേറ്റില്‍ പറഞ്ഞിരുന്നത്.
500 തൊഴിലാളികള്‍ക്ക് സ്ഥിരം ജോലി ലഭിക്കുമെന്ന പ്രഖ്യാപനവുംകൂടി വന്നതോടെ പ്രദേശത്തെ നിര്‍ധനരായ ജനങ്ങള്‍ സന്തോഷത്തിന്റെ പാരമ്യതയിലായിരുന്നു.
തോട്ടത്തില്‍ തൊഴില്‍ ലഭിക്കുമെന്ന ധാരണയില്‍ ദൂരെ നിന്നുപോലും തൊഴിലാളികള്‍ തോട്ടത്തിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ സമീപത്ത് വീട് വയ്ക്കുവാന്‍ സ്ഥലം വാങ്ങി ഇവിടേക്ക് താമസംവരെ മാറ്റി. തോട്ടത്തില്‍ സ്ഥിരം ജോലിയാകുന്നതോടെ കുടുംബവും രക്ഷപ്പെടുമല്ലൊയെന്ന ധാരണയായിരുന്നു ഈ പാവങ്ങള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ഇതൊക്കെ വെറും മിഥ്യാധാരണകളാണെന്നറിയാല്‍ ഈ തൊഴിലാളികള്‍ക്ക് ഏറെയൊന്നും കാത്തിരിക്കേണ്ടിവന്നില്ല.
മരണത്തിനോട് കാതോര്‍ത്ത് മരിനാട്
By :ബാബു നമ്പുടാകം
സര്‍ക്കാര്‍ രേഖകളില്‍ മരിയനാട് എന്ന പ്രദേശം ഇന്നും സര്‍ക്കാര്‍ വക കാപ്പിത്തോട്ടമാണ്. സായിപ്പിന് സ്വന്തമായിരുന്ന സ്ഥലം വനമാണെന്ന കാരണത്താല്‍ പിടിച്ചെടുത്ത് കാപ്പിത്തോട്ടമുണ്ടാക്കി. അവസാനം തോട്ടവുമുപേക്ഷിച്ച്-തൊഴിലാളികളെ പെരുവഴിയിലാക്കി കടന്നുപോയ സര്‍ക്കാരിന്റെ കഴിവുകേടിന്റെയും അഴിമതിയുടെയും ജീവിക്കുന്ന രക്തസാക്ഷികളാണ് മരിയനാടെന്ന ഗ്രാമത്തില്‍ കാണുവാനുളളത്. സര്‍ക്കാരിനെ വിശ്വസിച്ച് തോട്ടംതൊഴിലാളികളായ ഒരു തലമുറ ഇന്ന് പിന്‍തലമുറക്കാരുടെ മുന്നിലും, പരിസരവാസികളുടെ മുന്നിലും പാഴായ ജന്മങ്ങളാണ്. കൗമാരവും, യൗവനവും ഇവിടെ ഹോമിച്ചവര്‍ ഏറെയാണ്. ബാപ്പുനു, ഇരുളം ചാത്തു, സരോജിനി കരുണന്‍, കദീജ മൂസ്സ, ജാനകിയമ്മ, കുഞ്ഞിരാമന്‍, പൊന്നന്‍, ഹരീന്ദ്രന്‍, ജോസ്, കുഞ്ഞുമോന്‍ ഇങ്ങിനെ നിരവധിയാളുകള്‍ ഈ സര്‍ക്കാര്‍ തോട്ടത്തില്‍ അധ്വാനിച്ച് ഒന്നും നേടാനാവാതെ പട്ടിണിയില്‍ മരണം ഹോമിച്ചവരാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇവരെ രക്തസാക്ഷികള്‍ എന്ന് പേരിട്ട് വിളിക്കുന്നില്ലെങ്കിലും ഈ നാടിനു മുന്നില്‍ ഇവര്‍ രക്തം നല്‍കി സാക്ഷികളായവരാണ്. മരിയനാട് കാപ്പിത്തോട്ടത്തിലെ തൊഴിലാളികളുടെ നിസഹായതയെ വായനക്കാരിലേക്ക് എത്തിക്കുകയാണ് സുപ്രഭാതം ലേഖകന്‍ ബാബു നമ്പുടാകം. 'മരണത്തിന് കാതോര്‍ത്ത് മരിയനാട് ' പരമ്പര ഇന്നുമുതല്‍ സുപ്രഭാതത്തില്‍ വായിക്കാം.
കമലയുടെ സ്വപ്നങ്ങളും സര്‍ക്കാരിന്റെ നയങ്ങളും
മരിയനാട്: കാപ്പിത്തോട്ടത്തില്‍ തൊഴിലാളികള്‍ അധികൃതരാല്‍ വഞ്ചിക്കപ്പെടുന്നുവെന്ന തിരിച്ചറിവില്‍ ഹൈക്കോടതിവരെ കേസിനു പോയ വിപ്ലവനായികയാണ് കമല. (കമലവാസു കരികുളത്തില്‍).
തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി കോടതിയെ സമീപിക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് ഇനി 'നഷ്ടപ്പെടാന്‍ ഒന്നുമില്ല, കിട്ടാനുളളത് പുതിയൊരു ലോകം' എന്ന തിരിച്ചറിവായിരുന്നു കമലക്കുണ്ടായിരുന്നത്. തോട്ടത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ ചേര്‍ന്നായിരുന്നു കേസിന്റെ ചിലവുകള്‍ വഹിച്ചിരുന്നത്.
ഹൈക്കോടതിയില്‍ പല തവണ കയറിയിറങ്ങി അവസാനം വക്കീല്‍ പറഞ്ഞു, കേസ് തോറ്റുപോയി. കോടതി മുറിയില്‍നിന്നും കണ്ണീരോടെ മടങ്ങിയ കമലയെ കാത്ത് ദുരന്തങ്ങള്‍ ഒന്നൊന്നായി നില്‍ക്കുകയായിരുന്നു. കോട്ടയം ഏറ്റുമാനൂരില്‍നിന്നും ഇവിടെയെത്തിയ കമലയുടെ ഭര്‍ത്താവ് വാസു തോട്ടത്തിലെ പണി നഷ്ടപ്പെട്ടതോടെ പട്ടിണിയും രോഗവും മൂലം 13 വര്‍ഷം മുന്‍പ് മരണപ്പെട്ടു.
കമലയുടെ മൂത്തമകള്‍ ഓമനയ്ക്കും, മകന്‍ അശോകനും, മരുമകന്‍ രവീന്ദ്രനും മരിയനാട് കാപ്പിത്തോട്ടത്തില്‍ ജോലി ഉണ്ടായിരുന്നു. തോട്ടം അടച്ചുപൂട്ടിയതോടെ തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലായതോടെ ഓമനയുടെ ഭര്‍ത്താവ് രവീന്ദ്രന്‍ ആത്മഹത്യ ചെയ്തു. ഇന്ന് കമലയ്ക്ക് പ്രായം 73. ഭാവിയെക്കുറിച്ച് ആശങ്കയൊന്നുമില്ല, കാരണം ആശയുണ്ടെങ്കിലല്ലെ, ആശങ്കയ്ക്ക് വകയുള്ളു. കമലയുടെ മുഖത്ത് പഴയ പോരാളിയുടെ പോരാട്ടവീര്യംമാത്രം ഇപ്പോഴും അവശേഷിക്കുന്നുണ്ട്.
നാളെ-സായിപ്പ് മുതല്‍ വനംവകുപ്പ് വാച്ചര്‍വരെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."