ആനക്കരയില്‍ അജ്ഞാതജീവിയുടെ കടിയേറ്റ് ആട് ചത്തു
ആനക്കര: ആനക്കരയില്‍ അജ്ഞാതജീവിയുടെ കടിയേറ്റ് ആട് ചത്തു. കടിച്ചത് പുലിയാണന്ന് സംശയം. ആനക്കര പുല്ലാണിച്ചോല കൊളളാട്ട് വളപ്പില്‍ ആയിഷക്കുട്ടിയുടെ ആടാണ് ചത്തത്. ബുധനാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെ വീടിന്റെ പിന്‍വശത്തെ ആട്ടിന്‍കൂട്ടില്‍ നിന്ന് ആടിന്റെ ചെറിയ ശബ്ദം കേട്ടത്. തുടര്‍ന്ന് വീട്ടുകാര്‍ ലൈറ്റുകള്‍ തെളിയിക്കുകയും ബഹളം വെക്കുകയും ചെയ്തതോടെ ആടിനെ എന്തോ കടിച്ച് പിടിച്ച് ഓടുന്നതാണ് കണ്ടത്. ആട് വെളുത്ത നിറത്തിലുളളതിനാല്‍ ഇരുട്ടില്‍ ഈ കളര്‍ മാത്രമെ കണ്ടുളളുവെന്ന് വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് സമീപത്തെ ആളുകളെല്ലാം ചേര്‍ന്ന് തിരഞ്ഞപ്പോഴാണ് സമീപത്തെ തോട്ടില്‍ കഴുത്തില്‍ ആഴത്തിലുളള മുറിവേറ്റ് ആട് ചത്തനിലയില്‍ കണ്ടത്. മറ്റു പരുക്കുകളൊന്നുമില്ല. കടിച്ചു പിടിച്ച് കൊണ്ടു പോയ നിലയിലാണ്. ആടിനെ വലിച്ച് കൊണ്ടുപോയ തരത്തിലുളള അടയാളങ്ങളൊന്നുമില്ല. ആനക്കര വെറ്ററിനറി സര്‍ജന്‍ ഡോ. വിനോദ് ആടിനെ പരിശോധിച്ചു. നായയുടെ കടിയേറ്റല്ലെന്ന് വിലയിരുത്തിയിട്ടുണ്ട്. തുടര്‍ന്ന് ആനക്കര പഞ്ചായത്ത് പ്രസിഡന്റ് സിന്ധു രവീന്ദ്രകുമാര്‍ ഫോറസ്റ്റ് അധികൃതര്‍ക്ക് വിവരം നല്‍കി. ആട്ടിന്‍ കൂടിന്റെ ഒരു വാതില്‍ പൊളിച്ച നിലയിലാണ്. പൊളിച്ച വാതിലുളള കളളിയില്‍ ഒരാടു മാത്രമെയുളളു. എന്നാല്‍ ബുധനാഴ്ച്ച ഉച്ചക്ക് രണ്ടര മണിയോടെ ഇവരുടെ തന്നെ സമീപത്തെ പറമ്പില്‍ കെട്ടിയ ആടിനും സമാനമായ രീതിയില്‍ കടിയേറ്റു. അപ്പോഴേക്കും ഫോറസ്റ്റ് അധികൃതരും എത്തിയിരുന്നു. എന്നാല്‍ പേടിച്ച് തിരച്ചില്‍ നടത്താന്‍ ആരും തയ്യാറായിട്ടില്ല. ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റില്‍ നിന്ന് ഒരാള്‍ മാത്രമാണ് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."