കായലുകളില്‍ പോളശല്യം; മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍
അരൂര്‍: കായലുകളില്‍ നിറയുന്ന പോളപായല്‍ നീക്കം ചെയ്യുന്നതിനായി പ്രത്യേക പദ്ധതി തയ്യാറാക്കണമെന്ന് ആവശ്യമുയരുന്നു.
കുട്ടനാടന്‍ പാശേഖരങ്ങളില്‍ നിന്നും പുറന്തള്ളുന്ന പോളപായല്‍ ഉദ്ഭവസ്ഥാനങ്ങളില്‍ തന്നെ നശിപ്പിക്കണമെന്ന ആവശ്യം അവഗണിക്കുന്നത് മല്‍സ്യ തൊഴിലാളികള്‍ക്ക് ഏറെ ഭീഷണിയായി മാറിയിരിക്കുകയാണ്.
കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നിന്നും പുറന്തള്ളുന്ന പായല്‍ തണ്ണീര്‍ മുക്കം ബണ്ടു വഴി കായലുകളിലേക്ക് തള്ളി വിടുന്നതു മൂലമാണ് തണ്ണീര്‍മുക്കം ബണ്ടു മുതല്‍ വടക്കോട്ട് തേവര വരെയുള്ള കായല്‍ മേഖലകളില്‍ പായല്‍ നിറയുന്നത്. ഇത് ഇടതോടുകളിലേക്കും എത്തുകയാണ് ചെയ്യുന്നത്.
ഇത്തരത്തില്‍ പായല്‍ നിറയുന്നതു മൂലം മല്‍സ്യതൊഴിലാളികളുടെ തൊഴിലിടം നഷ്ടപ്പെടുകയും കുടുംബം പട്ടിണിയിലേക്ക് തള്ളപ്പെടുകയും ചെയ്യുന്നു.
പോളപായല്‍ കൂട്ടത്തോടെ എത്തുന്നത് മൂലം ഇതിന്റെ തള്ളലില്‍ മല്‍സ്യ ബന്ധന ഉപകരണങ്ങളും തകരുന്ന അവസ്ഥയാണുള്ളത്. മല്‍സ്യ ബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെടുന്നതു മൂലം വന്‍ തോതില്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുന്ന മല്‍സ്യ തൊഴിലാളികള്‍ക്ക് തങ്ങളുടെ ജീവനോപാധി തന്നെ ഇല്ലാതാക്കുകയാണെന്ന് ആരോപിക്കുന്നു. പായലിന്റെ ഉദ്പാദന മേഖലയില്‍ തന്നെ നശിപ്പിക്കണമെന്ന് കാലാകാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍ അതിന് ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് മല്‍സ്യ തൊഴിലാളികള്‍ ആരോപിക്കുന്നു.
കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന് മുന്‍പു തന്നെ പോളപായല്‍ നിര്‍മ്മാര്‍ജ്ജനത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
തങ്ങളുടെ തൊഴിലിടം സംരക്ഷിക്കേണ്ട ബാദ്ധ്യത തങ്ങള്‍ക്കുള്ളതിനാല്‍ പോളപായല്‍ വാരി നീക്കം ചെയ്യുവാന്‍ മല്‍സ്യതൊഴിലാളികള്‍ തയ്യാറാണെന്നും പറയുന്നു.
എന്നാല്‍ ഇതിന് പ്രത്യേക വേതനം ലഭ്യമാക്കണമെന്നാണ് ആവശ്യം. പായല്‍ വാരി നീക്കം ചെയ്യുന്നതിനുവേണ്ട പദ്ധതി അതത് പഞ്ചായത്തുകള്‍ ആവിഷ്‌ക്കരിക്കണമെന്നും മല്‍സ്യതൊഴിലാളികള്‍ ആവശ്യപ്പെടുന്നു.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്ലോട്ടിംഗ് ജെ.സി.ബി ഉപയോഗിച്ച് പായല്‍ വാരിയിരുന്നു.എന്നാല്‍ പിന്നീട് അത് നിലച്ചു . ജെ.സി.ബി ഉപയോഗിച്ച് വാരുന്ന പായല്‍ വളം നിര്‍മാണത്തിന് ഉപയോഗിക്കുമെന്ന് പറഞ്ഞിരുന്നു. പോളപായല്‍ മത്സ്യതൊഴിലാളികള്‍ക്ക് മാത്രമല്ല കായലിനോട് ചേര്‍ന്ന് കിടക്കുന്ന ദ്വീപ് സമൂഹത്തില്‍ താമസിക്കുന്ന ജനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."