അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബോഡിമെട്ടിലെ ചെക്ക്‌പോസ്റ്റ് കെട്ടിടം കെട്ടിടം തിരുവിതാംകൂര്‍ രാജഭരണകാലത്ത് പണികഴിപ്പിച്ചത്
രാജാക്കാട്: ബോഡിമെട്ടിലെ സെയില്‍ടാക്‌സ് കെട്ടിടം ചോര്‍ന്നൊലിക്കുന്നു. കുടചൂടിയിരുന്നാണു ജീവനക്കാര്‍ നേരംവെളുപ്പിക്കുന്നത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം തിരുവിതാംകൂര്‍ രാജഭരണകാലത്തു പണികഴിപ്പിച്ചതാണ്.
ലക്ഷക്കണക്കിനുരൂപാ മാസം വരുമാനം ലഭിക്കുമ്പോഴും കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ നടത്തുന്നതിന് അധികൃതര്‍ തയ്യാറാകുന്നില്ല.
തിരുവിതാംകൂര്‍-മദിരാശി നാട്ടുരാജ്യങ്ങള്‍ അതിര്‍ത്തി പങ്കിട്ടിരുന്ന ബോഡിമെട്ടുവഴിയാണു രണ്ടു പ്രദേശങ്ങളിലേക്കും നാണ്യവിളകളും, ഭക്ഷ്യ ധാന്യങ്ങളും മറ്റും കൊണ്ടുവരികയും, കൊണ്ടുപോകുകയും ചെയ്തിരുന്നത്. ഈ സാഹചര്യത്തില്‍ ഖജനാവിലെ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനായി തിരുവിതാംകൂര്‍ മഹാരാജാവ് ചുങ്കം പിരിക്കുന്നതിന് വേണ്ടി കസ്റ്റംസ് ഹൗസ് എന്ന പേരില്‍ ഇവിടെ കെട്ടിടം പണിയുകയായിരുന്നു. പിന്നീട് സംസ്ഥാന രൂപീകരണത്തിന് ശേഷം കേരള-തമിഴ്‌നാട് പ്രധാന അതിര്‍ത്തി പ്രദേശമായ ഇവിടെ ഇതേ കെട്ടിടത്തില്‍ വാണിജ്യ നികുതിവകുപ്പിന്റെ ചെക്ക് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിട നിര്‍മ്മാണത്തിന് ശേഷം പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ഓടുകൊണ്ടുണ്ടായിരുന്ന മേല്‍ക്കൂര പൊളിച്ച് നീക്കി പകരം ആസ്ബറ്റോസ് ഷീറ്റുകള്‍ മേയുകയായിരുന്നു. ഇതിന് ശേഷം അര നൂറ്റാണ്ട് പിന്നിടുമ്പോഴും ഇതുവരെ ഒരുവിധ അറ്റകുറ്റപ്പണിയും നടത്തുന്നതിന് അധികൃതര്‍ തയ്യാറായിട്ടില്ല.
നിലവില്‍ എട്ടു ജീവനക്കാരാണ് ഇവിടെയുള്ളത്. ഇവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ഓഫിസ് പ്രവര്‍ത്തിക്കുന്നതിനു വേണ്ട ഒന്നും തന്നെയോ ഇവിടെയില്ല. നിലവില്‍ കേരളത്തിന്റെ വൈദ്യുതി ഈ കെട്ടിടത്തിന് അടുത്തുവരെ എത്തിയിട്ടുണ്ടെങ്കിലും ഇവിടെയുള്ളത് തമിഴ്‌നാട് നല്‍കുന്ന വൈദ്യുതിയാണ്.
ചെറിയകാറ്റുവീശിയാല്‍ പോലും വൈദ്യുതി മുടങ്ങുന്നതിനാല്‍ ശക്താമായ മഞ്ഞും മഴയുമുള്ളദിവസങ്ങളില്‍ രാത്രിയിലടക്കം വെളിച്ചവും, ടെലഫോണ്‍ സംവിധാനവുമില്ലാത്ത അവസ്ഥയാണ് ഉള്ളത്. മാത്രവുമല്ല ഫയലുകള്‍ സൂക്ഷിക്കുന്നതിന് സുരക്ഷിതമായ അലമാരയോ മറ്റ് സംവിധാങ്ങളോ ഇല്ല. ഇരിക്കുന്നതിന് ആവശ്യമായ കസേരയോ കിടക്കുന്നതിന് കട്ടിലുകളോ ഇല്ല.
അതുകൊണ്ട് തന്നെ കടുത്ത തണുപ്പില്‍ സിമന്റ് കട്ടകള്‍ ഉയര്‍ത്തിവച്ച് ഇതിന് മുകളില്‍ പലകകള്‍ നിരത്തിയാണ് ജീവനക്കാര്‍ കിടക്കുന്നത്.
കെട്ടിടത്തിന് പുറത്തായി നിര്‍മിച്ചിരിക്കുന്ന ശൗചാലയവും മേച്ചില്‍ഷീറ്റുകള്‍ തകര്‍ന്ന് ഉപയോഗിക്കുവാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇത്തരത്തില്‍ വലിയ ദുരിതത്തില്‍ ജീനക്കാര്‍ കഴിയുമ്പോഴും പ്രതിമാസം രണ്ടുലക്ഷത്തിലധികം രൂപ ഇവിടെ നിന്നും സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിക്കുന്നുണ്ട്. എന്നിട്ടും ഈ ദുരിതജീവിതത്തിന് പരിഹാരം കാണുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. മുപ്പതുവര്‍ഷത്തോളം പഴക്കമുള്ള ക്രോസ് ബാര്‍തുരുമ്പെടുത്തു തകര്‍ന്നുവീണ സാഹചചര്യത്തില്‍ ജീവനക്കാര്‍ തന്നെയാണ് ഇത് പുതുക്കി നിര്‍മിച്ചത്.
ഇത്തരത്തില്‍ ജീവനക്കാരെ അവഗണിക്കുന്നതിന് ഒപ്പം കേരള ചരിത്രത്തിന്റെ ഭാമായി ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടംകൂടിയാണ് അനുദിനം നശിച്ചുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."