ആത്മഹര്‍ഷത്തിന്റെ ദിനരാത്രങ്ങളെ സമൃദ്ധമാക്കുക
ആത്മശുദ്ധീകരണത്തിന്റെ ദിനരാത്രങ്ങളാണ് റമദാന്‍ വിശ്വാസികള്‍ക്ക് സമ്മാനിക്കുന്നത്. സ്രഷ്ടാവിലേക്കുള്ള സമ്പൂര്‍ണ സമര്‍പ്പണമാണ് ആരാധനകളുടെ കാതല്‍. റമദാനും വ്രതനാഷ്ടാനവും ഇതിനു പ്രാപ്തമാക്കുകയാണ്. ദുര്‍ചിന്തകളില്‍ നിന്നും ദുര്‍പ്രവര്‍ത്തനങ്ങളില്‍ നിന്നും മനസിനെയും ശരീരത്തെയും സംസ്‌കരിച്ചെടുക്കാനുള്ള പരിശീലനമാണ് ഓരോ വിശ്വാസിക്കും റമദാന്‍ നല്‍കുന്നത്.
വിശപ്പു സഹിച്ചും ഉറക്കമൊഴിച്ചും നിരന്തര കര്‍മങ്ങളിലൂടെ ജീവിതം കൈവരിക്കാന്‍ പ്രാപ്തി നേടിയെടുക്കാനുള്ള സന്ദര്‍ഭങ്ങളാണോരോന്നും. ആരാധനകളില്‍ മുഴുകി തിന്‍മകളില്‍ നിന്നെല്ലാം അകലം പാലിക്കുക. അതു ജീവിത ചര്യയായി തുടരുക. നബി(സ്വ) പറഞ്ഞു'അഞ്ചു കാര്യങ്ങള്‍ നോമ്പിനെ നഷ്ടപ്പെടുത്തിക്കളയും; ഏഷണി, പരദൂഷണം, കള്ള സത്യം, വികാരത്തോടെയുള്ള നോട്ടം, കളവ് പറയല്‍'. മറ്റൊരു ഹദീസ് ഇപ്രകാരമാണ്.'നിങ്ങളിലൊരാള്‍ക്ക് വ്രതാനുഷ്ഠാന ദിനം വന്നാല്‍ ദുഷിച്ച വാക്കുകള്‍ പറയുകയോ അനാവശ്യം സംസാരിക്കുകയോ ചെയ്യരുത്. അവനെ വല്ലവനും ചീത്ത പറയുകയോ കൈയേറ്റം ചെയ്യുകയോ ചെയ്താല്‍ താന്‍ നോമ്പുകാരനാണെന്ന് പറഞ്ഞുകൊള്ളട്ടെ (ബുഖാരി, മുസ്‌ലിം). പൈശാചിക പ്രവണതകളെ തിരസ്‌കരിക്കുകയും കര്‍മാനുഷ്ഠാനങ്ങളില്‍ സൂക്ഷ്മത കൈവരിക്കുകയും ചെയ്യുക. നോമ്പിന്റെ പ്രതിഫലം നഷ്ടമാകുന്ന വിധമുള്ള സംസാരങ്ങളും പ്രവൃത്തികളും ഉപേക്ഷിക്കണം.
കാരുണ്യവും പാപമോചനവും നരക മോചനവുമാണ് ഈ മാസം നമുക്ക് നല്‍കുന്നത്. അല്ലാഹു പറയുന്നു:''സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം'(ഖുര്‍ആന്‍). തിരുനബി(സ്വ) പറഞ്ഞു.'നിങ്ങള്‍ കരുണ ചെയ്യുക എന്നാല്‍ നിങ്ങള്‍ക്ക് കരുണ ലഭിക്കും. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് മാപ്പു നല്‍കുക, എന്നാല്‍ നിങ്ങള്‍ക്ക് മാപ്പ് ലഭിക്കും(അഹ്മദ്). ജീവിതത്തിലെ സുഖ സൗകര്യങ്ങളെല്ലാം അവന്റെ കാരുണ്യമാണെന്ന ബോധ്യം വേണം. അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്ന് വിദൂരമാവുന്നവര്‍ക്ക് ഒരിക്കലും വിജയിക്കാനാവില്ല. പരീക്ഷണങ്ങളേയും പ്രതിസന്ധികളേയും അതിജയിക്കാനാവുന്നതും വിജയം ലഭിക്കുന്നതും സ്രഷ്ടാവില്‍ നിന്നുള്ള കാരുണ്യം കൊണ്ടു മാത്രമാണ്. പാപങ്ങളെ കരിച്ചുകളഞ്ഞു ശുദ്ധീകരണത്തിനുള്ള സന്ദര്‍ഭമാണിത്. ആത്മാര്‍ഥമായി അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും പാപമോചനം തേടുകയും വേണം. ആത്മാര്‍ഥമായ പശ്ചാത്താപത്തിലൂടെ അല്ലാഹു പൊറുത്തുകൊടുക്കും. അല്ലാഹു പറയുന്നു.''നബിയേ, താങ്കള്‍ പറയുക. സ്വശരീരങ്ങളുടെ മേല്‍ അമിതമായി (അക്രമം) പ്രവര്‍ത്തിച്ച എന്റെ അടിമകളേ, അല്ലാഹുവിന്റെ കാരുണ്യത്തെ തൊട്ട് നിങ്ങള്‍ നിരാശരാവരുത്. തീര്‍ച്ചയായും അല്ലാഹു സകല പാപങ്ങളും പൊറുക്കും. തീര്‍ച്ചയായും അവന്‍ പാപം പൊറുക്കുന്നവനും കരുണാവാരിധിയുമാണ്'(ഖുര്‍ആന്‍).
റമദാന്‍ എന്ന പരിശീലന കാലത്തെ സുകൃതങ്ങളാല്‍ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് തുടര്‍ജീവിതത്തെശോഭനമാക്കാം. സ്ഫുടം ചെയ്ത ആത്മാവും ആത്മാര്‍ഥമായ കര്‍മങ്ങളും പാരത്രിക മോക്ഷത്തിലേക്കാണ് ആനയിക്കുന്നത്. ജീവിതചര്യയെ അത്തരത്തില്‍ ക്രമീകരിക്കാനാവുകയെന്നതാണ് അല്ലാഹുവിന്റെയടുക്കല്‍ ഓരോ സൃഷ്ടിക്കും നേടാനുള്ള സൗഭാഗ്യം. അവരാണ് അന്തിമ വിജയികളായി പ്രഖ്യാപിക്കപ്പെട്ടതും. ജീവിതത്തിലുടനീളം യാഥാര്‍ഥ്യത്തെ കുറിച്ചു ബോധമുള്‍ക്കൊള്ളുമ്പോള്‍, നമ്മുടെ സഞ്ചാരപാതയും സുഗമമായിത്തീരുന്നു. ആത്മീയമായ നവോല്‍ക്കര്‍ഷത്തെ സമ്മാനിക്കുകയും മോക്ഷത്തിനായി പ്രാപ്തമാക്കുകയും ചെയ്യുന്ന വിശുദ്ധിയുടെ ദിനരാത്രികളെ ആരാധനകളാള്‍ സമൃദ്ധമാക്കുകയാണ് അതിനു വേണ്ടത്. അവര്‍ക്കായി തുറക്കപ്പെട്ട വിശുദ്ധ കവാടമാണ് റയ്യാന്‍. അല്ലാഹു തൗഫീഖ് നല്‍കട്ടെ.ആമീന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."