പ്ലസ്‌വണ്‍ അപേക്ഷകര്‍ നാലരലക്ഷമായി
മലപ്പുറം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ അപേക്ഷകരുടെ എണ്ണം നാലര ലക്ഷമായി. പ്ലസ്‌വണ്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെയാണ് സംസ്ഥാനത്ത് നിലവിലുള്ള സീറ്റുകളുടെ എണ്ണത്തേക്കാള്‍ അധികമായി അരലക്ഷം വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇന്നലെ വൈകിട്ട് 6.30 വരെ പതിനാലു ജില്ലകളില്‍ നിന്നായി 4,49,845 വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിച്ചു.
പ്ലസ്‌വണ്‍ സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഇന്നലെ വരെ 78,096 വിദ്യാര്‍ഥികള്‍ മലപ്പുറത്തുനിന്ന് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചു. സംസ്ഥാന സിലബസില്‍ 10-ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്കു പുറമേ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, മറ്റു ഇതരസംസ്ഥാന സിലബസുകളില്‍ ഇതേരീതിയില്‍ പഠനം പൂര്‍ത്തിയാക്കിയവരും പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള പ്ലസ്‌വണ്‍ സീറ്റുകളിലേക്കു പ്രവേശനം നേടുന്നതിന് അപേക്ഷകരായുണ്ട്.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി സംസ്ഥാനത്ത് ആകെ 4,22,853 സീറ്റുകളാണുള്ളത്. ഇതില്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്‌പോര്‍ട്‌സ് വിഭാഗങ്ങളിലായി ലഭ്യമായ മെറിറ്റ് സീറ്റുകള്‍ 2,94,900 ആണ്. ഇതിലേക്കുള്ള പ്രവേശനമാണ് ഏകജാലക സംവിധാനത്തിലൂടെ നടക്കുന്നത്.
സംസ്ഥാന സിലബസില്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയ 4,34,610 വിദ്യാര്‍ഥികളാണ് ഇന്നലെ വരെ അപേക്ഷ നല്‍കിയത്. വിവിധ ജില്ലകളില്‍ നിന്നായി 4082 ഐ.സി.എസ്.ഇ വിദ്യാര്‍ഥികളും 558 സി.ബി.എസ്.ഇ വിദ്യാര്‍ഥികളും 10,595 ഇതര സിലബസുകളില്‍ പഠനം നടത്തിയവരും ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കുന്നതോടെ അപേക്ഷകരുടെ എണ്ണം ഇനിയും ഗണ്യമായി വര്‍ധിക്കും.
പ്ലസ് വണ്‍ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കല്‍ ഇന്ന് അവസാനിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സി.ബി.എസ്.ഇ ഫലം പുറത്തുവരാത്തതിനെ തുടര്‍ന്ന് ഇത് ഈ മാസം 30ലേക്കു നീട്ടുകയായിരുന്നു. ആദ്യഘട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 13ന് ക്ലാസ് ആരംഭിക്കാനായിരുന്നു പദ്ധതി. അപേക്ഷാ തിയതി രണ്ടാഴ്ചയോളം ദീര്‍ഘിപ്പിച്ചതോടെ ക്ലാസ് ആരംഭിക്കുന്ന സമയം ഇനിയും വൈകും. അതേസമയം, സി.ബി.എസ്.ഇ ഫലം ഈ മാസം അവസാനത്തില്‍ മാത്രമേ പുറത്തുവരൂ എന്നാണ് വിവരം. സി.ബി.എസ്.ഇ ഫലം വന്ന് രണ്ടു ദിവസമെങ്കിലും അപേക്ഷിക്കാന്‍ അവസരം നല്‍കിയ ശേഷമായിരിക്കും ഏകജാലക പ്രവേശന അപേക്ഷ സ്വീകരിക്കല്‍ അവസാനിപ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."