മീനച്ചിലാര്‍ കൈയേറ്റം നഗരസഭാ അധികൃതരുടെ നിസഹകരണം; അതിര്‍ത്തി നിര്‍ണയം നടപ്പായില്ല
ഏറ്റുമാനൂര്‍ : പേരൂര്‍ ഭാഗത്ത് മീനച്ചിലാറിന്റെ തീരത്തെ കൈയേറ്റം അളന്നു തിരിക്കാനുള്ള ശ്രമം ഏറ്റുമാനൂര്‍ നഗരസഭാ അധികൃതരുടെ നിസഹകരണം മൂലം വിഫലമായി.
ഇതുരണ്ടാം തവണയാണു മീനച്ചിലാറ്റിലെ കൈയേറ്റം ഒഴുപ്പിക്കാനായി തീരം അളന്നു തിരിക്കുവാന്‍ അഡീഷണല്‍ തഹസില്‍ദാര്‍ ഉത്തരവിടുന്നത്. നഗരസഭാ അധികൃതരുടെ നിലപാടിനെതിരെ ശക്തമായ രീതിയില്‍ താലൂക്ക് സര്‍വേയറും വില്ലേജ് ഓഫിസറും രംഗത്തെത്തി.
വാര്‍ഡ് കൗണ്‍സിലറുടെ സഹോദരന്‍ കൈയേറ്റക്കാരില്‍ ഒരാളായതിനാലും വര്‍ഷങ്ങളായി നടന്നുവരുന്ന കൈയേറ്റം ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ ആയതിനാലുമാണു നഗരസഭാ അധികൃതര്‍ സഹകരിക്കാത്തതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും പറയുന്നു.
ശനിയാഴ്ച രാവിലെ 11.30 മണിയോടെ താലൂക്ക് സര്‍വേയര്‍ ബൈജു ചെയിന്‍മാന്‍, വില്ലേജ് ഓഫിസര്‍, വില്ലേജ് അസിസ്റ്റന്റ് എന്നിവരോടൊത്ത് കിണറ്റിന്‍മൂട്കടവില്‍ എത്തിയിരുന്നു. അഡീഷണല്‍ തഹസില്‍ദാരും വില്ലേജ്ഓഫിസറും നോട്ടീസ് നല്‍കിയിട്ട് പോലും വാര്‍ഡ്കൗണ്‍സിലര്‍ ഉള്‍പ്പെടെ നഗരസഭയില്‍ നിന്ന് അധികൃതരാരും എത്തിയില്ല.
പൂവത്തുംമൂട് പാലം മുതല്‍ കിണറ്റിന്‍ മൂട് തൂക്കുപാലം വരെയുള്ള 1.4 കിലോമീറ്റര്‍ ദൂരത്തില്‍ 35 ഏക്കറിലധികം സര്‍ക്കാര്‍ഭൂമിയാണ് സ്വകാര്യവ്യക്തികള്‍ കൈയേറി കൃഷിയിറക്കിയിരിക്കുന്നത്. ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് മോന്‍സി പി. തോമസിന്റെയും പ്രവര്‍ത്തകരുടെയും നിരന്തരമായ പരാതികളുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 28ന് വിവാദ ഭൂമി അളന്നു തിരിക്കാന്‍ അഡീഷണല്‍ തഹസില്‍ദാര്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് കൈയേറ്റക്കാരിലെ ചിലര്‍ക്കു വേണ്ടി അഡീഷണല്‍ തഹസില്‍ദാര്‍ തന്നെ അളവ് മാറ്റി വയ്ക്കുകയായിരുന്നു.
ആക്ഷന്‍കൗണ്‍സില്‍ കലക്ടര്‍ക്കും മന്ത്രിമാര്‍ക്കും വീണ്ടും നിവേദനങ്ങള്‍ നല്‍കിയതിനെ തുടര്‍ന്നാണു ശനിയാഴ്ച അളക്കുവാന്‍ അഡീഷണല്‍ തഹസില്‍ദാര്‍ വീണ്ടും ഉത്തരവിട്ടത്. സര്‍വേ കല്ലുകള്‍ കണ്ടെത്തി അളന്നു തിരിക്കാനാവാത്ത വിധം കാട്കയറി നില്‍ക്കുന്നതിനാല്‍ കൂടുതല്‍ ആളുകളില്ലാതെയും പൊലിസ് സംരക്ഷണമില്ലാതെയും ഇവിടെ അതിര്‍ത്തി നിര്‍ണയം സാധ്യമല്ലെന്നാണു സര്‍വേയറുടെ പക്ഷം. രണ്ട് സര്‍വേയര്‍മാരും ആവശ്യത്തിനു സഹായികളും ഉണ്ടെങ്കില്‍ തന്നെ രണ്ട് ആഴ്ചകൊണ്ടേ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയാവു. കാട് വെട്ടിതെളിച്ച് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് നഗരസഭയാണ്. ഇവരാകട്ടെ കൈയേറ്റക്കാര്‍ക്ക് അനുകൂലവും. ശനിയാഴ്ച സ്ഥലം സന്ദര്‍ശിച്ചതിന്റെ വിശദമായ റിപ്പോര്‍ട്ട് സര്‍വേയര്‍ ഇന്ന് തഹസില്‍ദാര്‍ക്കു നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."