കെ.എസ്.ആര്‍.ടി.സി സ്ഥലംമാറ്റം അതേപടി നടപ്പിലാക്കാന്‍ എം.ഡി
തിരുവനന്തപുരം: 16 വര്‍ഷത്തിനു ശേഷം കെ.എസ്.ആര്‍.ടി.സിയില്‍ പുറത്തിറങ്ങിയ പൊതുസ്ഥലംമാറ്റ പട്ടിക അതേപടി നടപ്പിലാക്കാന്‍ എം.ഡി ടോമിന്‍ തച്ചങ്കരി നിര്‍ദേശം നല്‍കി.
അതിഗുരുതരമായ രോഗപ്രശ്‌നങ്ങളോ, അത്തരത്തിലുള്ള ഒഴിവാക്കാനാകാത്ത എന്തെങ്കിലും കാരണങ്ങളുള്ളവരെ മാത്രം കരടു സ്ഥലംമാറ്റ പട്ടികയില്‍നിന്ന് ഒഴിവാക്കിയാല്‍ മതിയെന്നാണ് തച്ചങ്കരിയുടെ നിര്‍ദേശം. അതിനാല്‍ യൂനിയന്‍ നേതാക്കളെ അവര്‍ക്കു ലഭിക്കുന്ന സംരക്ഷണത്തിന്റെ പേരില്‍ സ്ഥലംമാറ്റത്തില്‍നിന്ന് ഒഴിവാക്കില്ലെന്ന സൂചനയും നല്‍കുന്നു.
കഴിഞ്ഞ 15നാണ് കെ.എസ്.ആര്‍.ടി.സി പൊതുസ്ഥലംമാറ്റ പട്ടിക പുറത്തിറക്കിയത്. യൂനിറ്റുകളില്‍ ജീവനക്കാരുടെ അഭാവം കാരണം സര്‍വിസ് മുടങ്ങുന്നത് ഉള്‍പ്പെടെ ഒഴിവാക്കാനാണ് കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്ഥലംമാറ്റ പട്ടിക പുറത്തിറക്കിയത്. ഈ കരട് പട്ടികയില്‍ 19ന് മുന്‍പ് ആക്ഷേപമറിയിക്കാന്‍ അവസരവും നല്‍കിയിരുന്നു. ഇതു പരിഗണിച്ചശേഷം 22ന് പട്ടിക പുറത്തിറക്കും.
സ്ഥലംമാറ്റത്തില്‍ ആക്ഷേപമുള്ളവരുടെ അപേക്ഷ സ്വീകരിച്ച് കൃത്യമായ പരിശോധന നടത്തണമെന്നും യൂനിയന്‍ പ്രൊട്ടക്ഷന്റെ പേരില്‍ പരിഗണന നല്‍കേണ്ടതില്ലെന്നും എന്നാല്‍ കാര്യമായ കാരണങ്ങളുള്ളവര്‍ക്ക് ഇളവ് അനുവദിക്കണമെന്നുമാണ് തച്ചങ്കരി അറിയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."