പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കാന്‍ കടമ്പകളേറെ
തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കുന്നതില്‍ കടമ്പകളേറെ.
പെട്ടെന്ന് ഇതു പിന്‍വലിക്കാന്‍ കഴിയില്ല. പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി ആക്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരും മറ്റു സംസ്ഥാന സര്‍ക്കാരുകളും നടപ്പിലാക്കിയതിനെ തുടര്‍ന്നാണ് 2013 ഏപ്രില്‍ ഒന്നു മുതല്‍ കേരളത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയത്. എന്‍.എസ്.ഡി.എല്‍, എന്‍.പി.എസ് ട്രസ്റ്റ് എന്നിവരുമായാണ് സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചത്.
ഇടതു സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കുമെന്ന വാഗ്ദാനം ഉണ്ടായിരുന്നു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികമായിട്ടും ഇതു നടക്കാത്തതില്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരേ രംഗത്തു വരികയും ചെയ്തു.
ഇതേതുടര്‍ന്ന് സര്‍ക്കാരിനുമേല്‍ യൂനിയനുകളുടെ ശക്തമായ ഇടപെടലുമുണ്ടായി. തുടര്‍ന്ന് പെന്‍ഷന്‍ പുനഃപരിശോധിക്കുന്നതു സംബന്ധിച്ച് പഠിക്കുന്നതിനുള്ള ഘടന തീരുമാനിക്കാന്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയായിരുന്നു.
സമിതിയിലെ അംഗങ്ങള്‍ ആരൊക്കെ, പരിഗണനാ വിഷയങ്ങള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങളില്‍ നല്‍കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാകും തുടര്‍ നടപടി. ഒരാഴ്ചയ്ക്കകം ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിക്കും. തുടര്‍ന്ന് സമിതി രൂപീകരിക്കും. ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയെങ്കിലുമെടുക്കും അന്തിമ റിപ്പോര്‍ട്ട് ലഭിക്കാന്‍. അതിനുശേഷമേ തുടര്‍ നടപടിയുണ്ടാകൂ.
നവംബര്‍ ഒന്നു വരെയുള്ള കണക്കനുസരിച്ച് സര്‍ക്കാരിന്റെയും ജീവനക്കാരുടെയും സംയുക്ത വിഹിതമായി 702 കോടി രൂപ അടച്ചിട്ടുണ്ട്. ഈ പണം എങ്ങനെ കൈകാര്യം ചെയ്യണമെന്നതാണ് പ്രധാന പ്രശ്‌നം. ഏകപക്ഷീയമായി പണം പിന്‍വലിക്കാനാകില്ല.
പെന്‍ഷന്‍ ഫണ്ട് അതോറിറ്റിയുമായി ഒപ്പുവച്ച കരാറില്‍നിന്ന് പുറത്തു പോവുകയും വേണം. കെ.എസ്.ആര്‍ പാര്‍ട്ട് (മൂന്ന്) ചട്ടം ഭേദഗതി ചെയ്യുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ വേറെ. ഇതെല്ലാം ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാകുമോ എന്നാണ് സംശയം. 2013ല്‍ ആരംഭിച്ച പങ്കാളിത്ത പെന്‍ഷനില്‍ എഴുപതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ അംഗങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."