ഇങ്ങനെയുമുണ്ടോ മനുഷ്യര്‍? റിയാദില്‍ മരിച്ച മലയാളിയുടെ മൃതദേഹം വേണ്ട; ചിലവ് തുക നല്‍കിയാല്‍ സ്വീകരിക്കാമെന്ന് വീട്ടുകാര്‍
റിയാദ്: റിയാദില്‍ മരണപ്പെട്ട മലയാളിയുടെ മൃതദേഹം വേണ്ടെന്ന് കുടുംബങ്ങള്‍. വീട്ടുകാരുടെ പിടിവാശിക്കു മുന്നില്‍ മരിച്ചയാളുടെ കുടുംബങ്ങളെ കണ്ടെത്താന്‍ കഷ്ടപ്പെട്ട സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലായിയിരിക്കുകയാണ്.
ആലപ്പുഴ മാവേലിക്കര സ്വദേശി സോമന്‍ തങ്കപ്പന്‍ (61) ഈ മാസം ഒന്നിനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ഇഖാമയോ മറ്റു രേഖകളോ ഇല്ലാത്തതിനെ തുടര്‍ന്ന് മൃതദേഹം പോലും മാറ്റാന്‍ പൊലിസ് വിസമ്മതിച്ചിരുന്നു. പിന്നീട് രാത്രിയോടെ ഉയര്‍ന്ന ഉദ്യോഗസ്ഥരെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ് എത്തിയ മലയാളി സംഘടനകളും ഇയാളുടെ വിലാസം കണ്ടെത്താന്‍ കഴിയാതെ കുഴങ്ങി. ഇഖാമയോ പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ വിരലടയാളമോ ഇല്ലാത്തതിനാല്‍ യാതൊരുവിധ വിവരവും ലഭ്യമായില്ല. ഇതു കാരണം സ്‌പോണ്‍സറെ കണ്ടെത്താനും കഴിഞ്ഞില്ല.
25 വര്‍ഷമായി സഊദിയില്‍ കാര്‍ മെക്കാനിക്കായി ജോലി നോക്കുന്ന സോമന്റെ കുടുംബത്തെ കണ്ടെത്താനും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് കണ്ടെത്താനും ഏറെ ബുദ്ധിമുട്ടി. മാവേലിക്കര സ്വദേശിയാണെന്നും അവിടെ ചായക്കട നടത്തുന്ന ഗോപാലന്‍ എന്ന സുഹൃത്തിനെക്കുറിച്ച് പറയാറുണ്ടായിരുന്നുവെന്നതാണ് ആകെ കിട്ടിയ ഒരു തെളിവ്.
തുടര്‍ന്നു പിന്നില്‍ പ്രവര്‍ത്തിച്ച ചില സാമൂഹ്യ പ്രവര്‍ത്തകര്‍ മാവേലിക്കരയിലും പരിസരങ്ങളിലും അന്വേഷണം നടത്തി ചായക്കട നടത്തുന്ന ഗോപാലനെ കണ്ടെത്തി. അപ്പോഴാണ് മൂന്ന് പതിറ്റാണ്ടു മുമ്പ് സോമനും കുടുംബവും മുംബൈയിലേക്കു പോയ വിവരം ലഭിച്ചത്. തുടര്‍ന്ന് വിലാസം കണ്ടെത്തി ഭാര്യ പൊന്നമ്മയെ ബന്ധപ്പെട്ടു. പക്ഷേ, നിരാശയുടെയും ആശങ്കയുടെയും മുള്‍മുനയില്‍ നിര്‍ത്തുന്ന മറുപടിയാണ് ഇവിടെ നിന്നും ലഭിച്ചത്. 20 വര്‍ഷത്തിലധികമായി തങ്ങളുമായി ബന്ധപ്പെടാത്ത വ്യക്തിയെ ഞങ്ങള്‍ക്ക് മരണത്തിനു ശേഷവും കാണേണ്ടതില്ലെന്നായിരുന്നു ഭാര്യയുടെയും മക്കളുടെയും മറുപടി.
1995 ല്‍ നാട്ടില്‍ പോയി വന്നതിനു ശേഷം 22 വര്‍ഷമായി കുടുംബാംഗങ്ങളുമായി സോമനു ബന്ധമില്ലായിരുന്നു. മകന്റെ മരണ ശേഷം കുടുംബത്തെ ഉപേക്ഷിക്കുകയായിരുന്നു സോമന്‍. ഗള്‍ഫില്‍ വരുന്നതിനു മുമ്പ് മുംബൈയില്‍ ജോലി ചെയ്തിരുന്ന കാലയളവില്‍ അവിടെ പരിചയപ്പെട്ട മലയാളിയെ വിവാഹം ചെയ്യുകയായിരുന്നു.
നവോദയ പ്രവര്‍ത്തകരായ ബാബു വടകര, സുരേഷ് സോമന്‍, ലത്തീഫ് കല്ലമ്പലം, ബാബുജി എന്നിവരാണ് നാട്ടിലും റിയാദിലുമായി അന്വേഷണത്തിനു നേതൃത്വം നല്‍കിയത്. ജീവകാരുണ്യ പ്രവര്‍ത്തകരുടെ നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ഇതുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് വേണ്ട തുക എത്തിച്ചുകൊടുക്കാമെന്ന ഉറപ്പില്‍ മൃതദേഹം സ്വീകരിക്കാമെന്നും സമ്മതപത്രം അയയ്ക്കാമെന്നും ഒടുവില്‍ കുടുംബം സമ്മതിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."