ഫല്ലുജ പൂര്‍ണമായും തിരിച്ചുപിടിച്ചെന്ന് സൈന്യം
ബഗ്ദാദ്: ഐ.എസിന്റെ കൈവശത്തിലിരുന്ന ഫല്ലുജ നഗരം പൂര്‍ണമായി തിരിച്ചുപിടിച്ചതായി ഇറാഖ് സൈന്യം. ഐ.എസ് നിയന്ത്രണത്തിലിരുന്ന നഗരത്തിലെ അവസാന ഗ്രാമവും ഇന്നലെയാണ് ഇറാഖ് സേന പിടിച്ചെടുത്തത്. ഇതോടെ ഫല്ലുജയില്‍ നിന്ന് ഐ.എസിനെ തുരത്തിയതായി സൈന്യം പ്രഖ്യാപിച്ചു. എന്നാല്‍ വടക്കുപടിഞ്ഞാറ് മേഖലയില്‍ ഐ.എസ് നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് സൈന്യം പ്രവേശിച്ചതായി തീവ്രവാദ വിരുദ്ധ സേനയുടെ മേധാവി ലെഫ്. ജനറല്‍ അബ്ദുല്‍ വാഹദ് അല്‍ സആദി പറഞ്ഞു. ബഗ്ദാദിന് 50 കി.മി പടിഞ്ഞാറാണ് ഫല്ലുജ നഗരം സ്ഥിതിചെയ്യുന്നത്.
2014 ജനുവരിയിലാണ് ഫല്ലുജ നഗരം ഐ.എസ് നിയന്ത്രണത്തിലായത്. കഴിഞ്ഞ മെയിലാണ് നഗരം തിരിച്ചുപിടിക്കാനുള്ള സൈനിക നീക്കം സര്‍ക്കാര്‍ തുടങ്ങിയത്. നഗരത്തിലെ സര്‍ക്കാര്‍ കെട്ടിടം തിരിച്ചുപിടിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി ഈമാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഫല്ലുജ തിരിച്ചുപിടിക്കാനുള്ള സൈനിക നീക്കത്തിനിടെ 1,800 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ലഫ്. ജനറല്‍ സആദി പറഞ്ഞു.
പടിഞ്ഞാറന്‍ മേഖലയിലെ പോസ്റ്റാണ് ഇന്നലെ ഐ.എസില്‍ നിന്ന് സൈന്യം പിടിച്ചെടുത്തത്. ഗോലന്‍ എന്നാണ് ഈ പ്രദേശത്തിന്റെ പേര്. ഇതോടെ ഫല്ലുജ ഓപറേഷന്‍ പൂര്‍ത്തിയായി. ഇറാഖ് തലസ്ഥാനത്തോട് ചേര്‍ന്നു കിടക്കുന്ന പൈതൃകഭൂമിയാണ് ഫല്ലുജ. ഐ.എസ് തുടക്കം മുതല്‍ കൈവശംവച്ച ഈ പ്രദേശം ഇറാഖ് സൈന്യത്തിനും സര്‍ക്കാരിനും വലിയ വെല്ലുവിളിയായിരുന്നു. സുന്നി ഭൂരിപക്ഷ മേഖലയാണ് ഫല്ലുജ.
ഇവിടെ ശിഈ വിഭാഗവുമായി തര്‍ക്കം നിലനിന്നിരുന്നു. ഫല്ലുജയിലെ ജനജീവിതം ദുസ്സഹമായതോടെ പതിനായിരത്തിലേറേ പേര്‍ ഇവിടെനിന്ന് പലായനം ചെയ്തിരുന്നു. വേനല്‍ചൂട് കനത്തതോടെ പ്രദേശത്തെ പ്രായമായവരും സ്ത്രീകളും കുട്ടികളും പലായനം തുടരുന്നുണ്ടെന്ന് നോര്‍വേജിയന്‍ റെഫ്യൂജി കൗണ്‍സില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."