സ്ഥിരമായി വൈദ്യുതി തടസം യൂത്ത് കോണ്‍ഗ്രസ് പത്തിരിപ്പാല കെ.എസ.്ഇ.ബി ഓഫിസ് ഉപരോധിച്ചു
ഒറ്റപ്പാലം: മണ്ണൂരില്‍ സ്ഥിരം വൈദ്യുതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പത്തിരിപ്പാല കെ.എസ്.ഇ.ബി ഓഫിസ് ഉപരോധിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും പഞ്ചായത്തംഗവുമായ എ ഷഫീക്, പഞ്ചായത്തംഗം കെ.എം നൂര്ജഹാന്, എം. റഫീഖ് നേതൃത്വം നല്കി. അമ്പലപ്പാറ സെക്ഷന്‍ പരിധിയിലേക്ക് മണ്ണൂര്‍ ഫീഡറില്‍നിന്ന് വൈദ്യുതി നല്കുന്നതിനാല് അമ്പലപ്പാറ, വേങ്ങശ്ശേരി ഭാഗത്തുണ്ടാകുന്ന വൈദ്യുതിതടസം മണ്ണൂരിനെ ബാധിക്കുന്നതായാണ് പരാതി.
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി അമ്പലപ്പാറഭാഗത്ത് മരങ്ങള്‍ വീണ് വ്യാപക വൈദ്യുതി തടസമുണ്ടായത് മണ്ണൂര്‍ പഞ്ചായത്തിനേയും ഇരുട്ടിലാക്കി.
മണ്ണൂര്‍, കാഞ്ഞിരംപാറ, കൊട്ടക്കുന്ന്, ചോലക്കുന്ന്, പടിപ്പുരക്കാട് പ്രദേശത്ത് ദിവസം ഒരു മണിക്കൂര്‍ പോലും കറന്റ് കിട്ടുന്നില്ലെന്നാണ് പരാതി.
മണ്ണൂര്‍ ഫീഡര്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് പാലക്കാട് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഫോണിലൂടെ ഉറപ്പുനല്‍കിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."