'ആനകെട്ടി വാഴുക'യാണ് ജയശ്രീ അയ്യര്‍
പാലക്കാട്: ആനക്കെട്ടി വാഴുന്ന പ്രതാപം നിലനിര്‍ത്താന്‍ ഇന്നും ആനയെ വളര്‍ത്തുകയാണ് കല്‍പാത്തി സ്വദേശിനിയായ ജയശ്രീ അയ്യര്‍. അച്ഛന്റെ കാലശേഷം ജയശ്രീയാണ് തറവാടിന്റെ ആന പാരമ്പര്യം നിലനിര്‍ത്തുന്നത്. ഇന്ന് ജയശ്രീക്കറ സ്വന്തമായുള്ളത് ചാത്തപുരം ബാബു എന്ന ആനയാണ്. ബാബു ഇവര്‍ക്ക് വില്‍പന ചരക്കല്ല. അതിനാല്‍ എഴുന്നള്ളത്തിനൊഴികെ മറ്റു പണികള്‍ക്ക് ബാബുവിനെ വിടാറുമില്ല. കഴിഞ്ഞ ഇരുപതോളം വര്‍ഷങ്ങളായി ബാബു ഇവര്‍ക്കൊപ്പമുണ്ട്. അസമില്‍ നിന്നാണ് ബാബു പാലക്കാട്ടെത്തുന്നത്. തോട്ടിയും വടിയുമില്ലാതെ ബാബുവിനെ സ്‌നേഹത്തിന്റെ ഭാഷയിലാണ് ജയശ്രീ മെരുക്കുന്നത്.
പഴവും പനമ്പട്ടച്ചീന്തുമാണ് ബാബുവിന് ഇഷ്ട്‌പ്പെട്ട ആഹാരം. ചാത്തപുരത്ത് കല്‍പ്പാത്തി പുഴയോരത്താണ് ബാബുവിനെ തളച്ചിരിക്കുന്നത്. കുളിക്കുമ്പോഴും കഴിക്കുമ്പോഴും ബാബുവിന് ജയശ്രീ കൂടെ വേണം.
എഴുന്നള്ളത്തിന് ബാബുവിനോടൊപ്പം ജയശ്രീയും ഉണ്ടാവും. തോട്ടിയും വടിയുമില്ലാതെ ബാബുവിനെ സ്‌നേഹത്തിന്റെ ഭാഷയിലാണ് ജയശ്രീ മെരുക്കുന്നത്. നാലു പാപ്പാന്മാരാണ് ബാബുവിനോടൊപ്പം എഴുന്നള്ളത്തിന് കൂട്ടുപോവുക. അടുത്തുള്ള സ്ഥലങ്ങളില്‍ ജയശ്രീയും ഉണ്ടാവും കൂടെ. മദപ്പാടുള്ള സമയങ്ങളില്‍ പോലും ജയശ്രീക്കു മുന്നില്‍ അനുസരണയുള്ള കുട്ടിയാണ് ബാബു. ഇങ്ങനെയുള്ള സമയങ്ങളില്‍ ഇവരില്‍ നിന്ന് മാത്രമേ ആന ആഹാരം കഴിക്കുകയുള്ളൂ. ദിവസത്തിന്റെ ഏറിയ പങ്കും ജയശ്രീ ചിലവഴിക്കുന്നത് ആനയോടൊപ്പമാണ്.
ചിലവേറേയുള്ള ആന വളര്‍ത്തലില്‍ ഒരു പരാതിയുമില്ല ജയശ്രീക്കും കുടുംബത്തിനും. സാവിത്രിയും ലക്ഷ്മിയുമാണ് ജയശ്രീയുടെ സഹോദരിമാര്‍. ലക്ഷ്മി ആനയെ വളര്‍ത്തുന്നതില്‍ ജയശ്രീക്ക് സഹായമാണ്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ടില്ല. അച്ഛന്റെ പേരു നിലനിര്‍ത്തുക എന്ന ഉദ്ദേശമാണ് ജയശ്രീയെ ഇതില്‍ മുന്നോട്ട് നയിക്കുന്നത്.
നാലു പതിറ്റാണ്ട് മുമ്പാണ് തീര്‍ഥയാത്ര കഴിഞ്ഞ് മടങ്ങി എത്തിയ അച്ഛന്‍ നാരായണ അയ്യരില്‍ നിന്ന് ജയശ്രീക്കും സഹോദരിമാര്‍ക്കും ആനയെ സമ്മാനമായി ലഭിക്കുന്നത്. അവര്‍ നല്‍കിയ പേരാണ് കേശവന്‍ ബാബു. പിന്നീട് പത്തോളം ആനകളാണ് ആന അപ്പയ്യര്‍ എന്നറിയപ്പെടുന്ന നാരായണ അയ്യരുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."