പാംപോര്‍ ആക്രമണം കശ്മിരിനെ അപമാനിതമാക്കി: മെഹ്ബൂബ മുഫ്തി
ജമ്മു: ഭീകരാക്രമണങ്ങള്‍ കശ്മീരിന്റെ മാനം നഷ്ടപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. വിശ്വാസികള്‍ അവരുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കുന്ന വ്രതമാസത്തിലുള്ള ആക്രമണം തീര്‍ത്തും അപലപനീയമാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പാംപോറില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എട്ട് സൈനികരുടേയും മൃതദേഹത്തില്‍ പുഷ്പാഞ്ജലികളര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍. സംഭവം നീചമാണ്. എന്നാല്‍ സംസ്ഥാനത്തെത്തുന്ന സഞ്ചാരികള്‍ക്കും നിക്ഷേപകര്‍ക്കും പൂര്‍ണ സുരക്ഷിതത്വം നല്‍കുമെന്നും അവര്‍ പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍കൊണ്ട് ഒന്നും നേടാനാവില്ല. സംസ്ഥാനത്ത് നടക്കുന്ന ആക്രണങ്ങളാല്‍ കശ്മിര്‍ അപമാനിതരാവുന്നതോടൊപ്പം ഇവിടുത്തെ ടൂറിസത്തേയും ഇത് സാരമായി ബാധിക്കുന്നുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ കശ്മിരില്‍ വിവിധ ആവശ്യങ്ങള്‍ക്കു വേണ്ടി എത്തുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്തെ കുറിച്ച് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും ആരോഗ്യ രംഗത്തും നിക്ഷേപകരെ ആകര്‍ഷിക്കുകയാണിന്ന് സംസ്ഥാനം. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ നിക്ഷേപകരെ പിന്തിരിപ്പിക്കുകയേയുള്ളൂ. ആക്രമണങ്ങളുടെ ദോഷം അനുഭവിക്കുന്നത് ഇവിടത്തെ സാധാരണക്കാരാണെന്നും മെഹബൂബ കൂട്ടിച്ചേര്‍ത്തു.
അതിനിടെ കഴിഞ്ഞ ദിവസം ഭീകരാക്രമണമുണ്ടായ പ്രദേശത്ത് ഇനിയും ഭീകരവാദികള്‍ ഉണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും ആക്രമണത്തിനു പിന്നിലുള്ളവരെ പിടികൂടുമെന്നും ഡി.ജി.പി രാജേന്ദ്ര കുമാര്‍ പറഞ്ഞു. ജൂലൈ രണ്ടിനു ആരംഭിക്കുന്ന അമര്‍നാഥ് തീര്‍ഥാടനത്തിനു എല്ലാവിധ സുരക്ഷയും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."