20 വര്‍ഷത്തെ കുടിവെള്ള പദ്ധതികളില്‍ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ കോടികള്‍ ഖജനാവില്‍ നിന്ന് ഊറ്റിയ കുടിവെള്ള പദ്ധതികളെക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ്.
ജപ്പാന്‍, ജലനിധി ഉള്‍പ്പെടെ 20 വര്‍ഷത്തിനിടെ നടപ്പാക്കിയ പദ്ധതികളിലും ജല സംരക്ഷണ പദ്ധതികളിലുമാണ് അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടത്. പ്രത്യേക സംഘമായിരിക്കും അന്വേഷിക്കുക. പല പദ്ധതികളും ജനങ്ങള്‍ക്ക് പ്രയോജനം ചെയ്തില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
90 ശതമാനം പദ്ധതികളും ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചില്ലെന്ന് വിജിലന്‍സ് നേരത്തെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എല്ലാ കുടിവെള്ള പദ്ധതികളുടെയും ഫയലുകള്‍ വിശദമായി പരിശോധിക്കണമെന്നും അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടിക്കടി പൈപ്പ് പൊട്ടല്‍ ഉണ്ടാകുന്ന തിരുവനന്തപുരത്ത് വിശദമായ പരിശോധന നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നലെ ജല അതോറിറ്റിയില്‍ നിന്നും വിവിധ പദ്ധതികളില്‍ ചെലവിട്ട തുകയുടെ കണക്കെടുപ്പ് ആരംഭിച്ചു. പല പദ്ധതികളും ജനങ്ങള്‍ക്ക് പ്രയോജനകരമായില്ലെന്ന് സി.എ.ജി നേരത്തെ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് അന്വേഷണത്തില്‍ സി.എ.ജിയുടെ സഹായം തേടാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ സഹകരണം ആവശ്യപ്പെട്ട് സി.എ.ജിയ്ക്ക് കത്തു നല്‍കി. വിവിധ ജലസേചന പദ്ധതികള്‍ക്കായി വാങ്ങിക്കൂട്ടിയ പൈപ്പുകള്‍ വര്‍ഷങ്ങളായി പലയിടങ്ങളിലായി വെറുതേ കിടക്കുന്നു. എന്നാല്‍ ഇവയില്‍ പലതും ഉപയോഗ യോഗ്യമല്ലാ എന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കല്ലട,പഴശ്ശി, പുല്‍പ്പളളി ജലസേചന പദ്ധതികളെക്കുറിച്ചും, പതിറ്റാണ്ടുകളായി പണിതിട്ടും പണി തീരാതെ കിടക്കുന്ന നാല് ജലസേചന പദ്ധതികളായ മുവാറ്റുപുഴ വാലി, ഇടമലയാര്‍, കാരാപ്പുര, ബാണാസുര സാഗര്‍ എന്നീ പദ്ധതികളും അന്വേഷണ പരിധിയിലുണ്ട്.
പൈപ്പ് സ്ഥാപിക്കാതെയാണ് പുല്‍പ്പള്ളി പദ്ധതി കമ്മിഷന്‍ ചെയ്തതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പല പദ്ധതികളിലും വന്‍ അഴിമതി നടന്നുവെന്നോ പ്രായോഗികമായിരുന്നില്ല എന്നോ ആണ് പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തല്‍.
നീര്‍മറി പ്രദേശത്തും മഴക്കുഴികള്‍ക്കായി ചെലവിട്ട തുകയെക്കുറിച്ചും അന്വേഷിക്കും. പദ്ധതികള്‍ വ്യാപകമായി നടപ്പാക്കിയ മലയോരമേഖലകളില്‍ ഇപ്പോള്‍ കടുത്ത ജലക്ഷാമമാണ് നേരിടുന്നത്. ഇതിന് പ്രധാന കാരണം കരാറുകാരുമായുള്ള ഉദ്യോഗസ്ഥരുടെ അവിശുദ്ധ ബന്ധമാണെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ജലനിധിയിലാകട്ടെ ഉദ്യോഗസ്ഥര്‍ വന്‍ വെട്ടിപ്പാണ് നടത്തിയിട്ടുള്ളത്. കോടികളാണ് പല സ്ഥലങ്ങളിലും സ്വന്തം അക്കൗണ്ടുകളിലേയ്ക്ക് മാറ്റി തട്ടിപ്പ് നടത്തിയത്. അടുത്തിടെ മലപ്പുറത്ത് ആറുകോടി തട്ടിയെടുത്ത കേസില്‍ നീലേശ്വരം സ്വദേശി പ്രവീണ്‍കുമാറിനെ മലപ്പുറം പൊലിസ് അറസ്റ്റു ചെയ്തിരുന്നു.
ഇതേ തുടര്‍ന്നാണ് മറ്റു സ്ഥലങ്ങളിലെയും ജലനിധി പദ്ധതിയെ കുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചത്.
ആഭ്യന്തര വിജിലന്‍സ് രൂപീകരിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും ബോര്‍ഡ്, കോര്‍പറേഷന്‍, കമ്മിഷന്‍ എന്നിവിടങ്ങളിലും ആഭ്യന്തര വിജിലന്‍സ് രൂപീകരിക്കാന്‍ ജേക്കബ് തോമസ് കര്‍ശന നിര്‍ദേശം നല്‍കി.
ആകെയുള്ള 97വകുപ്പുകളില്‍ 22 ഇടത്തുമാത്രമാണ് ഇപ്പോള്‍ ആഭ്യന്തര വിജിലന്‍സുള്ളത്. പര്‍ച്ചേസ്, ടെന്‍ഡര്‍, ഭരണം, ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി പരാതികളെല്ലാം ആഭ്യന്തര വിജിലന്‍സ് പരിശോധിച്ച് നടപടിയെടുക്കും. വിജിലന്‍സ് അന്വേഷണം ആവശ്യമായവ ആസ്ഥാനത്തേക്ക് കൈമാറും.
പൊതുമരാമത്ത്, വനം വകുപ്പുകളില്‍ മാത്രമാണ് ആഭ്യന്തര വിജിലന്‍സ് കാര്യക്ഷമമായിട്ടുള്ളത്. പൊലിസ്,തദ്ദേശഭരണം, ആരോഗ്യം, കൃഷി,വിദ്യാഭ്യാസം എന്നീ വകുപ്പുകളില്‍ ഇപ്പോള്‍ ആഭ്യന്തര വിജിലന്‍സ് പ്രവര്‍ത്തനമേയില്ല.
150 പൊതുമേഖലാ സ്ഥാപനങ്ങളിലും 20 സര്‍വകലാശാലകളിലും നൂറോളം കമ്മിഷനുകളിലും ബോര്‍ഡുകളിലും വിജിലന്‍സില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."