കാസര്‍കോട് മദ്‌റസ അധ്യാപകനെ വെട്ടിക്കൊന്നു
കാസര്‍കോട്: പഴയചൂരി മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസയിലെ അധ്യാപകനെ പള്ളിയോട് ചേര്‍ന്ന കിടപ്പുമുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസാധ്യാപകന്‍ മടിക്കേരി സ്വദേശി റിയാസ് (34) ആണ് കൊല്ലപ്പെട്ടത്.
ഇന്നു പുലര്‍ച്ചെ 12.15നാണ് സംഭവം നടന്നത്. പള്ളിയുടെ ഹൗളിനോട് ചേര്‍ന്ന് രണ്ട് മുറികളുണ്ട്. അതിലൊന്നില്‍ റിയാസും രണ്ടാമത്തെ മുറിയില്‍ ഖത്തീബ് അബ്ദുല്‍ അസീസ് മുസ്‌ലിയാരുമാണ് കിടന്നിരുന്നത്. 12.15ന് നിലവിളി കേട്ടുണര്‍ന്ന ഖത്തീബ് വാതില്‍ തുറന്നപ്പോള്‍ കല്ലേറുണ്ടായി. ഉടന്‍ വാതിലടക്കുകയും അതേ മുറിയില്‍ നിന്നും പള്ളിയിലേക്കുള്ള മറ്റൊരു വാതിലിലൂടെ പള്ളിക്കകത്ത് കയറി മൈക്കിലൂടെ സമീപവാസികളെ വിവരമറിയിക്കുകയുമായിരുന്നു.
യിരുന്നു.
നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കഴുത്തിന് വെട്ടേറ്റ റിയാസ് മുറിക്കകത്ത് ചോരയില്‍ മുങ്ങി കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു. മയ്യിത്ത് വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഒന്‍പത് വര്‍ഷമായി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിനോട് ചേര്‍ന്ന ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു റിയാസ്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് മണ്ഡലത്തില്‍ ഇന്നു രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍ നടത്താന്‍ മുസ്‌ലിംലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി അഹ്വാനം ചെയ്തു. പരീക്ഷകളെയും മറ്റു അവശ്യ സര്‍വീസുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിവരമറിഞ്ഞ് നോര്‍ത്ത് സോണ്‍ എ.ഡി.ജി.പി രാജേഷ് ധിവാന്‍, ഐ.ജി. മഹിപാല്‍ യാദവ് എന്നിവര്‍ കാസര്‍കോട്ടെത്തി. അക്രമികളെ കണ്ടെത്താനായി ഡി.വൈ.എസ്.പി എം.വി സുകുമാരന്‍, സി.ഐ സി.എ. അബ്ദുല്‍ റഹീം, എസ്.ഐ അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. അക്രമികളെ ഉടന്‍ കണ്ടെത്താനാകുമെന്ന് പൊലിസ് പറഞ്ഞു. കൊലപാതകത്തെ തുടര്‍ന്ന് കാസര്‍കോഡ് നഗരത്തില്‍ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് കൊലപാതകത്തിനു പിന്നിലെന്നും സംഭവത്തിനു പിന്നിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്നും സ്ഥലത്തെത്തിയ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."