റമദാനിലെ ആദ്യ വെള്ളിയാഴ്ച ഇരുഹറമുകളിലും വിശ്വാസികളുടെ തിരക്ക്
ജിദ്ദ: പുണ്യമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച്ച ഇരുഹറമിലും വിശ്വാസികളുടെ വന്‍തിരക്ക്. മക്കയില്‍ മസ്ജിദുല്‍ ഹറമും പരിസരവും മദീനയിലെ മസ്ജിദുന്നബവിയും ഇന്നലെ ജനസാഗരമായി. ആഭ്യന്തര, വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് പുറമെ മക്കയിലും പരിസരപ്രദേശങ്ങളില്‍ നിന്നുമായി ആയിരക്കണക്കിനാളുകളാണ് ഹറമിലെ ആദ്യ ജുമുഅ നിസ്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. വ്യാഴാഴ്ച രാത്രി മുതലേ ഇരു ഹറമിലേക്കും വിശ്വാസികള്‍ എത്തിക്കൊണ്ടിരുന്നു. ഹറമിലെ ജുമുഅയിലും തറാവീഹിലും ഇഫ്താറിലും പങ്കെടുത്ത് ആത്മ നിര്‍വൃതിയോടെയാണ് അവര്‍ മടങ്ങിയത്. ജുമുഅക്ക് മണിക്കൂറുകള്‍ മുമ്പേ ഹറം നിറഞ്ഞുകവിഞ്ഞു. തിരക്ക് കാരണം റോഡുകളിലേക്കും നിസ്കരിക്കുന്നവരുടെ നിര നീണ്ടു.
മക്ക ഗവര്‍ണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തീര്‍ഥാടകര്‍ക്ക് മികച്ച സേവനം നല്‍കാനാവശ്യമായ ഒരുക്കങ്ങള്‍ എല്ലാ വകുപ്പുകളും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. വെള്ളിയാഴ്ചത്തെ തിരക്ക് കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സുരക്ഷാവിഭാഗം എടുത്തിരുന്നു. ഹറമിലേക്ക് എത്തുന്ന റോഡുകളിലും പരിസരങ്ങളിലും ഹറം പരിസരങ്ങളിലും സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം തീര്‍ഥാടകരുടെ പോക്കുവരവുകള്‍ സുഗമമാക്കാനും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഇരുഹറം കാര്യാലയത്തിന് കീഴിലും വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയത്. വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ സ്ഥിരവും താല്കാലികവുമായി 6000ത്തോളം ജീവനക്കാരെ തീര്‍ഥാടകരുടെ സേവനത്തിന് നിയോഗിച്ചിട്ടുണ്ട്.
ആരാധനയും സല്‍കര്‍മങ്ങളും കഴിയുന്നിടത്തോളം അധികരിപ്പിച്ച് റമദാന്റെ ധന്യത കൈവരിക്കണമെന്നും ഇഹലോക ജീവിതത്തില്‍ മാത്രം ആകൃഷ്ടരായി മരണാനന്തര ജീവിത കാര്യങ്ങളെ വിസ്മരിക്കുന്നത് വന്‍പരാജയമാണെന്നും മക്ക ഹറമിലെ ജുമുഅ ഖുതുബയില്‍ വിശ്വാസികളെ ഇമാം ഓര്‍മിപ്പിച്ചു. നോമ്പിന് മഹത്തായ ലക്ഷ്യമുണ്ടെന്നും അനുവദനീയമായ ചില കാര്യങ്ങള്‍ തല്‍ക്കാലത്തേക്ക് വെടിയുന്നതിലുപരി ആത്മസംസ്കരണവും ആത്മീയവും വിശ്വാസപരവുമായ ഉയര്‍ച്ചയാണ് റമദാനിലൂടെ വിശ്വാസികള്‍ ആര്‍ജിക്കേണ്ടതെന്നും ഹറം ഇമാം ഓര്‍മിപ്പിച്ചു. മദീനയിലെ മസ്ജിദുന്നബവിയില്‍ നടന്ന ജുമുഅ നിസ്കാരത്തിനും ഖുതുബക്കുംശൈഖ് അലി അബ്ദുറഹ്മാന് അല്‍ഹുദൈഫി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."