പരസ്യപ്രസ്താവന: സുധീരനെതിരേ എ, ഐ ഗ്രൂപ്പുകള്‍ പരാതി നല്‍കി
തിരുവനന്തപുരം: അച്ചടക്കം ലംഘിച്ചെന്നും മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ പരസ്യപ്രസ്താവന നടത്തിയെന്നും ആരോപിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരേ എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. മദ്യവ്യവസായി ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തത് തെറ്റാണെന്ന സുധീരന്റെ പ്രസ്താവന ഗുരുതരമായ അച്ചടക്കലംഘനമാണെന്നു കാണിച്ചാണ് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന് ഇരു ഗ്രൂപ്പുകളും സംയുക്തമായി പരാതി നല്‍കിയത്.
പാര്‍ട്ടിക്കുള്ളിലെ അഭിപ്രായഭിന്നത സംബന്ധിച്ച് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. സുധീരന്റെ പാരമര്‍ശങ്ങള്‍ ഇതിന്റെ ലംഘനമാണെന്ന് വാസ്‌നിക്കിന് ഗ്രൂപ്പ് നേതാക്കള്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയം മാത്രമായിരുന്നില്ല അത്. പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയും എം.എല്‍.എയുമായ അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹനിശ്ചയ ചടങ്ങ് കൂടിയായിരുന്നു.
പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന സഹപ്രവര്‍ത്തകന്റെ മകന്റെ വിവാഹനിശ്ചയചടങ്ങിന് നേതാക്കള്‍ പോകുന്നതില്‍ ഒരു തെറ്റുമില്ല. തലസ്ഥാനത്തു നടന്ന യൂത്ത് കോണ്‍ഗ്രസ് നേതൃയോഗത്തില്‍ നിന്നാണ് നേതാക്കള്‍ ചടങ്ങിനു പോയത്.
സുധീരന്‍ കൂടി ഉള്‍പ്പെട്ട പരിപാടിയായിരുന്നു ഇത്. ഒരുമിച്ചു പങ്കെടുത്ത പരിപാടിയില്‍ നിന്ന് നേതാക്കള്‍ ചടങ്ങിനു പോകുന്നകാര്യം അറിഞ്ഞിട്ടും സുധീരന്‍ അപ്പോള്‍ പ്രതികരിക്കുകയോ എതിര്‍പ്പ് പ്രകടിപ്പിക്കുകയോ ചെയ്തില്ല.
പിന്നീട് ഇതുന്നയിച്ചത് ഗൂഢലക്ഷ്യത്തോടെയാണെന്ന് നേതാക്കള്‍ വാദിക്കുന്നു. കെ.പി.സി.സി പ്രസിഡന്റിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം അച്ചടക്ക ലംഘനങ്ങള്‍ പാര്‍ട്ടിയിലെ ഐക്യം തകര്‍ക്കുമെന്ന് പരാതിയില്‍ പറയുന്നു.
ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയചടങ്ങില്‍ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തത് ശരിയായില്ലെന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് സുധീരന്‍ പറഞ്ഞത്. അവര്‍ ആ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കണമായിരുന്നുവെന്നാണ് പാര്‍ട്ടി നിലപാട്.
നേതാക്കള്‍ ഔചിത്യം കാണിക്കണമായിരുന്നു. യു.ഡി.എഫ് സര്‍ക്കാരിനെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്തയാളാണ് ബിജു രമേശ്. ചില ഔചിത്യമര്യാദകള്‍ എല്ലാവരുടെയും ഭാഗത്ത് നിന്നുമുണ്ടാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സുധീരന്റെ പ്രസ്താവനയുടെ വീഡിയോ ഹൈക്കമാന്‍ഡിനു മുന്നില്‍ ഹാജരാക്കാനും പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കാനും ഗ്രൂപ്പുകള്‍ തീരുമാനിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിനിര്‍ണയ വേളയില്‍ തന്നെ സുധീരന്‍ ഒരു വശത്തും എ, ഐ ഗ്രൂപ്പുകള്‍ മറുവശത്തുമായി പോര് ആരംഭിച്ചിരുന്നു. ആരോപണവിധേയരായ ചില നേതാക്കള്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കുന്നതിനെ സുധീരന്‍ എതിര്‍ത്തത് വലിയ തര്‍ക്കങ്ങള്‍ക്കിടയാക്കിയിരുന്നു.
സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയായ ശേഷം ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് നേതാക്കള്‍ പറഞ്ഞിരുന്നെങ്കിലും പാര്‍ട്ടിക്കുള്ളില്‍ പോര് പുകയുകയായിരുന്നു.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തോല്‍വിക്ക് ഇതും കാരണമായതായി വിലയിരുത്തപ്പെട്ടു. തോല്‍വിക്ക് പിന്നാലെ സുധീരനെ നേതൃസ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് എ,ഐ ഗ്രൂപ്പുകള്‍ കലഹം ആരംഭിച്ചെങ്കിലും ഹൈക്കമാന്‍ഡിന്റെ പിന്തുണയോടെ സുധീരന്‍ ആ നീക്കത്തെ അതിജീവിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ വീണ്ടുമൊരു പൊട്ടിത്തെറിക്ക് വഴിതുറക്കുകയാണ് പുതിയ വിവാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."