മെഡിക്കല്‍ സീറ്റ് തട്ടിപ്പ്: ബഷീര്‍ ആളുകളെ കബളിപ്പിച്ചത് രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പമുള്ള ചിത്രം കാണിച്ച്
തിരുവനന്തപുരം: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അതിയന്നുര്‍ സ്വദേശി ബഷീര്‍ ജനങ്ങളെ കബളിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളള രാഷ്ട്രീയ നേതാക്കളുടെ ഒപ്പം നില്‍ക്കുന്ന ചിത്രം കാണിച്ച്. കേരളത്തിലും തമിഴ്‌നാട്ടിലും രാഷ്ട്രീയസ്വാധീനമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇയാള്‍ മുഖ്യമന്ത്രി അടക്കമുളള രാഷ്ട്രീയ നേതാക്കളുടെ ചിത്രം ഉപയോഗപ്പെടുത്തിയതെന്ന് പൊലിസ് പറഞ്ഞു. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരെ സന്ദര്‍ശിക്കുന്ന ചിത്രങ്ങളും ഇതിനായി ഇയാള്‍ ഉപയോഗിച്ചുവെന്നു കണ്ടെത്തിക്കഴിഞ്ഞു. അതേസമയം, ബഷീറിനെതിരേ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
എ.ഐ.എ.ഡി.എം.കെ ന്യൂനപക്ഷ സെല്ലിന്റെ ചെയര്‍മാനാണെന്ന് അവകാശപ്പെട്ട് കൊടിവച്ച കാറിലായിരുന്നു ബഷീറിന്റെ സഞ്ചാരം. പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ബഷീര്‍ നേരിട്ടെത്തി അനുമോദിക്കുന്ന ചിത്രം അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.കുടാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മുന്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍, തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത തുടങ്ങിയവരെ സന്ദര്‍ശിച്ച ചിത്രങ്ങള്‍ വച്ച് സപ്ലിമെന്റിറക്കുകയും ചെയ്തു. കേരളത്തിലും തമിഴ്‌നാട്ടിലും ഉന്നത രാഷ്ട്രീയബന്ധമുണ്ടെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു ലക്ഷ്യം.തമിഴ്‌നാട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശനം വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് തിരുവനന്തപുരം സ്വദേശി ലക്ഷിന്‍ ദേവില്‍നിന്ന് കഴിഞ്ഞവര്‍ഷം 58 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ബഷീര്‍ ഫോര്‍ട്ട് പൊലിസിന്റെ പിടിയിലായത്. മാധ്യമങ്ങളില്‍ ബഷീറിന്റെ ചിത്രം വന്നതോടെ തട്ടിപ്പിനിരയായ ആറുപേര്‍ കൂടി പരാതിയുമായി എത്തി. 60 ലക്ഷം രൂപ വീതം ഇവരില്‍നിന്നു ബഷീര്‍ തട്ടിയെടുത്തെന്നാണ് പരാതി.എറണാകുളം, തിരുവനന്തപുരം ജില്ലക്കാരാണ് പരാതിക്കാര്‍. ഈ വര്‍ഷത്തെ പ്രവേശനത്തിനും വന്‍തുക പലരില്‍നിന്നും വാങ്ങിയിട്ടുള്ളതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
'ഡോക്ടറേറ്റ് ' നേടിയ പഴയ കപ്പലണ്ടി വില്‍പ്പനക്കാരന്‍
തിരുവനന്തപുരം: പ്രാഥമിക അന്വേഷണത്തില്‍ ബഷീര്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ പൊലിസിനെപ്പോലും ഞെട്ടിക്കുന്നത്.
പൂവാറില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നെയ്യാറ്റിന്‍കരയിലെ ഓര്‍ഫനേജില്‍ അന്തേവാസിയായി എത്തിയ ആളായിരുന്നു ബഷീര്‍. ഭാര്യയും കുട്ടികളും മാതാപിതാക്കളുമായി ഓര്‍ഫനേജിന്റെ ഒരുകോണില്‍ താവളമുറപ്പിച്ചു. ഒന്‍പതാം ക്‌ളാസ് വരെ മാത്രം പഠിച്ച ഇയാള്‍ റെയില്‍വേ സ്റ്റേഷനില്‍ കപ്പലണ്ടി വിറ്റായിരുന്നു ആദ്യം കുടുംബം പുലര്‍ത്തിയിരുന്നത്. പിന്നീട് കൂട്ടപ്പനയില്‍ ബലൂണും റിബണും കാസറ്റും വിറ്റുനടന്ന ഇയാള്‍ മൂന്നുകല്ലുംമൂട്ടില്‍ തട്ടുകടയും നടത്തിയിരുന്നു. ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന കുടുംബത്തെ നാട്ടിലാക്കി പത്തുവര്‍ഷംമുന്‍പ് ബഷീര്‍ നാടുവിട്ടു. നാഗര്‍കോവില്‍ ബസ് സ്റ്റാന്റില്‍ ചെരിപ്പ് വില്‍പനക്കാരനായി. അവിടെ വച്ച് വിവിധ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് അണ്ണാ ഡി.എം.കെയില്‍ ചേര്‍ന്നതോടെ ആളാകെ മാറി. പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ ചുമതലക്കാരനായി. തമിഴ്‌നാട്ടിലും പാര്‍ട്ടിയിലൂടെ ബന്ധങ്ങള്‍ വിപുലപ്പെടുത്തി. ഇക്കാലത്ത് വിദേശ സര്‍വകലാശാലയില്‍നിന്ന് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ രേഖകളും ഒന്‍പതാംക്‌ളാസ് തോറ്റ ഇയാളുടെ കൈവശമുണ്ടെന്ന് പൊലിസ് വ്യക്തമാക്കുന്നു.
നാടുവിട്ട ബഷീര്‍ ഏറെകാലത്തിനുശേഷം പാര്‍ട്ടി നേതാവായി തിരിച്ചെത്തിയപ്പോള്‍ നാട്ടുകാരെല്ലാം അമ്പരന്നു. ജയലളിതയുടെ കടുത്ത ആരാധകനായ ബഷീര്‍ ഊണിലും ഉറക്കത്തിലുമെല്ലാം 'അമ്മ'യുടെ ഫോട്ടോ കൂടെ കൊണ്ടുനടന്നു. ജയലളിതയുടെ കൈകൂപ്പികൊണ്ടുള്ള ഫോട്ടോ ചില ഷര്‍ട്ടുകളില്‍ പ്രിന്റ് ചെയ്തുപോലും അമ്മഭക്തി വെളിപ്പെടുത്തി. ഇക്കാലത്ത് നാഗര്‍കോവിലില്‍ എന്‍ജിനിയറിങ്, മെഡിക്കല്‍ വിദ്യാഭ്യാസ ഏജന്റായി മാറിയതോടെയാണ് തട്ടിപ്പുകള്‍ക്ക് ഇയാള്‍ ഇരകളെ തേടിത്തുടങ്ങിയതെന്ന് പൊലിസ് പറയുന്നു.സ്വന്തം പേരില്‍ തമിഴ്‌നാട്ടില്‍ എസ്.ബി.എസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നപേരില്‍ സ്ഥാപനവും ആരംഭിച്ചു.തമിഴ്‌നാട്ടിലെ നേതാക്കളുമായുള്ള ബന്ധങ്ങളുടെ മറവിലാണ് മെഡിക്കല്‍ പ്രവേശന ഇടപാടുകള്‍ നടന്നത്. പാര്‍ട്ടി കേരള ഘടകത്തിന് അമ്മ അനുവദിച്ച എ.ഐ.എ.ഡി.എം.കെയുടെ കൊടിവച്ച കാറില്‍ തമിഴ്‌നാട്ടിലും കേരളത്തിലും ചുറ്റിയടിച്ചിരുന്ന ബഷീറിന്റെ വാക്ചാതുരിയും നടപ്പുംകണ്ടാല്‍ തട്ടിപ്പുകാരനെന്ന് തോന്നുകയേ ഇല്ലെന്ന് പൊലിസ് പറയുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."