കുട്ടിമാക്കൂല്‍ സംഭവം: സുധീരന് നയിക്കുന്ന മനുഷ്യാവകാശ സംരക്ഷണ ജാഥ ഇന്ന്
കണ്ണൂര്‍: കുട്ടിമാക്കൂല്‍ സംഭവത്തില്‍ ജനമനസാക്ഷി ഉണര്‍ത്താന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് നയിക്കുന്ന മനുഷ്യാവകാശ സംരക്ഷണ ജാഥ ഇന്ന്. രാവിലെ 10നു തലശേരി മഞ്ഞോടി ഇന്ദിരാഗാന്ധി ആശുപത്രി പരിസരത്തു നിന്നാരംഭിക്കുന്ന ജാഥ കുട്ടിമാക്കൂലിലെത്തി തിരികെ മഞ്ഞോടിയില്‍ സമാപിക്കും. മുന്മന്ത്രിമാര്, എം.എല്‍.എമാര്‍, കോണ്‍ഗ്രസ്-പോഷകസംഘടനാ നേതാക്കള്‍ പങ്കെടുക്കും. അയ്യായിരത്തോളം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനാണ് തീരുമാനമെന്ന് ഡി.സി.സി പ്രസിഡന്റ് കെ.സുരേന്ദ്രന് അറിയിച്ചു. കുട്ടിമാക്കൂലിലെ രാജനും കുടുംബത്തിനും നേരെ നടക്കുന്ന അതിക്രമങ്ങളിലും രാജന്റെ പെണ്മക്കളെ കള്ളക്കേസില്‍ കുടുക്കിയ പോലിസ് നടപടിയിലും പ്രതിഷേധിച്ചാണ് ജാഥ. സംഭവത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തലശേരി പോലിസ് സ്റ്റേഷന് മാര്‍ച്ചും മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വനിതാ സംഗമവും നടത്തിയിരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസ്-ബി.ജെ.പി നിലപാടില്‍ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്റെയും പട്ടികജാതി ക്ഷേമസമിതിയുടെയും നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മയും നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."