ജലം ചര്‍ച്ചയാകുന്നത് സ്വാഗതാര്‍ഹം: മന്ത്രി എ.കെ ശശീന്ദ്രന്‍
കോഴിക്കോട്: ജീവജാലങ്ങളുടെ നിലനില്‍പ്പും ശാരീരിക ഘടനയും ജലവുമായി ബന്ധപ്പെട്ടതാണെന്ന് ശാസ്ത്രം പറയുമ്പോള്‍ മതവുമായി ബന്ധപ്പെട്ടും ജലം ചര്‍ച്ച ചെയ്യപ്പെടുന്നത് സ്വാഗതാര്‍ഹമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച 14 ാമത് റമദാന്‍ പ്രഭാഷണത്തിന്റെ രണ്ടാംദിവസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യവാസം ഉറപ്പിക്കാന്‍ ഗോളാന്തരങ്ങള്‍ താണ്ടുന്ന ആധുനിക ശാസ്ത്രം ചൊവ്വയിലടക്കം വെള്ളത്തിന്റെ സാന്നിധ്യമാണ് പ്രധാന നേട്ടമായി കാണുന്നത്. മഴക്കാലപൂര്‍വ ശുചീകരണം ആരോഗ്യരംഗത്തെ പ്രധാനപദ്ധതിയായി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോഴും എസ്.കെ.എസ്.എസ്.എഫ് വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ച എന്തുകൊണ്ടും ശ്ലാഘനീയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ ഇബ്‌റാഹീം മുസ്‌ലിയാര്‍ അധ്യക്ഷനായി. ഡോ എം.കെ മുനീര്‍ എം.എല്‍.എ മുഖ്യാതിഥിയായി.'വെള്ളം: മതവും ശാസ്ത്രവും' എന്ന വിഷയത്തില്‍ അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി ആലുവ പ്രഭാഷണം നടത്തി. 'ഖുര്‍ആന്‍ കാലത്തിനൊപ്പം' എന്ന പ്രഭാഷണ വി.സി.ഡി കോയഹാജി കടലുണ്ടിക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്തു.
ഇന്നു രാവിലെ 8.30 ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. എം.ഐ ഷാനവാസ് എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. 'ആരാധനയുടെ മാധുര്യം' എന്ന വിഷയത്തില്‍ ഇബ്‌റാഹീം ഖലീല്‍ ഹുദവി കാസര്‍കോട് പ്രഭാഷണം നടത്തും. സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."