ഇടതു സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ചെന്നിത്തലയുടെ പുസ്തകം
തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ വേളയില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പുസ്തകം.
'എല്ലാം തകര്‍ത്തെറിഞ്ഞ രണ്ടു വര്‍ഷം' എന്ന തലക്കെട്ടില്‍ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിക്കു വേണ്ടി ചെന്നിത്തല രചിച്ച പുസ്തകം ഇന്നലെ കന്റോണ്‍മെന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്കു നല്‍കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രകാശനം ചെയ്തു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ജനോപകാരപ്രദമായ പദ്ധതികള്‍ ഇടതു സര്‍ക്കാര്‍ തകര്‍ത്തതായി പുസ്തക പ്രകാശനം നിര്‍വഹിച്ചു സംസാരിച്ച ഉമ്മന്‍ചാണ്ടി പറഞ്ഞു. കേള്‍വിയില്ലാത്തവര്‍ക്കു വേണ്ടിയുള്ള കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ പദ്ധതി തകര്‍ത്തു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള സഹായപദ്ധതിയും അട്ടിമറിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സ പോലും കിട്ടാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇടതു സര്‍ക്കാരിന്റെ രണ്ട് വര്‍ഷം വികസന മുരടിപ്പിന്റെ കാലമായിരുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാമ്പത്തിക രംഗം പാടെ തകര്‍ത്തു. ഭാവനാശൂന്യമായ നടപടികളാണ് സാമ്പത്തിക രംഗത്ത് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ഇതിന്റെ ഫലമായി വികസനം തടസപ്പെട്ടു. ഒരു പദ്ധതിയും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നില്ല. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ പോലും തടസപ്പെട്ടു. ശമ്പളവും ആനുകൂല്യങ്ങളും വരെ മുടങ്ങിക്കൊണ്ടിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇടതു സര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി തകര്‍ത്തതായി രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് ഭരണം സ്തംഭനാവസ്ഥയിലാണ്. എല്ലാ ദിവസവും കൊലപാതകങ്ങല്‍ നടക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 25 രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. സി.പി.എമ്മും ബി.ജെ.പിയും ആയുധം താഴെയിടാതെ സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകം അവസാനിക്കില്ല. സംസ്ഥാനത്ത് നടക്കുന്ന സ്ത്രീപീഡനങ്ങള്‍ പൊലിസ് കണ്ടില്ലെന്നു നടിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഒരു നേട്ടവുമുണ്ടാക്കാനാകാത്ത സര്‍ക്കാര്‍ എങ്ങനെയാണ് രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ചോദിച്ചു.
വാര്‍ഷികം ആഘോഷിക്കുകയല്ല ആചരിക്കുകയാണ് അവര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.പി നേതാവ് എ.എ അസീസ്, കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ജോണി നെല്ലൂര്‍, സി.എം.പി നേതാവ് സി.പി ജോണ്‍, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് റാംമോഹന്‍ എന്നിവരും സംസാരിച്ചു.
യു.ഡി.എഫിന്റെ വെബ്‌സൈറ്റ് എം.എം ഹസന്‍ പ്രകാശനം ചെയ്തു. ഷിബു ബേബിജോണ്‍, കെ. മുരളീധരന്‍, വി.എസ് ശിവകുമാര്‍, നെയ്യാറ്റിന്‍കര സനല്‍, ബീമാപള്ളി റഷീദ് തുടങ്ങിയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."