എം.എല്‍.എയോട് അപമര്യാദയായി പെരുമാറിയ എസ്.ഐയ്ക്ക് സ്ഥലം മാറ്റം
കോതമംഗലം: ആന്റണി ജോണ്‍ എം.എല്‍.എയോട് അപമര്യാദയായി പെരുമാറിയ കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ.സി ബോസിനെതിരേ അച്ചടക്ക നടപടിയും വകുപ്പുതല നടപടിയും. അച്ചടക്ക നടപടിയുടെ ഭാഗമായി എസ്.ഐയെ ആലപ്പുഴ ജില്ലയിലെ കുത്തിയതോട് സ്റ്റേഷനിലേക്കാണ് ഇപ്പോള്‍ സ്ഥലം മാറ്റിയിട്ടുള്ളത്. തുടര്‍ന്ന് പി.ആര്‍ (പണീഷ്‌മെന്റ് റൂള്‍) പ്രകാരം വകുപ്പുതല നടപടിക്കായി എറണാകുളം റേയ്ഞ്ച് ഐജിയേയും ഡി.സി.ആര്‍.ബി ഡിവൈ.എസ്.പിയെയും ഡി.ജി.പി ചുമതലപ്പെടുത്തി.
വാഹന പരിശോധനയുടെ മറവില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന എസ്.ഐയുടെ നടപടിയെ ചോദ്യം ചെയ്തപ്പോഴാണ് എം.എല്‍.എയോട് എസ്.ഐയുടെ മോശം പെരുമാറ്റം ഉണ്ടായത്.
തങ്കളം മലയിന്‍കീഴ് ബൈപ്പാസ് റോഡില്‍ വച്ചായിരുന്നു പ്രശ്‌നത്തിനാധാരമായ സംഭവം. ടൗണില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ബഹു ഭൂരിപക്ഷ വാഹനങ്ങളും ബൈപ്പാസ് റോഡിലൂടെയാണ് കടന്നു പോകുന്നത്. എന്നാല്‍ ഇതു മൂലമുണ്ടാകുന്ന ട്രാഫിക് ബ്ലോക്ക് പരിഹരിക്കുന്നതിനു പകരം എസ്.ഐ കെ.സി ബോസിന്റെ നേതൃത്വത്തില്‍ ഇതേ ബൈപ്പാസ് റോഡില്‍ മറ്റ് വാഹനങ്ങള്‍ക്ക് തടസം ഉണ്ടാക്കുന്ന തരത്തില്‍ വാഹന പരിശോധന നടത്തുകയായിരുന്നു.
ഇത് എം.എല്‍.എ ചോദ്യം ചെയ്തപ്പോഴാണ് മോശം പെരുമാറ്റം ഉണ്ടായത്. തുടര്‍ന്ന് എം.എല്‍.എ ഈ വിഷയത്തെ സംബന്ധിച്ച് മുഖ്യമന്ത്രി, ഡി.ജി.പി എന്നിവരെ പരാതി അറിയിച്ചിരുന്നു.
ഇതേതുടര്‍ന്നാണ് ഇപ്പോള്‍ അടിയന്തിര നടപടി ഉണ്ടായത്. ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തെ സംബന്ധിച്ചും വ്യാപകമായ പണപിരിവിനെ സംബന്ധിച്ചും മുമ്പും പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."