HOME
DETAILS

മക്കളില്‍ മാതാപിതാക്കളുണ്ട്

  
backup
May 19 2018 | 19:05 PM

ulkazhcha-192

മകനെയും കൂട്ടി പാടവരമ്പത്തുകൂടെ നടക്കുമ്പോള്‍ അച്ഛന്‍ പറഞ്ഞു: ''ഓരോ കാല്‍വയ്പ്പുകളും സൂക്ഷിച്ചുവേണം..'' 

അപ്പോള്‍ മകന്റെ പ്രതികരണം: ''ഞാനല്ല, അങ്ങാണ് സൂക്ഷിക്കേണ്ടത്..''
''അതെന്താ അങ്ങനെ പറയുന്നത്..?'' അച്ഛന്‍ കണ്ണുരുട്ടി ചോദിച്ചു.
മകന്‍ പറഞ്ഞു: ''അങ്ങയുടെ കാലടി നോക്കിയാണ് ഞാന്‍ നടക്കുന്നത്. അങ്ങേക്ക് അടി തെറ്റിയാലേ എനിക്കും അടി തെറ്റൂ.. അങ്ങ് നേരെ നടക്കുന്ന കാലത്തോളം ഞാന്‍ വീഴില്ല.''
കുട്ടികള്‍ കൂട്ടമായി 'ചോറും കൂട്ടാനും' കളിക്കുന്നതു നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. കൂട്ടത്തിലൊരാള്‍ പറയും; 'ഞാന്‍ അമ്മയാവാം.' 'നീ അച്ഛനായിക്കോ...' 'ഇവര്‍ നമ്മുടെ മക്കള്‍.' 'നിങ്ങള്‍ ഞങ്ങളുടെ വീട്ടില്‍ വിരുന്നുവന്നവര്‍...' ഇങ്ങനെ ഓരോരുത്തരും അഭിനയിക്കേണ്ടതായ റോളുകള്‍ ആരെങ്കിലുമൊരാള്‍ മുന്‍കൈയെടുത്ത് നിശ്ചയിച്ചുകൊടുക്കും. ആരെയും ഒഴിവാക്കില്ല. എല്ലാവര്‍ക്കുമുണ്ടാകും എന്തെങ്കിലുമൊരു റോള്‍. റോളുകള്‍ നിശ്ചയിക്കപ്പെട്ട ശേഷം 'അമ്മ' അമ്മയുടെ പണിയെടുക്കുന്നതു കാണാം. 'അച്ഛന്‍' അച്ഛന്റെ പണിയെടുക്കും.. അച്ഛന്റെ പണിയല്ലാത്തത് 'അച്ഛനി'ല്‍നിന്നുണ്ടായാല്‍ 'അമ്മ' കയര്‍ക്കും. തീരെ സഹകരണമില്ലാതിരുന്നാല്‍ 'അമ്മ' പറയും; 'എന്നാല്‍ നിന്നെ കളിയില്‍ കൂട്ടില്ല..'
കുട്ടികളിടെ ഈ 'കുടുംബകാഴ്ചകള്‍' കണ്ടിരിക്കാന്‍ വല്ലാത്ത രസമാണ്. മനസില്‍നിന്ന് സങ്കടങ്ങളും പിരിമുറുക്കങ്ങളുമെല്ലാം അതു കാണുമ്പോള്‍ പമ്പ കടക്കും.
മാതാപിതാക്കളുടെ ശ്രദ്ധ തീര്‍ച്ചയായും പതിഞ്ഞിരിക്കേണ്ട ഒരു മേഖലയാണു കുട്ടികളുടെ കുട്ടിക്കുടുംബം. എത്ര വലിയ തിരക്കുള്ളവരാണെങ്കിലും ആ കുടുംബകാഴ്ചകള്‍ കാണാന്‍ സമയമുണ്ടാക്കണം. കാരണം, അതില്‍ നമുക്കു പലതും പഠിക്കാനുണ്ട്. ആ കുടുംബത്തിലെ 'അമ്മ'യില്‍ അവളുടെ സ്വന്തം അമ്മയെ കാണാം. 'അച്ഛനി'ല്‍ അച്ഛനെ കാണാം. 'അയല്‍വാസി'കളില്‍ അയല്‍വാസികളെ കാണാം. 'അമ്മ'യുടെ സംസാരവും സമീപനവും നടപടികളുമെല്ലാം അമ്മയുടേതായിരിക്കും. സ്വന്തം അച്ഛന്റെ വ്യക്തിത്വമാണ് 'അച്ഛന്‍' കാണിക്കുക. കണ്ണാടി കണ്ണാടിക്കു മുന്നിലുള്ളതിനെ പ്രതിഫലിപ്പിക്കുമല്ലോ. മക്കള്‍ കണ്ണാടികളാണെങ്കില്‍ അതില്‍ പ്രതിഫലിച്ചു കാണുന്ന ചിത്രങ്ങളാണു മാതാപിതാക്കള്‍.
അപ്പോള്‍ ഒരു കാര്യം മനസിലാക്കാം: ഒരുകാലത്ത് മാതാപിതാക്കള്‍ക്കുള്ളില്‍ അവരുടെ മക്കളുണ്ടായിരുന്നുവല്ലോ. അതെത്ര കാലമാണെന്നതു നമുക്കു പറയാന്‍ പറ്റും. വളരെ കുറഞ്ഞ കാലം. എന്നാല്‍ അകത്തുണ്ടായിരുന്ന മക്കള്‍ പുറത്തുവന്നാല്‍ പിന്നെ മാതാപിതാക്കള്‍ ആ മക്കള്‍ക്കുള്ളിലാവുകയാണ്. അതെത്ര കാലം അകത്തുണ്ടാകുമെന്നു പറയാന്‍ കഴിയില്ല. അതൊരുപക്ഷെ, തലമുറകളിലേക്കു കടന്നുപോയേക്കും.
എന്റെ മക്കളെന്താ ഇങ്ങനെ എന്നു ചോദിക്കുന്നവരുണ്ട്. സത്യത്തില്‍ അവര്‍ ചോദിക്കേണ്ടത് ഞാനെന്താ ഇങ്ങനെ എന്നാണ്. കാരണം നാട്ടയുടെ പ്രതിരൂപമാണു നിഴല്‍. നാട്ട നേരെയാണെങ്കില്‍ നിഴലും നേരെ നില്‍ക്കും. നാട്ട വളഞ്ഞാല്‍ നിഴലും വളയും. മാതാപിതാക്കള്‍ നാട്ടകളാണെങ്കില്‍ അവയുടെ നിഴലുകളാണു മക്കള്‍. മക്കള്‍ വളയുന്നതും നേരെയാവുന്നതും മാതാപിതാക്കളുടെ നിലയനുസരിച്ചാണ്. സ്വയം നേരെയാവാതെ മക്കളെ നേര്‍ക്കു നിര്‍ത്താന്‍ ശ്രമിക്കുന്നത് വളഞ്ഞ നാട്ട തന്റെ വളഞ്ഞ നിഴലിനെ നേരെയാക്കാന്‍ ശ്രമിക്കുന്ന പോലെ വൈചിത്ര്യമേറിയതാണ്. ആദ്യം അവനവനെ നേരെയാക്കാന്‍ ശ്രമിച്ചാല്‍ മക്കളെ നേരെയാക്കേണ്ട അധ്വാനമുണ്ടാവില്ല.
ഏതൊരു കുഞ്ഞും ജീവിതം പഠിച്ചുതുടങ്ങുന്നത് പുസ്തകത്തില്‍നിന്നോ പ്രഭാഷണത്തില്‍നിന്നോ അല്ല, തനിക്കു മുന്നിലുള്ള ജീവിതങ്ങളില്‍നിന്നാണ്. ആ ജീവിതങ്ങളെ അനുകരിക്കുകയാണവന്‍ ചെയ്യുന്നത്. അതിനവരെ തടഞ്ഞിട്ടു കാര്യമില്ല. കാരണം, ജീവിതം തന്നെ അനുകരണമാണ്. എന്തു ചെയ്യണമെന്നറിയാത്തവന്‍ എന്തെങ്കിലും ചെയ്യുന്നവനെ നോക്കി ചെയ്യാന്‍ തുടങ്ങുമല്ലോ.
നിങ്ങള്‍ ഒരു സദ്യാസദസില്‍ ചെന്നുവെന്നു കരുതുക. അവിടെ നിങ്ങള്‍ക്കു തീരെ പരിചയമില്ലാത്ത ഒരു ഭക്ഷണം വിളമ്പിയിട്ടുണ്ട്. അതെങ്ങനെ കഴിക്കണമെന്നു നിങ്ങള്‍ക്കറിയില്ല. അതു കൂടെയിരിക്കുന്നവരോടു ചോദിക്കാന്‍ വല്ലാത്ത നാണവുമുണ്ട്. നിങ്ങളെന്തു ചെയ്യും..? ആ ഭക്ഷണം കഴിക്കുന്നവരെ അനുകരിക്കാന്‍ ശ്രമിക്കില്ലേ.. പരീക്ഷയ്ക്ക് ഉത്തരം കിട്ടിയില്ലെങ്കില്‍ ചില വിരുതന്മാര്‍ ഉത്തരം എഴുതിയവരുടേത് കോപ്പിയടിക്കാന്‍ ശ്രമിക്കുന്നതു കാണാറില്ലേ.. അതുതന്നെയാണു ജീവിതത്തിന്റെയും സ്ഥിതി.
ഏതൊരു മനുഷ്യനും പിറന്നുവീണത് ജീവിതത്തെ പറ്റി ഒരറിവുമില്ലാതെയാണ്. തീര്‍ത്തും അപരിചതമായ ഈ ലോകത്ത് എന്താണു ചെയ്യേണ്ടതെന്ന് അവനറിയില്ല. അറിയാത്തതിനാല്‍ അവന്‍ തനിക്കു മുന്നിലുള്ളവരെ അനുകരിക്കുന്നു. അവരുടെ ഭാഷ അവന്‍ കേട്ടുപഠിക്കുന്നു. അവരുടെ പെരുമാറ്റങ്ങള്‍ അവന്‍ പകര്‍ത്തിയെടുക്കുന്നു. അവരുടെ സംസ്‌കാരങ്ങള്‍ അവന്‍ സ്വന്തം സംസ്‌കാരമാക്കി മാറ്റുന്നു. അങ്ങനെ എന്തു ചെയ്യണമെന്ന അറിവില്ലായ്മയെ അവന്‍ ഇത്തരം അനുകരണങ്ങളിലൂടെ പരിഹരിക്കുന്നു. അതുകൊണ്ടാണ് മാതാപിതാക്കള്‍ കുഞ്ഞിന്റെ ആദ്യ വിദ്യാലയമാകുന്നത്. ആദ്യ വിദ്യാലയത്തില്‍നിന്നു പഠിച്ചതാണു രണ്ടാം വിദ്യാലയത്തിലും മൂന്നാം വിദ്യാലയത്തിലുമെല്ലാം പ്രയോഗിക്കുക.
മനുഷ്യന്‍ ആദ്യമായി കാണുന്ന ജീവിതം അവന്റെ മാതാപിതാക്കളുടേതാണല്ലോ. അവരെ നോക്കിയാണ് അവന്‍ സ്വന്തം ജീവിതാടിത്തറ പണിയുന്നത്. ആ അടിത്തറയിലാണു പിന്നീടവന്‍ ബാക്കിയുള്ളതെല്ലാം പടുത്തുയര്‍ത്തുന്നത്. അടിത്തറ ഭദ്രമാണെങ്കില്‍ അതിനു മുകളിലുള്ളതെല്ലാം ഭദ്രമായിരിക്കും. ഭദ്രമല്ലെങ്കില്‍ മുകളിലുള്ളതും ഭദ്രമായിരിക്കില്ല. അതിനാല്‍ കുട്ടികള്‍ക്കു മുന്നില്‍ സൂക്ഷ്മത പുലര്‍ത്തുക. നമ്മുടെ ഓരോ വാക്കും നോക്കും അടക്കവും അനക്കവുമെല്ലാം പകര്‍ത്തപ്പെടുന്നുണ്ടെന്നു മനസിലാക്കുക. നാം എപ്പോഴും അവരുടെ നിരീക്ഷണത്തിലാണെന്നറിയുക. നമ്മളാണു നമ്മുടെ കുട്ടികള്‍. അവരില്‍ നാം നമ്മെയാണു കാണേണ്ടത്. ആ കാഴ്ച ഭംഗിയുള്ളതാവാന്‍ നാം സ്വയം നന്നാവുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago