കമ്പംമേട്ട് ചെക്‌പോസ്റ്റ് ഇടിച്ചു തകര്‍ത്ത സംഭവം: ഡ്രൈവര്‍ അറസ്റ്റില്‍
തൊടുപുഴ: കമ്പംമെട്ട് ചെക്ക്‌പോസ്റ്റ് ഇടിച്ചു തകര്‍ത്ത് കള്ളക്കടത്തു സാധനങ്ങളുമായി കടന്ന വാഹനത്തിന്റെ ഡ്രൈവര്‍ അറസ്റ്റില്‍.
കേസിലെ ഒന്നാംപ്രതി ചേലച്ചുവട് ചുരുളി ഉമ്പക്കാട്ട് ഉണ്ണി എന്ന ജിന്റോ വര്‍ക്കി(34) ആണ് നെടുങ്കണ്ടം പൊലിസിന്റെ പിടിലായത്. ഇയാളെ തൊടുപുഴക്ക് സമീപം തൊമ്മന്‍കുത്തിലെ ഒരു ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്.
മകരവിളക്ക് ദിവസം നികുതി വെട്ടിച്ച്് കുരുമുളക്് തമിഴ്‌നാട്ടിലേക്ക് കടത്തുമ്പോഴാണ് കള്ളക്കടത്ത് ലോറി ചെക്ക്‌പോസ്റ്റ്് ഇടിച്ച്‌തെറിപ്പിച്ച് നിര്‍ത്താതെ പോയത്. കേസില്‍ രണ്ട് പ്രതികളാണുള്ളത്. രണ്ടാം പ്രതി ചേലച്ചുവട് സ്വദേശി ജലജന്‍ ഒളിവിലാണ്. സംഭവത്തെതുടര്‍ന്ന് ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം നെടുങ്കണ്ടം സി.ഐ റെജി കുന്നിപ്പറമ്പന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിവരികയായിരുന്നു. ജിന്റോയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷമണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.
സംഭവശേഷം പാലക്കാട്, അട്ടപ്പാടി, വയനാട് എന്നിവിടങ്ങളില്‍ ഒളിച്ച് താമസിച്ച ശേഷമാണ് പ്രതി തൊമ്മന്‍കുത്തില്‍ എത്തുന്നത്.
വാളയാറും കുമളിയും ഉള്‍പ്പെടെയുള്ള അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ വഴി കള്ളക്കടത്ത് നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ജിന്റോ. കുരുമുളക് കൂടാതെ മഞ്ഞള്‍, ചുക്ക് തുടങ്ങിയവയും പ്രതി കടത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ വിശ്വാസ വഞ്ചന, കള്ളക്കടത്ത്, അടിപിടി എന്നീ കുറ്റങ്ങള്‍ക്ക് പാലക്കാട്, മൂവാറ്റുപുഴ തുടങ്ങി നിരവധി സ്‌റ്റേഷനുകളില്‍ കേസ് നിലവിലുണ്ടെന്നും പൊലിസ് പറഞ്ഞു. ചെക്ക്‌പോസ്റ്റിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് സംഭവം ഉണ്ടായതെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.
ചെക്ക്‌പോസ്റ്റ് ഇടിച്ച്‌തെറിപ്പിച്ച് ലോറി കടന്നുപോയിട്ടും സംഭവത്തെക്കുറിച്ചോ വാഹനത്തിനെക്കുറിച്ചോ പ്രാഥമിക വിവരം പോലും കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ നിന്നു ലഭിക്കാത്തതിനെക്കുറിച്ചും പൊലിസ് അന്വേഷിക്കുന്നുണ്ട്. സിവില്‍ പൊലിസ് ഓഫിസര്‍മാരായ ബിജു ലൂക്കോസ്്, എന്‍. ജയന്‍, ഷാനവാസ് ഖാന്‍, എ.വി. എബ്രഹം എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."