വൈക്കം ആയുര്‍വേദ ആശുപത്രി വികസനം വഴിമുട്ടി
വൈക്കം: ജില്ലയിലെ ആദ്യ ആയുര്‍വേദ ആശുപത്രികളില്‍ ഒന്നായ വൈക്കം ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയുടെ വികസനം വഴിമുട്ടിയ അവസ്ഥയിലാണ്. ജില്ലയിലെ കാഞ്ഞിരപ്പള്ളി, കോട്ടയം, ചങ്ങനാശ്ശേരി, പാലാ എന്നിവിടങ്ങളിലാണ് മറ്റ് പ്രധാന ആയുര്‍വേദ ആശുപത്രികള്‍ നിലവിലുള്ളത്. ഇതില്‍ ഏറ്റവും മികച്ച നിലയില്‍ രോഗികള്‍ക്ക് ആയുര്‍വേദ ചികിത്സാ സൗകര്യം ലഭിക്കുന്ന ആശുപത്രിയാണ് വൈക്കത്തേത്.
താലൂക്കില്‍ നിന്നും പുറമെ ചേര്‍ത്തല, പള്ളിപ്പുറം, പാണാവള്ളി, പൂച്ചാക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഒട്ടേറെ രോഗികളാണ് പഴയകിയതും പുതിയതുമായ രോഗങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സ തേടിയെത്തുന്നത്.
എന്നാല്‍ ഇവിടെ അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ്. വെള്ളവും വെളിച്ചവും ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഇവിടെ ഇതെല്ലാം ലഭിക്കുന്നത് വല്ലപ്പോഴും മാത്രമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച വയറിംഗ് ഉള്‍പ്പെടെയുള്ളവ അപകടാവസ്ഥയിലാണ്.
പ്രധാന കെട്ടിടവും ജീര്‍ണാവസ്ഥയിലാണ്. കെ.അജിത്തിന്റെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം തുടങ്ങിയശേഷം മുടങ്ങിക്കിടക്കുകയായിരുന്ന പുതിയ പേ വാര്‍ഡ് കെട്ടിടത്തിന്റെ പണി ഇപ്പോള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. സാധാരണക്കാരായ രോഗികള്‍ക്ക് ഏറെ സഹായകരമായ ഒരു ആയുര്‍വേദ സ്ഥാപനമാണ് ഇത്.
ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. 30 കിടക്കകളുള്ള താലൂക്ക് ആശുപത്രിയായി ഈ സ്ഥാപനത്തെ ഉയര്‍ത്തിയാല്‍ വൈക്കത്തിന് തുടര്‍ന്ന് ഒരു ആയുര്‍വേദ നഴ്‌സിങ് സ്ഥാപനമായി മാറ്റിയെടുക്കാന്‍ എല്ലാവിധ സൗകര്യങ്ങള്‍ ഇവിടെയുണ്ട്.
ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനുവേണ്ടി ലക്ഷങ്ങള്‍ മുടക്കി ആയുര്‍വേദ സ്ഥാപനങ്ങള്‍ സ്ഥാപിക്കുമ്പോള്‍ താലൂക്കിലെ ജനങ്ങള്‍ക്ക് ഏറ്റവും അഭികാമ്യമായ ഇതുപോലുള്ള ആയുര്‍വേദ ആശുപത്രി മെച്ചപ്പെട്ട നിലയില്‍ എത്തിക്കേണ്ടത് അധികാരികളുടെ ഉത്തരവാദിത്വമാണ്.
അതോടൊപ്പം തന്നെ താലൂക്കിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കുമരകത്ത് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആയുര്‍വേദത്തിന്റെ ഗുണമേന്മ മനസ്സിലാക്കുന്നതോടൊപ്പം വേമ്പനാട്ടു കായലിലൂടെയുള്ള വിനോദസഞ്ചാരത്തിനും ഇത് വഴിയൊരുക്കും. ആശുപത്രി വികസനത്തിന് ആവശ്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വികസനം ത്വരിതമാക്കാന്‍ എം.എല്‍.എ മുന്‍കയ്യെടുക്കണമെന്നാണ് ജനകീയ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."