ഈരാറ്റുപേട്ട നഗരഭരണം പൂര്‍ണ സ്തംഭനത്തിലെന്ന് യു.ഡി.എഫ്
ഈരാറ്റുപേട്ട: അഴിമതിയാരോപണങ്ങളും കെടുകാര്യസ്ഥതയും നിറഞ്ഞുനില്‍ക്കുന്ന ഈരാറ്റുപേട്ട നഗരസഭയില്‍ ഭരണസംവിധാനം ഏതാണ്ട് നിലച്ച മട്ടാണെന്ന് യു.ഡി.എഫ്. നഗരസഭാ ചെയര്‍മാന്‍ തല്‍സ്ഥാനം രാജിവെച്ചക്കണമെന്നും യു.ഡി.എഫ് ഈരാറ്റുപേട്ട മുനിസിപ്പല്‍ നേതൃയോഗം ആവശ്യപ്പെട്ടു.
ഭരണകക്ഷിയെ താങ്ങിനിര്‍ത്തുന്ന പി.സി ജോര്‍ജ് എം.എല്‍.എ സി.പി.എം നേതൃത്വത്തിന് ഇതുസംബന്ധമായി നല്‍കിയ കത്തും സി.പി.എം തന്നെ ഉയര്‍ത്തുന്ന അഴിമതിയാരോപണങ്ങളും ഇതിന്റെ ഏറ്റവും വലിയ തെളിവാണെന്നും ലീഗ് ഹൗസില്‍ ചേര്‍ന്ന യു ഡി എഫ് യോഗം വിലയിരുത്തി.
യോഗത്തില്‍ മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ ലത്തീഫ് വെള്ളൂപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. ഗവ ആശുപത്രി നവീകരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഭരണകക്ഷി തന്നെ ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുന്ന ആരോപണം വളരെ ഗൗരവത്തിലുള്ളതാണ്. ഈ വര്‍ഷത്തെ പദ്ധതി രൂപീകരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ആരോഗ്യസ്റ്റാന്റിങ്് കമ്മിറ്റിയോഗത്തില്‍ ഇങ്ങനെയൊരു നവീകരണത്തിന്റെ നിര്‍ദ്ദേശം വെച്ചപ്പോള്‍ തന്നെ യു.ഡി.എഫ് അംഗം ഇതിനെ എതിര്‍ക്കുകയും രേഖാമൂലം പരാതി നല്‍കുകയും ചെയ്തിരുന്നതാണ്. പിന്നീട് നടന്ന കൗണ്‍സിലിലും യു.ഡി.എഫ് ഈ നിര്‍ദ്ദേശത്തെ ശക്തിയുക്തം എതിര്‍ത്തിരുന്നതാണ്.
എന്നാല്‍, അന്ന് ഭരണപക്ഷം ഒന്നടങ്കം ഇതിന് കൂട്ടുനിന്നു. വൈകിയാണെങ്കിലും ഇതിന്റെ സത്യം തിരച്ചറിഞ്ഞ് എതിര്‍ക്കാന്‍ സി.പി.എം തന്നെ രംഗത്തുവന്നത് നല്ല കാര്യമാണെന്നും യു ഡി എഫ് നേതാക്കള്‍ പറഞ്ഞു. 15 ലക്ഷത്തിന്റെ ഇ -ടെണ്ടര്‍ ഒഴിവാക്കാന്‍ ഇതിനെ അഞ്ചു ലക്ഷത്തിന്റെ മൂന്ന് വര്‍ക്കുകളാക്കിത്തിരിച്ച് സ്വന്തക്കാരെ ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടാനുള്ള പദ്ധതിയാണ് ചെയര്‍മാനും ആരോഗ്യസ്റ്റാന്റിഗ് കമ്മററി ചെയര്‍മാനും ഇതിലൂടെ ഉദ്ദേശിച്ചതെന്നും യു.ഡി.എഫ് ആരോപിച്ചു. ഗവ ആശുപത്രി നവീകരണത്തില്‍ മാത്രമല്ല നഗരസഭ ഇപ്പോള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന പല പദ്ധതികളും അഴിമതി മാത്രം ലക്ഷ്യമിട്ടുള്ളതാണ്. ലോകബാങ്ക് പിന്നോക്കം നില്‍ക്കുന്ന പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും നല്‍കിയ 2 കോടി രൂപ മറ്റു പലയിടങ്ങളിലും സുതാര്യമായ നടപടികളിലൂടെ തുടക്കം കുറിക്കുയും പൂര്‍ത്തീകരണഘട്ടങ്ങളിലെത്തിക്കുകയും ചെയ്തപ്പോള്‍ ഈരാറ്റുപേട്ടയില്‍ ഈ വര്‍ക്ക് തുടങ്ങിയിട്ട് പോലുമില്ല. ഇ ടെണ്ടര്‍ ഒഴിവാക്കി ഒരു കോടി ഇരുപത് ലക്ഷത്തിന് ഗവ ഏജന്‍സിയെ ഏകപക്ഷീയമായി ഏല്‍പിച്ചതിനുപിന്നിലും നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്.
ഇ ടെണ്ടര്‍ വിളിച്ചിരുന്നെങ്കില്‍ ഇതേ വര്‍ക്ക് 10 മുതല്‍ 20 ശതമാനം വരെ ബിലോയില്‍ ഏറ്റെടുക്കാന്‍ ആളുണ്ടായേനെ. ഇതേ മാതൃകയില്‍ നഗരസഭാ ഓഫീസിന്റെ നവീകരണവും ഈ ഏജന്‍സിയെ ഏല്‍പിക്കാന്‍ ചെയര്‍മാനും കൂട്ടരും കിണഞ്ഞ് ശ്രമിച്ചെങ്കിലും സി.പി.എം ഉള്‍പ്പടെ കൗണ്‍സിലംഗങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് ഇതിനെ എതിര്‍ത്തതിനെത്തുടര്‍ന്ന് പിന്‍മാറേണ്ടിവന്നു.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ നഗരസഭ നടപ്പാക്കുന്ന പി.എം.എ.വൈ പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിനെക്കുറിച്ച് സി.പി.എം പ്രവര്‍ത്തകര്‍ തന്നെ പരാതി അയക്കുന്ന സാഹചര്യവും നഗരസഭയിലുണ്ടായി.
അര്‍ഹതാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ എല്‍.ഡി.എഫ് കൗണ്‍സിലറുടെ ഭര്‍ത്താവ് കൈക്കൂലി വരാങ്ങിയെന്ന ആരോപണവുമായി ഇവര്‍ പരാതികളയച്ചു കഴിഞ്ഞു.
നഗരസഭാ വര്‍ക്കുകള്‍ മിക്കതും ഡി.വൈ.എഫ്.ഐ കോണ്‍ട്രാക്റ്റര്‍മാരുടെ കൈയിലായി. അഴിമതി സാര്‍വ്വത്രികമായി - യു.ഡി.എഫ് ആരോപിച്ചു.
അഴിമതിയാരാപണം ഈ വിധത്തില്‍ നില്‍ക്കുമ്പോള്‍ പദ്ധതി നിര്‍വഹണത്തില്‍ ഈരാറ്റുപേട്ടയുടെ സ്ഥിതി വളരെ ദയനീയമാണ്. കോട്ടയം ജില്ലയില്‍ ആകെ ആറു മുനിസിപ്പാലിറ്റികളുള്ളതില്‍ ആറാം സ്ഥാനത്താണ് ഈരാറ്റുപേട്ടയുള്ളത്. യോഗത്തില്‍ മുസ്‌ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റ് പി.എം ഷരീഫ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ വി.എം മുഹമ്മദ് ഇല്യാസ്, എം.പി സലിം, പി.എച്ച് നൗഷാദ്, വി.പി മജീദ്, വി.എച്ച് നാസര്‍, മാഹിന്‍ തലപ്പള്ളി,ഷെനീര്‍മഠത്തില്‍ നഗരസഭാ പ്രതിപക്ഷനേതാവ് വി.എം സിറാജ്, കൗണ്‍സിലര്‍മാരായ നിസാര്‍കുര്‍ബാനി, അഡ്വ വി.പി നാസര്‍, സി.പി ബാസിത്ത്, പി.എം അബ്ദുല്‍ഖാദര്‍, .ബീമാ നാസര്‍, കെ.പി മുജീബ്, അന്‍വര്‍ അലിയാര്‍, ഷഹ്ബാനത്ത്ടീച്ചര്‍, റാഫി അബ്ദുല്‍ഖാദര്‍, ഫാത്തിമ അന്‍സര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."