പാംപോര്‍ ആക്രമണം സുരക്ഷാപാളിച്ച
ജമ്മുകശ്മീരിലെ പാംപോറില്‍ ശനിയാഴ്ച സി.ആര്‍.പി.എഫിനുനേരേ പാകിസ്താന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലക്ഷര്‍ ഇ ത്വയ്ബ ഭീകരര്‍ നടത്തിയ ആക്രമണത്തിനു കാരണമായതു സുരക്ഷാപാളിച്ചയാണെന്ന പരാതി ഉയര്‍ന്നിരിക്കുകയാണ്. നിജസ്ഥിതിയറിയാന്‍ വിശദമായ അന്വേഷണത്തിനു കേന്ദ്രസര്‍ക്കാര്‍ ഉത്തരവായിട്ടുമുണ്ട്.
അന്വേഷണറിപ്പോര്‍ട്ടില്‍ സുരക്ഷാവീഴ്ചയാണെന്നു തെളിഞ്ഞാലും കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടായിക്കൊള്ളണമെന്നില്ല. സൈന്യത്തിന്റെ ആത്മവീര്യം ചോരുമെന്ന കാരണത്താല്‍ ശിക്ഷ ഒഴിവായേയ്ക്കാം. ദക്ഷിണകശ്മീരിലെ പുല്‍വാമ ജില്ലയില്‍പ്പെട്ട പാംപോറിലുണ്ടായ ഭീകരാക്രമണത്തില്‍ എട്ടുജവാന്മാരെയാണു നമുക്കു നഷ്ടമായത്. 21 ജവാന്മാര്‍ക്കു പരുക്കേറ്റു. നാലുപേരുടെ നില അതീവഗുരുതരമാണ്. മൂന്നുവര്‍ഷമായി പാകിസ്താനില്‍നിന്നു ഭീകരരുടെ നിരന്തരമായ നുഴഞ്ഞുകയറ്റവും അക്രമണവും നടന്നുകൊണ്ടിരിക്കുകയാണ്. നുഴഞ്ഞുകയറ്റക്കാരായ ഭീകരരെ തുരത്താനുതകുന്ന കര്‍മപദ്ധതിക്കു രൂപംനല്‍കാന്‍ ഇതുവരെ നമുക്കു കഴിഞ്ഞിട്ടില്ല. അതിന്റെ ഫലവും കൂടിയാണു കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെയുണ്ടായ ഏറ്റവുംവലിയ ഭീകരാക്രമണത്തിന് ഇന്ത്യ ഇരയായിരിക്കുന്നത്.
പാംപോര്‍ അക്രമണത്തെ പരാമര്‍ശിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞതു ഭീകരരും അയല്‍രാജ്യവും ഇന്ത്യയില്‍ അസ്ഥിരതയുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാണ്. വഴിപാടു പ്രസ്താവന മാത്രമാണിത്. നമ്മള്‍ ആദ്യം വെടിയുതിര്‍ക്കുകയില്ലെന്നും പാകിസ്താന്‍ വെടിവച്ചാല്‍ നോക്കിനില്‍ക്കില്ലെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞിട്ടുണ്ട്. അണ്വായുധം ഇന്ത്യ ആദ്യം പ്രയോഗിക്കില്ലെന്നു മുന്‍പൊരു മന്ത്രി പറഞ്ഞതിനു തുല്യമാണിത്. അണ്വായുധം രണ്ടാമതു പ്രയോഗിക്കാന്‍ ബാക്കിയുണ്ടായാലല്ലേ അതിനു കഴിയൂ. പ്രതിയോഗികകളുടെ ആക്രമണോദ്ദേശ്യം കാലേക്കൂട്ടി തിരിച്ചറിഞ്ഞു തകര്‍ക്കുകയെന്നതായിരിക്കണംലക്ഷ്യം. അല്ലെങ്കില്‍ ഭീകരാക്രമണം ഇനിയും വന്നുകൊണ്ടിരിക്കും.
കശ്മീരില്‍ നിരന്തരമായുണ്ടാകുന്ന ഭീകരാക്രമണങ്ങളെത്തുടര്‍ന്ന് ആ സംസ്ഥാനം ശരിക്കും ഒറ്റപ്പെട്ട അവസ്ഥയിലാണ്. സഞ്ചാരികള്‍ ഏറെക്കുറേ കശ്മീരിനെ കൈയൊഴിഞ്ഞു. സഞ്ചാരികള്‍ക്കും നിക്ഷേപകര്‍ക്കും പൂര്‍ണസുരക്ഷിതത്വം കശ്മീര്‍ മുഖ്യമന്ത്രിമെഹ്ബൂബ മുഫ്തി വാഗ്ദാനംചെയ്യുന്നുണ്ടെങ്കിലും അതെത്രമാത്രം ഫലവത്താകുമെന്നു അവര്‍ക്കുപോലും അറിവുണ്ടാവില്ല. അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കുന്നതിലും വികസനരംഗത്തും ആരോഗ്യംരംഗത്തും നിക്ഷേപകരെ ആകര്‍ഷിക്കുവാന്‍ കഴിയാത്ത അവസ്ഥ കശ്മീരിലുണ്ട്. ഇതിനെല്ലാം കാരണമായ ഭീകരാക്രമണങ്ങളെ വേരോടെ പിഴുതെറിയാന്‍ കഴിയുന്നില്ലെങ്കില്‍ സമീപഭാവിയില്‍ കശ്മീരില്‍നിന്നു ജനങ്ങള്‍ പലായനംചെയ്യാന്‍ തുടങ്ങും.
ബി.ജെ.പി സര്‍ക്കാര്‍ ഒന്നാംവര്‍ഷം കെങ്കേമമായി ആഘോഷിച്ചപ്പോള്‍ ആഘോഷിക്കാന്‍മാത്രം എന്തുണ്ടെന്നു മുന്‍പ്രതിരോധമന്ത്രി എ.കെ ആന്റണി ചോദിച്ചതു മറക്കാറായിട്ടില്ല. അതിര്‍ത്തിയിലെ സുരക്ഷാക്രമീകരണങ്ങളിലുണ്ടായ പാളിച്ചകള്‍ അന്നദ്ദേഹം അക്കമിട്ടുനിരത്തി. 2013 ല്‍ യു.പി.എ സര്‍ക്കാര്‍ അതിര്‍ത്തി സംരക്ഷണാര്‍ഥം രൂപംനല്‍കിയ 'മൗണ്ടന്‍സ് സ്‌ട്രൈക് കോറി'ന്റെ അംഗബലം വെട്ടിച്ചുരുക്കണമെന്നായിരുന്ന പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞത്. യു.പി.എ സര്‍ക്കാര്‍ എഴുപതിനായിരം സൈനികരെയാണു ചൈന അതിര്‍ത്തിയില്‍ വിന്യസിച്ചതെങ്കില്‍ ബി.ജെ.പി സര്‍ക്കാര്‍ അതു 35000 ആക്കി. ഇതിന്റെ ഫലമായി അരുണാചലില്‍ ഇടക്കിടെ ചൈനീസ് സൈന്യം അതിക്രമിച്ച് കയറാന്‍ തുടങ്ങി. ഇന്ത്യ-ചൈന സേന അനുപാതം ഇപ്പോള്‍ 1:3 ആണ്. മൂന്നു ചൈനക്കാരെ നേരിടാന്‍ ഒരിന്ത്യന്‍ ഭടന്‍ മാത്രം.
ഇന്ത്യ ഏതൊക്കെ സന്ദര്‍ഭങ്ങളില്‍ പാകിസ്താനുമായി നല്ലബന്ധത്തിനു ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അതിനെ തകര്‍ക്കാന്‍ പാക്ചാരസംഘടനയായ ഐ.എസ്.ഐയും ഭീകരരും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിട്ടുണ്ട്. 2015 ഡിസംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഫ്ഗാനിസ്ഥാനില്‍നിന്നു മടങ്ങുമ്പോള്‍ അപ്രതീക്ഷിതമായി പാകിസ്താനില്‍ ഇറങ്ങിയത് രാജ്യാന്തരതലത്തില്‍തന്നെ അത്ഭുതപ്പെടുത്തിയ സംഭവമായിരുന്നു. രക്ഷാസംവിധാനമൊന്നുമില്ലാതെയാണു പ്രധാനമന്ത്രി ലാഹോര്‍ വിമാനത്താവളത്തിലിറങ്ങിയത്. നവാസ് ശരീഫ് വിമാനത്താവളത്തില്‍ മോദിയെ കാത്തിരുന്നതും വാര്‍ത്തയായി. ഇരുരാഷ്ട്രനേതാക്കളും വ്യക്തിപരമായി വളര്‍ത്തിയെടുത്ത ബന്ധത്തിന്റെ ദൃഢതയില്‍ ഇന്ത്യാ-പാക് ബന്ധവും മെച്ചപ്പെടുമെന്നു പലരും വിശ്വസിച്ചു.
ആ സന്ദര്‍ശനത്തിന്റെ ഊഷ്മളത മാറുംമുന്‍പേ കനത്ത ആക്രമണമാണു പാകിസ്താനില്‍ നിന്നു പഞ്ചാബിലെ പത്താന്‍കോട്ട് സൈനികകേന്ദ്രത്തിനു നേരേയുണ്ടായത്. കശ്മീരില്‍ ലക്ഷര്‍ ഇ ത്വയ്ബയാണു ഭീകരാക്രമണം നടത്തിയതെങ്കില്‍ പത്താന്‍കോട്ട് ജയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയാണെന്ന വ്യത്യാസംമാത്രം. ഇരു സംഘടനകളെയും തീറ്റിപോറ്റുന്നത് ഐ.എസ്.ഐ ആണ്. ഓരോ സമാധാനചര്‍ച്ചകളെയും ഐ.എസ്.ഐയും പാക് പട്ടാളവും ബോധപൂര്‍വം തകര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ ഇന്ത്യാ-പാക് സമാധാന ചര്‍ച്ച മരീചികയായി തന്നെ തുടര്‍ന്നുകൊണ്ടിരിക്കും.
2016 പുതുവര്‍ഷാരംഭത്തില്‍ രാജ്യത്തു ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നു പാക് സൈനികമേധാവി ജനറല്‍ റഹീം ശരീഫ് പ്രഖ്യാപിച്ചതുവീണ്‍വാക്കായിരുന്നുവെന്നു തെളിഞ്ഞിരിക്കുന്നു. ദേശഭക്തിമുദ്രാവാക്യങ്ങളുയര്‍ത്തുകയും അതിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുകയും ചെയ്യുന്നതിനു പകരം അതിര്‍ത്തികളില്‍ സുരക്ഷ ഉറപ്പാക്കുകയാണു കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ ഭീകരാക്രമണം ഫലപ്രദമായി തടയുവന്‍ പറ്റൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."