ഉദ്യോഗസ്ഥരുടെ അനാസ്ഥ:ഭിന്നശേഷിക്കാരനും കുടുംബവും പെരുവഴിയിലേക്ക്
വാടാനപ്പള്ളി: സുനാമി കോളനിയില്‍ 18 വീടുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ ഇരു കാലുകള്‍ക്കും സ്വാധീനമില്ലാത്ത ദരിദ്രനായ ലോട്ടറി വില്‍പനക്കാരനും കുടുംബത്തിനും തല ചായ്ക്കാന്‍ ഒരിടം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് വിമുഖത. പഞ്ചായത്തോഫീസ് മുതല്‍ കലക്റ്ററേറ്റ് വരെ കയറി ഇറങ്ങിയ കുടുംബം ഒടുവില്‍ വാടക വീട്ടില്‍നിന്നും പെരുവഴിയിലേക്ക്.
വാടാനപ്പള്ളി ചിലങ്ക ബീച്ച് ആലുങ്ങല്‍ ക്ഷേത്രത്തിനു വടക്ക് നായരുശ്ശേരി സുജിത്തും മാതാപിതാക്കളും ഉള്‍പ്പെടുന്ന കുടുംബമാണ് ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിന് ഇരയായി പെരുവഴിയിലേക്കിറങ്ങേണ്ടി വരുന്നത്. ബാര്‍ബര്‍ തൊഴിലാളിയായിരുന്ന അച്ഛന്‍ സുബ്രഹ്മണ്യനും അമ്മ സുശീല, പിതാവിന്റെ അമ്മ ജാനകി എന്നിവര്‍ ഉള്‍പ്പെട്ടതാണു കുടുംബം. എട്ട് വര്‍ഷം മുന്‍പ് സുബ്രഹ്മണ്യന്റെ മകളുടെ വിവാഹാവശ്യത്തിനായി ചിലങ്ക ബീച്ചിലെ ഇവരുടെ നാല് സെന്റു പുരയിടം വില്‍ക്കേണ്ടി വന്നു. പിന്നെ വാടക വീടുകളായിരുന്നു അഭയകേന്ദ്രം.
ഇതിനിടെയാണു സുബ്രഹ്മണ്യന്‍ അസുഖബാധിതനായത്. ഈ ദയനീയാവസ്ഥയില്‍ കുടുംബ ഭാരം വികലാംഗനായ മകന്‍ സുജിത്ത് ഏറ്റെടുക്കുകയായിരുന്നു. ഒരു ഉദാരമതി നല്‍കിയ മുച്ചക്ര സൈക്കിളില്‍ ലോട്ടറി വില്‍പന ആരംഭിച്ചു ഈ യുവാവ്. ഈ സമയം സുനാമി പുനരധിവാസ പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളിലൊന്ന് ലഭിക്കാനായി വാടാനപ്പള്ളി പഞ്ചായത്തില്‍ അപേക്ഷ നല്‍കി. ഒരു വര്‍ഷത്തോളമായിട്ടും നടപടി ഇല്ലാതായതിനെ തുടര്‍ന്ന് കലക്ടര്‍ക്കും പരാതി നല്‍കി.
ഇതേ തുടര്‍ന്ന് 2013 സെപതംബര്‍ ഏഴിനു വാടാനപ്പള്ളി പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ് എന്നിവരുടെ സംയുക്ത പരിശോധനാ സമിതി 2017 മാര്‍ച്ച് നാലിനാണ് ഈ കുടുംബം സുനാമി വീടിനു അര്‍ഹരാണെന്ന് മറുപടി നല്‍കിയത്. ഇവര്‍ക്ക് സഹായിയായി കൂടെ പോയ തളിക്കുളം സുനാമി കോളനിയിലെ ഓട്ടറാട്ട് താരയോട് വാടാനപ്പള്ളിയിലെ കാര്യം അന്വേഷിക്കാന്‍ വരണ്ടായെന്ന് ഒരു ജനപ്രതിനിധി പറഞ്ഞതായും പരാതിയുണ്ട്.ഇതിനിടെ വീട്ടുടമയുടെ ബന്ധുക്കള്‍ക്ക് താമസിക്കുന്നതിനുവേണ്ടി സുജിത്തിനോട് വാടക വീട് ഒഴിയാനും ഉടമ ആവശ്യപ്പെട്ടു. പെരുവഴിയിലാകുമെന്ന അവസ്ഥയില്‍ കുടുംബം വീണ്ടും പഞ്ചായത്ത് ഓഫീസും കലക്റ്ററേറ്റും കയറി ഇറങ്ങി. എം.എല്‍.എ യുടെ ശുപാര്‍ശക്കത്ത് വേണമെന്നായി കലക്റ്ററേറ്റില്‍ നിന്നുള്ള മറുപടി. കഴിഞ്ഞ 11ന് മുരളി പെരുനെല്ലി എം.എല്‍.എയില്‍ നിന്ന് കത്തും ലഭിച്ചു.
കലക്ടര്‍ തിരക്കിലാണെന്നായിരുന്നു പിന്നെ ഓഫീസില്‍നിന്ന് കിട്ടിയ മറുപടി. കുടുംബം കലക്ടറെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.ഈ ആഴ്ച കഴിഞ്ഞിട്ടേ കലക്ടര്‍ വരികയുള്ളുവെന്നും വന്നാല്‍ യോഗം ചേര്‍ന്നാലെ വീട് പാസ്സാക്കാനാകൂവെന്നാണു ഉദ്യോഗസ്ഥ ഭാഷ്യം. താല്‍ക്കാലികമായി കയറിക്കിടക്കാന്‍ അനുവദിക്കണമെന്നും മുമ്പ് അങ്ങനെ ഒരു കുടുംബത്തിനു സുനാമി വീട് കൊടുത്തിട്ടുണ്ടെന്നും പറഞ്ഞുനോക്കിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.തളിക്കുളത്തെ 44 സുനാമി വീടുകളില്‍ 18 എണ്ണം ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഈ അവഗണന. ഈ അവസ്ഥയില്‍ അടുത്ത തിങ്കളാഴ്ച മുതല്‍ കലക്റ്ററേറ്റ് പടിക്കല്‍ നിരാഹാര സമരം ആരംഭിക്കാനാണു സുജിത്തിന്റെയും മാതാ പിതാക്കളുടെയും തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."