കാളികാവില്‍ മൂന്ന് പേര്‍ക്ക് ഡെങ്കിപ്പനി: മലയോര മേഖലയില്‍ പനി പടരുന്നു
കാളികാവ്: മലയോര ഗ്രാമങ്ങളില്‍ പകര്‍ച്ചപ്പനി പടരുന്നു. കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിനു കീഴിലെ പൂങ്ങോട് ഭാഗത്താണ് പനി പടര്‍ന്നിട്ടുള്ളത്. പൂങ്ങോട് മിച്ചഭൂമിയില്‍ മൂന്ന് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ഡെങ്കി ബാധിതര്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. പൂങ്ങോടില്‍ പനി ബാധിതരായ മറ്റു മൂന്ന് പേര്‍ക്ക് കൂടി ഡെങ്കിപ്പനിയുള്ളതായി സംശയിക്കുന്നുണ്ട്. കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തുന്നവരില്‍ ഭൂരിഭാഗവും പനി ബാധിതരാണ്. ഇന്നലെ ചികിത്സ തേടിയെത്തിയവരില്‍ 200 ലധികം പേരും പനി ബാധിതരാണ്. പനി ബാധിതരുടെ രക്ത പരിശോദനയില്‍ രക്താണുക്കളുടെ അളവില്‍ ഗണ്യമായ കുറവ് പലരിലും കണ്ടെത്തിയിട്ടുണ്ട്. രക്താണുക്കളുടെ കുറവും ഡെങ്കിപ്പനിയുടെ ലക്ഷണമാണ്. ഡെങ്കിപ്പനിയുടെ ലക്ഷണമുള്ളവരെ പ്രത്യേകം മുന്‍കരുതലോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ഡെങ്കിപ്പനി സംശയമുള്ളവരെ പ്രത്യേകം വലവിരിച്ച കട്ടിലുകളിലാണ് കിടത്തുന്നത്. ഇവരില്‍ നിന്ന് കൊതുകുകള്‍ മറ്റുള്ളവരിലേക്ക് രോഗം പടര്‍ത്തുന്നത് തടയുന്നതിനുള്ള മുന്‍കരുതലായിട്ടാണ് വലവിരിച്ചിട്ടുള്ളത്. ഇടവിട്ട മഴ തുടര്‍ന്നാല്‍ പനി ബാധിതരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. നേരത്തെ പെയ്യുന്ന വേനല്‍ മഴയും ശുചിത്വമില്ലായ്മയുമാണ് രോഗം പടരാനുള്ള കാരണമായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.
വേനല്‍ മഴയോടൊപ്പം തന്നെ ഇടവിട്ടുള്ള ശക്തമായ വെയിലില്‍ കൊതുകുകള്‍ പെരുകുന്നതാണ് പ്രധാന പ്രശ്‌നം. പൂങ്ങോട് മേഖലയില്‍ കൊതുകിന്റെ വ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പ് അധികൃതര്‍ ഫോഗിങ് നടത്തി.
ശുചിത്വ പ്രവര്‍ത്തനം സ്വയം ഉത്തരവാദിത്യമായി ഏറ്റെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജഗതീഷ് പറഞ്ഞു. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത കാളികാവില്‍ ജില്ല ഉപമെഡിക്കല്‍ ഓഫിസര്‍ രേണുകയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."