മെറിറ്റ് അപേക്ഷാനടപടികള്‍ തീരുംമുന്‍പേ സ്വകാര്യ സ്‌കൂളുകളില്‍ പ്ലസ്‌വണ്‍ പ്രവേശനം തുടങ്ങി
മലപ്പുറം: പ്ലസ്‌വണ്‍ മെറിറ്റ് സീറ്റിലേക്കുള്ള അപേക്ഷാ നടപടികള്‍ തീരുംമുന്‍പ് സ്വകാര്യ സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനം തുടങ്ങി. ഡൊണേഷന്‍ എന്ന പേരില്‍ വന്‍തുക ഈടാക്കിയാണ് സ്ഥാപന ഉടമകളുടെ സീറ്റ് കച്ചവടം.
മെറിറ്റ് സീറ്റിലേക്കുള്ള പ്ലസ് വണ്‍ അപേക്ഷകള്‍ 30 വരെ നീട്ടിയിരുന്നു. ഇതിനുപോലും കാത്തിരിക്കാതെയാണ്് വന്‍തുക നല്‍കാന്‍ തയാറുള്ളവര്‍ക്ക്് സീറ്റുനല്‍കുന്നത്്. ഇതിനായി വിദ്യാര്‍ഥികള്‍ക്കുള്ള അപേക്ഷാ ഫോറം വിതരണം ഇതിനകം തന്നെ ആരംഭിച്ചു. ഏകജാലക രീതിയിലുള്ള സീറ്റുകളിലേക്കുള്ള ആദ്യഅലോട്ട്‌മെന്റിനു ശേഷമേ സ്വകാര്യ വിദ്യാലയങ്ങളിലെ മാനേജ്‌മെന്റ്‌സീറ്റിലേക്ക് പ്രവേശനം തുടങ്ങാവൂ എന്ന് നിയമമുണ്ട്. അപേക്ഷാ ഫോറം വിതരണം ചെയ്യുന്ന തിയതി മുതല്‍ പ്രവേശനം പൂര്‍ത്തിയാക്കുന്ന തിയതി വരെ സര്‍ക്കാര്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതനുസരിച്ചായിരിക്കണം എയ്ഡഡ്- അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പ്രവേശന നടപടി ആരംഭിക്കേണ്ടത്.
എന്നാല്‍, വിദ്യാഭ്യാസ വകുപ്പിന്റെ ഇത്തരം നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് പ്രവേശനത്തിനുള്ള ഫോം വില്‍പനയും സ്വീകരിക്കലും നടക്കുന്നത്. ഫോമിന് നിശ്ചിത തുകയും മുന്‍കൂര്‍ ഈടാക്കുന്നുണ്ട്. പുതുക്കിയ രീതി പ്രകാരം ജൂണ്‍ 12നാണ് ആദ്യഅലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. അന്നുമുതല്‍ക്കാണ് സംസ്ഥാനത്തെ എയ്ഡഡ് മാനേജ്‌മെന്റ്, അണ്‍ എയ്ഡഡ് മാനേജ്‌മെന്റ് ക്വാട്ടകളിലേക്കുള്ള പ്രവേശനം തുടങ്ങാവൂ എന്ന് കര്‍ശന നിര്‍ദേശമുണ്ട്.
സയന്‍സ് വിഷയങ്ങള്‍ക്ക് 50,000ത്തിനു മുകളില്‍ വരെയാണ് ഫീസിനത്തിലും അല്ലാതെയുമായി വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കുന്നത് താരതമ്യേന കുറവാണെങ്കിലും ആര്‍ട്‌സ് വിഷയങ്ങള്‍ക്കും വന്‍തുക ഈടാക്കുന്നുണ്ട്. പ്ലസ് വണ്‍ സീറ്റ്ക്ഷാമം ഏറെ രൂക്ഷമായ മലബാര്‍ ജില്ലകളിലാണ് സ്വകാര്യവിദ്യാലയങ്ങള്‍ ഇത്തരത്തില്‍ പ്രവേശനം തുടങ്ങിയിരിക്കുന്നത്.
പ്രവേശനം നല്‍കിയ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 12നു ശേഷമേ തുടങ്ങൂ എന്നതിനാല്‍ ഹയര്‍ സെക്കന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്റിന് ഇത് കണ്ടെത്താന്‍ കഴിയുകയുമില്ല. മെറിറ്റ് സീറ്റിനേക്കാള്‍ പതിനായിരത്തിലധികം വിദ്യാര്‍ഥികളാണ് മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുന്നത്.
മെറിറ്റ് സീറ്റില്‍ യാതൊരു കാരണവശാലും സീറ്റ് ലഭിക്കാന്‍ ഇടയില്ല എന്നുകരുതിയും ഇഷ്ടകോഴ്‌സ് ലഭിക്കാനിടയില്ലാ എന്ന് വിചാരിച്ചുമാണ് വിദ്യാര്‍ഥികള്‍ എത്ര പണം നല്‍കിയും മാനേജ്‌മെന്റ് സീറ്റില്‍ റഗുലര്‍ പഠനം നടത്താന്‍ നെട്ടോട്ടം ഓടുന്നത്. ഈ അവസരം മുതലെടുത്ത് സ്വകാര്യവിദ്യാലയങ്ങള്‍ വന്‍തുക ഈടാക്കുന്നുമുണ്ട്.
മാനേജ്‌മെന്റ് സീറ്റില്‍ മുഖ്യഘട്ട പ്രവേശനം ജൂണ്‍ 19നാണ് അവസാനിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 21ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. ശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് ജൂണ്‍ 25 മുതല്‍ ജൂലൈ 17 വരെയും അവസരമുണ്ട്. ഇതിനൊന്നും കാത്തുനില്‍ക്കാതെയാണ് വന്‍തുക ഉറപ്പിച്ചുള്ള മുന്‍കൂട്ടി പ്രവേശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."