പ്ലേ ഓഫ് കാണാതെ മുംബൈയും
ന്യൂഡല്‍ഹി: നിര്‍ണായക പോരാട്ടത്തില്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സിനോട് പരാജയപ്പെട്ട് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്ലില്‍ നിന്ന് പുറത്ത്. സ്വന്തം തട്ടകത്തില്‍ ബൗളിങ് മികവില്‍ 11 റണ്‍സിനാണ് ഡല്‍ഹി വിജയം സ്വന്തമാക്കിയത്. ഡല്‍ഹി നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തപ്പോള്‍ മുംബൈയുടെ പോരാട്ടം 19.3 ഓവറില്‍ 163 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഡല്‍ഹി വിജയം സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിങിനിറങ്ങിയ ഡല്‍ഹി റിഷഭ് പന്ത്, വിജയ് ശങ്കര്‍ എന്നിവരുടെ ബാറ്റിങ് മികവിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. ഓപണറായി സ്ഥാനക്കയറ്റം കിട്ടിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഫോമിന്റെ മിന്നലാട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച് മടങ്ങി. 18 പന്തില്‍ 22 റണ്‍സായിരുന്ന ഓസീസ് താരത്തിന്റെ സമ്പാദ്യം. പിന്നീട് ക്രീസിലെത്തിയ റിഷഭ് പന്ത്- വിജയ് ശങ്കര്‍ സഖ്യത്തിന്റെ മികച്ച ബാറ്റിങാണ് ഡല്‍ഹിക്ക് കരുത്തായത്. പന്ത് 44 പന്തില്‍ നാല് വീതം സിക്‌സും ഫോറും പറത്തി 64 റണ്‍സെടുത്തപ്പോള്‍ വിജയ് ശങ്കര്‍ 30 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 30 പന്തില്‍ പുറത്താകാതെ 43 റണ്‍സ് കണ്ടെത്തി. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ അഭിഷേക് ശര്‍മ പത്ത് പന്തില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു. മുംബൈക്കായി ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രിത് ബുമ്‌റ, മയാങ്ക് മാര്‍കണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
എവിന്‍ ലൂയീസ് ഒഴികെയുള്ള മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടത് വിജയത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് തിരിച്ചടിയായി. വാലറ്റത്ത് ഹര്‍ദിക് പാണ്ഡ്യ, ബെന്‍ കട്ടിങ് എന്നിവരും പൊരുതി നോക്കിയെങ്കിലും വിജയം അകന്ന് നിന്നു. ലൂയീസ് 31 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം 48 റണ്‍സ് അടിച്ചെടുത്ത് ടോപ് സ്‌കോററായപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ 17 പന്തില്‍ 27 റണ്‍സെടുത്തു. അവസാന ഘട്ടങ്ങളില്‍ 20 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 37 റണ്‍സ് വാരി കട്ടിങ് പ്രതീക്ഷ നല്‍കിയെങ്കിലും ഹര്‍ഷല്‍ പട്ടേല്‍ താരത്തെ മാക്‌സ്‌വെല്ലിന്റെ കൈകളിലെത്തിച്ചതോടെ മുംബൈ പ്രതീക്ഷയ്ക്കും തിരശ്ശീല വീണു.
മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ നേപ്പാള്‍ താരം സന്ദീപ് ലമിച്ചനെ, അമിത് മിശ്ര, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ മികച്ച ബൗളിങാണ് മുംബൈ നിരയെ തകര്‍ത്തത്. നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അമിത് മിശ്രയാണ് കളിയിലെ കേമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."