ബാലവേല: തമിഴ് കുട്ടികള്‍ മലപ്പുറത്ത് കസ്റ്റഡിയില്‍
മലപ്പുറം: ബാലവേലക്കെത്തിയ തമിഴ്നാട് സ്വദേശികളായ കുട്ടികള്‍ മലപ്പുറത്ത് കസ്റ്റഡിയില്‍. കല്ലുകൊത്തുന്ന തൊഴിലിലേര്‍പ്പെട്ട രണ്ടു പേരുള്‍പ്പെടെ അഞ്ചു കുട്ടികളെയാണു മലപ്പുറം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് പിടികൂടിയത്. മലപ്പുറം മേല്‍മുറി ഇരുപത്തിയേഴില്‍ രക്ഷിതാക്കളോടൊപ്പം അമ്മി കൊത്തുന്ന തൊഴിലിലേര്‍പ്പെട്ടവരാണ് ഇവര്‍. പത്തും പതിനൊന്നും വയസുകാരായ രണ്ടുകുട്ടികളെ ബാല വേല നിയമപ്രകാരം ഏഴു വയസിനു താഴെയുള്ള പ്രത്യേക പരിഗണന ആവശ്യമായ കേസില്‍ മൂന്നുകുട്ടികളെയുമാണു കസ്റ്റഡിയിലെടുത്തത്.
തമിഴ്നാട് നാമക്കല്‍ ജില്ലക്കാരായ ഇവര്‍ രക്ഷിതാക്കളോടൊപ്പം മേല്‍മുറിയിലെ വാടക കെട്ടിടത്തിലാണു താമസം. തമിഴ്നാട്ടില്‍ സ്കൂള്‍ പടനം നടത്തുന്നതിനിടെയാണു രക്ഷിതാക്കള്‍ക്കൊപ്പം ജോലിതേടി മലപ്പുറത്തെത്തിയത്. കരാര്‍ അടിസ്ഥാനത്തില്‍ റോഡരികില്‍ കല്ലു കൊത്തി ഉപകരണങ്ങള്‍ നിര്മിക്കുകയാണിവര്. അമ്മി നിര്‍മാണത്തിനു ദിവസവും എഴുപതു രൂപയാണു കുട്ടികള്‍ക്കുള്ള കൂലി.
ജില്ലാ ലീഗല്‍ കം പ്രബേഷന്‍ ഓഫിസര്‍ അഡ്വ. കെ.വി.യാസര്‍, പ്രൊബേഷന്‍ ഓഫിസര്‍ പി. മുഹമ്മദ് ഫാസില്‍ എന്നിവരും മലപ്പുറം പൊലിസും ചേര്‍ന്നാണു കുട്ടികളെ കസ്റ്റഡിയിലെടുത്തത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം ഹാരിസ് പഞ്ചിളി മുമ്പാകെ ഹാജരാക്കിയ കുട്ടികളെ ജാമ്യവ്യവസ്ഥയില്‍ രക്ഷിതാക്കളോടൊപ്പം വിട്ടു. ജൂലൈ രണ്ടിനു തവനൂരില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."