പഴമയുടെ നല്ല ഓര്‍മകളിലേക്ക് വെളിച്ചംവീശി ചിത്രപ്രദര്‍ശനം
കോഴിക്കോട്: മഴയും വെയിലും അറിയാതെ കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളില്‍ ആര്‍ത്തുല്ലസിച്ചതും പുഴയില്‍ നീന്തിത്തിമിര്‍ത്തതും കൂട്ടുകാരോടൊപ്പം കുന്നുകളും മലകളും താണ്ടിയതും ഉള്‍പ്പെടെ ഒരു തലമുറയുടെ പഴമയിലേറിയ നല്ല ഓര്‍മകളിലേക്ക് ഒരെത്തി നോട്ടം.
പുതിയ തലമുറക്ക് ടിക്കറ്റെടുത്ത് അനുഭവിച്ചറിയാന്‍ മാത്രം വിധിക്കപ്പെട്ട ഇത്തരം അനുഭവങ്ങള്‍ക്ക് ചിത്രങ്ങളിലൂടെ പുനര്‍ജ്ജനി നല്‍കുകയാണ് സര്‍പാസിങ് ദ ലിമിറ്റ്‌സ് എന്ന പേരില്‍ ലളിത കലാആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച എല്‍ദോസ് ഏഴാറ്റുകൈയുടെ ചിത്രപ്രദര്‍ശനം. ബാല്യകാലത്ത് കൂട്ടുകാരോടൊപ്പം കണ്ടു രസിച്ചിരുന്ന എറണാകുളം പാണിയേലി പോര് വെള്ളച്ചാട്ടം, പെരുമ്പാവൂരിലെ പാണന്‍കുഴി തുടങ്ങിയ സ്ഥലങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നിയന്ത്രണങ്ങള്‍ക്ക് വിധേയമായ സന്ദര്‍ശന സ്ഥലമായി മാറിപ്പോയെന്ന ദു:ഖം അദ്ദേഹം വരയിലൂടെ ആവിഷ്‌കരിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ രണ്ട് തലമുറയെ തന്നെ ബന്ധിപ്പിക്കുന്ന 31 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. പെരുമ്പാവൂര്‍ സ്വദേശിയായ എല്‍ദോസിന് കേരള ലളിത കലാ അക്കാദമിയുടെ അവാര്‍ഡുകളും രാജാ രവിവര്‍മ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഇതിനകം പതിനേഴോളം പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള അദ്ദേഹം ഇപ്പോള്‍ കൊച്ചിയിലെ ഒരു സ്വാകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകനായി ജോലി ചെയ്യുകയാണ്. സോബി വര്‍ഗീസാണ് ഭാര്യ. എഥാനോ എല്‍ദോ, എലാനോ എല്‍ദോ എന്നിവര്‍ മക്കളാണ്. ഇന്നലെ ആരംഭിച്ച പ്രദര്‍ശനം പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു.
ലളിത കലാ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ശ്രീജ പള്ളം, കലാകരന്‍മാരായ താജുദ്ദീന്‍, അശ്വതി മോഹന്‍, ഷാക്കിര്‍ എടവക്കാട് സംബന്ധിച്ചു. പ്രദര്‍ശനം 26ന് സമാപിക്കും.
കോഴിക്കോട്: കേരളത്തിന്റെ പ്രകൃതി ഭംഗിയും മനോഹാരിതയും മറുനാട്ടിലിരുന്ന് ക്യാന്‍വാസില്‍ പകര്‍ത്തിയകലാകാരിയുടെ ചിത്രപ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട്ട്ഗാലറിയില്‍ തുടരുന്നു.
മലപ്പുറം ആലങ്കോട് സ്വദേശിനിയും വര്‍ഷങ്ങളായി ചെന്നൈയിലെ താമസക്കാരിയുമായ ദീപ്തി ജയനാണ് പെയിന്റിങില്‍ വിരിയിച്ച തന്റെ നാടിന്റെ ഭംഗിയുമായി പ്രദര്‍ശനത്തിനെത്തിയിട്ടുള്ളത്. വംഗ്‌സ് ഓഫ് പാഷന്‍ എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം കഴിഞ്ഞ 15നാണ് ആരംഭിച്ചത്. ആര്‍ട്ടിസ്റ്റ് മദനനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ചലച്ചിത്ര താരം കൃഷ്ണ പ്രസാദ്, ചിത്രകാരന്‍ സദു അലിയൂര്‍ സംബന്ധിച്ചു. പ്രദര്‍ശനം 25ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."